|    Oct 20 Sat, 2018 5:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മറിയം ഖാത്തൂണിന്റെ കഥ; നമ്മുടെയും

Published : 27th September 2017 | Posted By: fsq

ഉസ്മാന്‍ അന്‍സാരിയെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്ന് ആരും മുന്നോട്ടുവന്നില്ല. സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കിയില്ല. തന്റെ അയല്‍ക്കാര്‍ എങ്ങനെയാണ് തന്നെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത് എന്ന് വിവരിക്കുമ്പോള്‍ വൃദ്ധനായ അന്‍സാരി വിതുമ്പുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ സമുദായക്കാര്‍ക്കിടയില്‍ നിന്നും സഹായം തേടി വാതിലുകള്‍ മുട്ടുകയാണ്. മരുന്നിന് പണം വേണം; പട്ടിണി കിടക്കാതെ കഴിയണം. മക്കളിലൊരാള്‍ ഈ ദുരന്താനുഭവങ്ങളെ തുടര്‍ന്ന് മാനസികനില തെറ്റിയ നിലയിലാണ്. എന്നാലും തിരിച്ചു തന്റെ ഗ്രാമത്തിലെ വീട്ടിലേക്കു തന്നെ പോവുമെന്ന ദൃഢനിശ്ചയത്തിലാണ് അന്‍സാരി. വേറെ എങ്ങോട്ടു പോവാന്‍? ഒരുപക്ഷേ, അവര്‍ വീണ്ടും ആക്രമിക്കുമായിരിക്കും; പക്ഷേ, മറ്റൊരു വഴി മുമ്പിലില്ല. ഗ്രാമത്തില്‍ ഒരു യോഗം നടന്നു; അതാണ് ഞങ്ങള്‍ക്ക് ഏറ്റവും സങ്കടകരമായ അനുഭവമായി തോന്നിയത്. ഏതാണ്ട് 300 പേര്‍ യോഗത്തിന് എത്തിയിരുന്നു. ഞങ്ങള്‍ അന്‍സാരിയുടെ കാര്യങ്ങള്‍ വിവരിച്ചു. പക്ഷേ, ചെയ്തത് തെറ്റായിപ്പോയി എന്ന് ആരും പരിതപിക്കുന്നതായി കണ്ടില്ല. അന്‍സാരി തെറ്റുകാരനാണ് എന്നാണ് അവര്‍ ഉറച്ചു വാദിച്ചത്. എന്തുകൊണ്ടാണ് കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ‘നിരപരാധി’കളെക്കുറിച്ച് ഞങ്ങള്‍ ഒന്നും പറയാത്തത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ദാദ്രിയിലും ഞങ്ങള്‍ ഇതുതന്നെയാണ് കേട്ടത്. മുസ്‌ലിംകള്‍ അപരാധികളാണ്; ഹിന്ദുക്കളാവട്ടെ, ദേശാഭിമാനികളായ നിരപരാധികളും. നീതിക്കും മാനുഷിക വികാരങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ നടത്തിയ അഭ്യര്‍ഥനകള്‍ക്കു പകരമായി ലഭിച്ചത് കോപാകുലമായ വാക്കുകളായിരുന്നു. അങ്ങനെ കുപിതരായവരില്‍ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷ പ്രവര്‍ത്തകരും പോലും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അക്രമത്തില്‍ ആര്‍ക്കും ഒരു മനസ്താപവും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലാം ദിവസം ഞങ്ങളുടെ യാത്ര തുടങ്ങിയത് അപ്രതീക്ഷിതമായ ഒരു അനുഭവത്തോടെയാണ്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഒരു ഗുരുദ്വാരയിലാണ് ഞങ്ങള്‍ രാത്രി ചെലവഴിച്ചിരുന്നത്. ഗുരുദ്വാരാ ഭാരവാഹികള്‍ ഞങ്ങളെ അവരുടെ സവിധത്തിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ യാത്രയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് അവര്‍ യോഗം ചേര്‍ന്നത്. സിഖ് ഗ്രന്ഥങ്ങളില്‍ നിന്നും ഗുരുനാനാക്കില്‍ നിന്നും കബീറില്‍ നിന്നുമാണ് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. സ്‌നേഹത്തിനു വേണ്ടിയുള്ള ഈ ദേശാടനം ഇന്നത്തെ വെറുപ്പിന്റെ അന്തരീക്ഷത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 1947ലെ കലാപങ്ങള്‍ക്കു ശേഷമാണ് ഈ സിഖ് ഗുരുദ്വാര ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയൊരു സമുദായം. 