മറിയക്കുട്ടി വധക്കേസ്: അന്വേഷണം സിബിഐക്ക്
Published : 22nd February 2018 | Posted By: kasim kzm
ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അഞ്ചുവര്‍ഷത്തോളം നടത്തിയ അന്വേഷണത്തിലും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെയാണ് കേസ് സിബിഐക്കു വിട്ട് ഹൈക്കോടതി ഉത്തരവായത്. മറിയക്കുട്ടിയുടെ മക്കള്‍ അഡ്വ. ഇയാന്‍ സി ചാമക്കാല മുഖേന നല്കിയ ഹരജിയിലാണ് നടപടി. ഡിവൈഎസ്പി റാങ്കിലുള്ള 12ഓളം ഉദ്യോഗസ്ഥര്‍ മാറിമാറി ചുമതലയേറ്റെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവ്, ഡിവൈഎസ്പി യു പ്രേമന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റവും അവസാനമായി ഈ കേസ് അന്വേഷിച്ചത്.
ലോക്കല്‍ പോലിസ് അന്വേഷിച്ചുതുടങ്ങിയ കേസില്‍ നിര്‍ണായകമായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതാണ് കേസ് വഴിമുട്ടാന്‍ കാരണം. പ്രതിയെന്നു സംശയിക്കുന്ന വ്യക്തി പയ്യന്നൂരിലെ ഒരു ജ്വല്ലറിക്ക് മുന്നിലൂടെ നടന്നുപോവുന്ന സിസിടിവി ദൃശ്യം ആദ്യം കേസന്വേഷിച്ച പയ്യന്നൂര്‍ സിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സിഐയുടെ ലാപ്ടോപില്‍നിന്ന് നഷ്ടപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങള്‍ വീണ്ടെടുക്കാ ന് ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഇക്കാര്യം കോടതിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കി. 2012 ലാണ് വീട്ടില്‍ തനിച്ചുതാമസിക്കുകയായിരുന്ന മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.