1947ലും 1984ലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഇരകളായിരുന്നു അവര്‍. പിന്നീട് ഞങ്ങള്‍ പോയത് രാംഗഡ് ജില്ലയിലെ മനുവ ഗ്രാമത്തിലേക്കാണ്. അവിടെയാണ് മറിയം ഖാത്തൂണ്‍ എന്ന കരുത്തയായ സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടിയത്. രാംഗഡ് മാര്‍ക്കറ്റില്‍ വച്ച് രണ്ടുമാസം മുമ്പ് ജനക്കൂട്ടം അവരുടെ ഭര്‍ത്താവിനെ തല്ലിക്കൊല്ലുകയായിരുന്നു. 2017 ജൂണ്‍ 27നാണ് കല്‍ക്കരി കച്ചവടക്കാരനായ അമിലുദ്ദീന്‍ അന്‍സാരി വീട്ടില്‍ നിന്നു കാറില്‍ പുറപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ 17കാരനായ മകന്‍ ഷഹബാന് ലഭിക്കുന്നത് ഒരു വാട്‌സ് ആപ്പ് വീഡിയോയാണ്; ഗോസംരക്ഷകരായ ഒരുകൂട്ടം യുവാക്കള്‍ സ്വന്തം പിതാവിനെ അടിച്ചുകൊല്ലുന്ന വീഡിയോ. ഭ്രാന്തുപിടിച്ച പോലെയാണ് ഷഹബാന്‍ മോട്ടോര്‍ സൈക്കിളില്‍ അങ്ങോട്ടു കുതിച്ചത്. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പെട്ടു. സഹോദരനായ ഷെഹ്‌സാദിനെ വിളിച്ച് അമ്മയെയും കൂട്ടി രണ്ടുപേരും പട്ടണത്തിലെത്തി. തങ്ങളുടെ കാര്‍ നഗരമധ്യത്തില്‍ മറിച്ചിട്ടു തീയിട്ട നിലയില്‍ അവര്‍ കണ്ടു. ചുറ്റിലും ചോര പടര്‍ന്നുകിടന്നിരുന്നു. പോലിസ് തങ്ങളുടെ പിതാവിനെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് അവിടെ കൂടിയിരുന്നവരില്‍ നിന്നും അവര്‍ മനസ്സിലാക്കി. അവര്‍ ധൃതിയില്‍ റാഞ്ചിയിലെത്തി. മര്‍ദനത്തിനിടയില്‍ തന്നെ തങ്ങളുടെ പിതാവ് മരിച്ചിരുന്നുവെന്ന് അവര്‍ മനസ്സിലാക്കി. പോലിസ് രഹസ്യമായി പോസ്റ്റ്‌മോര്‍ട്ടം നടത്തി; ശരീരം ഒരുനോക്ക് കാണാന്‍ പോലും കുടുംബത്തെ അനുവദിക്കാതെ. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നുവരെ അവര്‍ കുടുംബത്തിനു നല്‍കിയിട്ടില്ല. പലതവണ പോലിസ് അധികാരികളെ കണ്ടശേഷമാണ് മൃതദേഹം മറവു ചെയ്യാനായി പാതിരാ കഴിഞ്ഞ് അവര്‍ക്കു വിട്ടുകൊടുത്തത്. ഇപ്പോള്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ വെറുപ്പിന്റെ പുതിയൊരു പ്രതീകം കാണാന്‍ കഴിയുന്നുണ്ട്- അക്രമത്തിന്റെ വീഡിയോ ദൃശ്യം. അമിലുദ്ദീന്റെ മക്കള്‍ തങ്ങളുടെ ഫോണില്‍ കണ്ട വീഡിയോ ഞങ്ങളും കണ്ടു. ഭയാനകമായ ദൃശ്യങ്ങള്‍. ഇവ പകര്‍ത്തിയത് അക്രമികള്‍ തന്നെയായിരുന്നു. മൃതപ്രായനായ മനുഷ്യന്‍ ജീവനുവേണ്ടി യാചിക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുകയാണ്; അയാള്‍ ഒരു നാടകത്തിലെ കഥാപാത്രമോ ടിവി റിയാലിറ്റി ഷോയിലെ അഭിനേതാവോ ആണെന്ന മട്ടില്‍. ഒരവസരത്തില്‍, മരിക്കുന്ന ഈ മനുഷ്യന്റെ മുഖം ഒരു പയ്യന്‍ പിടിച്ചു തിരിക്കുന്നു; വീഡിയോക്കാരന് നല്ല ഒരു ദൃശ്യം ലഭ്യമാക്കുന്നതിനു വേണ്ടി. ഈ വേളയിലൊന്നും ഒരാള്‍ പോലും അയാളെ സഹായിക്കാനായി മുന്നോട്ടുവരുന്നില്ല.കൊല്ലപ്പെട്ട മനുഷ്യന്റെ കുടുംബത്തെ സഹായിക്കാനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചെറിയ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് നിര്‍ത്തി. അക്രമം നടത്തുന്നതായി വീഡിയോയില്‍ കാണുന്നവരെ പോലിസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവാക്കള്‍ പ്രകടനം നടത്തി. പ്രതിഷേധിച്ചവര്‍ക്കെതിരേ പോലിസ് കേസുകള്‍ ചാര്‍ജ് ചെയ്തു. അവര്‍ 25 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. അക്രമികളില്‍ ചിലരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. പക്ഷേ, എത്രയോ പേര്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്. അന്‍സാരിയെ ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍ പോലിസിന്റെ ഫൈബര്‍ ഗ്ലാസ് ലാത്തിപോലെയുള്ള ഒന്നുകൊണ്ട് മര്‍ദിക്കുന്ന ഒരു യുവാവിനെയും ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ മറിയം ഖാത്തൂണിനെ കണ്ടപ്പോള്‍ ആത്മനിയന്ത്രണത്തോടെയാണ് അവര്‍ സംസാരിച്ചത്. ഒരേയൊരു അവസരത്തിലാണ് അവര്‍ ഏങ്ങലടിച്ചത്: ഭര്‍ത്താവിന്റെ മൃതദേഹം പോലും വിട്ടുതരാന്‍ പോലിസ് കാണിച്ച അമാന്തത്തെക്കുറിച്ച് ഓര്‍മിക്കുന്ന വേളയില്‍. ‘എനിക്കു വേണ്ടത് നീതി മാത്രമാണ്’- അവര്‍ വീണ്ടും വീണ്ടും പറഞ്ഞു. ”എന്റെ ഭര്‍ത്താവിനെ അടിച്ചുകൊന്നവര്‍ ശിക്ഷിക്കപ്പെടണം. പ്രതികാരത്തിനു വേണ്ടിയല്ല ഞാനിതു പറയുന്നത്. എന്റെ കുട്ടികള്‍ അനുഭവിച്ച വേദന മറ്റൊരാള്‍ അനുഭവിക്കാന്‍ ഇടവരരുത്.”മറിയം ഖാത്തൂണിനെയും കുടുംബത്തെയും കണ്ടശേഷം രാംഗഡില്‍ ഞങ്ങള്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ഒരേയൊരു ആശ്വാസം, ഗിരിധില്‍ തലേന്ന് കേട്ടപോലെ ആരും അവിടെ അക്രമത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവരുകയുണ്ടായില്ല. ചിലരെങ്കിലും എന്നോടു യോജിക്കുകയും ചെയ്തു. അക്രമം നടന്നപ്പോള്‍ തന്നെ അതിനെ അപലപിക്കേണ്ടതായിരുന്നു; മൗനമായിരുന്നത് ശരിയായിരുന്നില്ല. ഈ അക്രമത്തില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തം നല്‍കുന്ന പ്രവൃത്തിയായിപ്പോയി അതിനെതിരേ മൗനം പാലിച്ചത് എന്ന കുറ്റസമ്മതമായിരുന്നു അത്. ഇത്തരം അക്രമങ്ങള്‍ക്കെതിരേ ഒരു ജനകീയ സമിതി രൂപീകരിക്കുമെന്നും ഇരകളെ സഹായിക്കാന്‍ ശ്രമം നടത്തുമെന്നും യോഗത്തില്‍ അവര്‍ ഉറപ്പുനല്‍കി. വൈകീട്ടാണ് ഞങ്ങള്‍ റാഞ്ചിയിലെത്തിയത്. ഇവിടെ ക്രൈസ്തവ സമുദായം ഒരു വലിയ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടായിരുന്നു. ജാര്‍ഖണ്ഡ് നിയമസഭ ഈയിടെ അംഗീകരിച്ച മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ പ്രതിഷേധിക്കാനാണ് അവര്‍ സമ്മേളനം വിളിച്ചുചേര്‍ത്തത്. വളരെ ചെറിയൊരു സമുദായമാണ് ക്രിസ്ത്യാനികള്‍ ഇവിടെ. അവരെ ചകിതരാക്കാനാണ് ഈ നിയമം കൊണ്ടുവന്നത് എന്നാണ് സമുദായനേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ആദിവാസി കുടുംബങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമവും അതിനു പിന്നിലുണ്ട്. കാരണം, പല കുടുംബങ്ങളിലും പരമ്പരാഗത ആദിവാസി സമ്പ്രദായങ്ങളുമായി കഴിഞ്ഞുകൂടുന്നവരും ക്രൈസ്തവ വിശ്വാസം പുല്‍കിയവരും ഹിന്ദു എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുമൊക്കെ ഒന്നിച്ചു കഴിയുന്നുണ്ട്. ജനങ്ങളുടെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആ സമ്മേളനം ചര്‍ച്ച ചെയ്തത്- പാര്‍ശ്വങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ചിന്താശീലരായ ജനങ്ങളുടെയും ഐക്യം; അക്രമത്തിനും വിവേചനത്തിനും ഭീതിപരത്തലിനുമെതിരായ ജനകീയ ഐക്യം. പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ത്താനുള്ള യോജിച്ച ശ്രമങ്ങള്‍.                ി(അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss