|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മറവിയാണോ മതേതര ചികില്‍സ?

Published : 6th December 2018 | Posted By: kasim kzm

ഇ എം അബ്ദുര്‍റഹ്മാന്‍

ഇന്നു ബാബരി ദിനം. 26 വര്‍ഷം മുമ്പ് ഇതേ ദിവസം അയോധ്യയില്‍ ബാബരി മസ്ജിദ് ഓര്‍മയായി. ഒരു ചരിത്ര സ്മാരകത്തിന്റെ, ദേശീയ പ്രതീകത്തിന്റെ രക്തസാക്ഷിത്വം. സരയൂ നദിയുടെ തീരം രാഷ്ട്രപിതാവിന്റെ കൊലപാതകത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനു സാക്ഷിയായി. അവര്‍ ഗോഡ്‌സെയുടെ പിന്‍മുറക്കാരായിരുന്നുവെന്നത് യാദൃച്ഛികമല്ല. മതവിദ്വേഷവും വംശവെറിയും അടിത്തറയാക്കിയ ഇന്ത്യന്‍ ഫാഷിസം അവിടെ വിജയപതാക നാട്ടി.
ഒരു രാഷ്ട്രത്തിന്റെ കൂട്ടക്കുമ്പസാരമാണ് പിന്നീടു നാം കണ്ടത്. സംഘപരിവാര നേതാക്കള്‍ ഒഴികെ രാഷ്ട്രം ഒന്നായി മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തകര്‍ക്കപ്പെട്ട മസ്ജിദ് അതേ സ്ഥാനത്തു പുനര്‍നിര്‍മിച്ചു മുസ്‌ലിംകള്‍ക്കു നല്‍കുക മാത്രമാണ് പ്രായശ്ചിത്തമെന്ന് ഒരേ സ്വരത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കി. ബുദ്ധിജീവികള്‍ പ്രസ്താവനയിറക്കി. പത്രങ്ങള്‍ മുഖലേഖനമെഴുതി. പൂജാമുറിയില്‍ കയറി അതിക്രമം പൂര്‍ത്തിയാവുന്നതുവരെ മൗനവ്രതമാചരിച്ച പ്രധാനമന്ത്രി നരസിംഹറാവു പോലും പൊളിച്ച പള്ളി പണിതുതരാമെന്നു പിറ്റേന്നു വാക്കു നല്‍കി.
തുടര്‍ന്നുള്ള 26 വര്‍ഷങ്ങള്‍ക്കിടെ സരയൂ നദിയിലൂടെ ഒരുപാടു വെള്ളമൊഴുകി. ഒപ്പം എല്ലാ വാഗ്ദാനങ്ങളും ഒഴുകിപ്പോയി. കോടതി ഉത്തരവിന്റെ ബലത്തില്‍ പള്ളി നിലംപൊത്തിയ സ്ഥലത്ത് ഇപ്പോള്‍ താല്‍ക്കാലിക ക്ഷേത്രം ഒരു കൊടുംപാതകത്തിന്റെ അപമാനഭാരത്താല്‍ തല താഴ്ത്തി നിലനില്‍ക്കുന്നു. ഉടമാവകാശം സംബന്ധിച്ചു 1961 മുതല്‍ നടന്നുവരുന്ന കേസ് അന്തിമ വിധി കാത്ത് ഇപ്പോഴും സുപ്രിംകോടതിയിലാണ്. ഇതിനിടെ 2010 സപ്തംബര്‍ 30ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചില്‍ നിന്നു സ്ഥലം മൂന്നായി പകുത്തുകൊണ്ടുള്ള വിചിത്ര വിധിന്യായമുണ്ടായി. ആ വിധിയിലുമുണ്ടായി അതിവര്‍ഗീയതയുടെ അതിപ്രസരം. സ്ഥലം മൂന്നില്‍ രണ്ടു ഭാഗം ഹിന്ദുവിഭാഗങ്ങള്‍ക്കും മൂന്നിലൊന്നു മാത്രം മുസ്‌ലിംകള്‍ക്കുമെന്ന അസംബന്ധം.
കൊടുംപാതകത്തിനു നേരിട്ടു നേതൃത്വം നല്‍കിയ മുന്‍നിര നേതാക്കള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ 1992 മുതല്‍ കോടതി ഫയലുകളില്‍ ചത്തുകിടക്കുന്നു. പ്രതികള്‍ പിന്നീട് ഇന്ത്യയുടെ ഭരണകര്‍ത്താക്കളായി വിലസി. വര്‍ഗീയ വിഷം ചീറ്റി ഇപ്പോഴും അവര്‍ രാഷ്ട്രസേവനം തുടരുന്നു. ടാഡ, പോട്ട, യുഎപിഎ തുടങ്ങിയ നിയമങ്ങളൊക്കെയും അവര്‍ക്കു മുന്നില്‍ ഓച്ചാനിച്ചുനില്‍പാണ്. ഭീകരമുദ്ര ചാര്‍ത്തി നിരവധി നിരപരാധികളെ പാര്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ ജയിലുകള്‍ ബാബരി ഘാതകര്‍ക്കു വിലക്കപ്പെട്ടിരിക്കുന്നു.
ബാബരി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? 26 വര്‍ഷം പിന്നിട്ടപ്പോള്‍ മസ്ജിദ് ധ്വംസനം മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി ചുരുങ്ങിയത് ഒരു കുറ്റം തന്നെയാണ്. എന്നാല്‍, അത് ആരുടെ കുറ്റമാണ്? ഏറെ വിചിത്രമായിട്ടുള്ളത്, ബാബരി മസ്ജിദ് മറക്കാതിരിക്കുന്നതും ബാബരി വാര്‍ഷികം അനുസ്മരിക്കുന്നതും ചിലപ്പോള്‍ ചിലയിടങ്ങളിലെങ്കിലും കുറ്റകൃത്യമായി കാണുന്നുവെന്നതാണ്. ഒരു ദേശീയ പ്രശ്‌നം സമുദായ പ്രശ്‌നമായി ചുരുങ്ങിയതിന്റെ ഉത്തരവാദിത്തം മതേതരത്വം ഉരുവിടുന്ന സര്‍ക്കാരുകളും കക്ഷികളുമാണ് ഏറ്റെടുക്കേണ്ടത്.
ഇന്നു വിശ്വാസത്തകര്‍ച്ചയുടെ 26 വര്‍ഷമാണ് പൂര്‍ത്തിയാവുന്നത്. ജനതയും ഭരണഘടനയും ഭരണകര്‍ത്താക്കളില്‍ ഏല്‍പിച്ച വിശ്വാസത്തിന്റെയും, മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കു ഭരണകര്‍ത്താക്കളിലും രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള വിശ്വാസത്തിന്റെയും തകര്‍ച്ച. ഒരേസമയം രാഷ്ട്രവഞ്ചനയുടെയും സമുദായവഞ്ചനയുടെയും ഓര്‍മ പുതുക്കല്‍. വിചാരണ ചെയ്യപ്പെടുന്നത് രാഷ്ട്രീയ മുഖ്യധാരയിലുള്ള എല്ലാ പാര്‍ട്ടികളുടെയും മതേതര കാപട്യമാണ്. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണമെന്ന ദേശീയ ഉത്തരവാദിത്തത്തെ സ്വന്തം അജണ്ടയില്‍ നിന്നു വെട്ടിമാറ്റിയ പാര്‍ട്ടികള്‍, മുസ്‌ലിംകള്‍ അക്കാര്യം മറക്കണമെന്ന് ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നു. ഇതില്‍പരമെന്തു നെറികേട്?
ഹിന്ദുത്വ പാര്‍ട്ടികള്‍ വര്‍ഗീയതയോടു പുലര്‍ത്തുന്ന പ്രതിബദ്ധത മറ്റു പാര്‍ട്ടികള്‍ക്കു തങ്ങള്‍ ഉരുവിടുന്ന മതേതരത്വത്തോട് ഇല്ലാതെപോവുന്നത് മുസ്‌ലിംകളുടെ കുറ്റം കൊണ്ടല്ല. ഒരു വിദൂരസാധ്യതയാണെങ്കിലും, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്തു സ്ഥിരം ക്ഷേത്രം നിര്‍മിക്കാന്‍ തന്നെ ഒരുപക്ഷേ സാധിച്ചേക്കാം. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം ഒരു വിദൂര സാധ്യത മാത്രവുമാകാം. എന്നാല്‍, ചരിത്രത്തില്‍ തിരുത്തപ്പെടാത്ത ഒരേയൊരു തെറ്റല്ല ബാബരി ധ്വംസനം. അതിനര്‍ഥം തെറ്റിനോടു രാജിയാവണമെന്നല്ല. വഴിദൂരവും വഴിതടസ്സങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നു പിന്തിരിയാനുള്ള മതിയായ കാരണങ്ങളല്ല.
മാനവതയുടെ നിലനില്‍പു തന്നെ നീതിയുടെ അസ്തിവാരങ്ങളിലാണ്. വരുംതലമുറകളിലേക്കു പകര്‍ന്നുകൊടുക്കേണ്ടതാണ് മറവിക്കെതിരായ കലാപത്തിന്റെ ഈ സന്ദേശം. അതിനാല്‍, നമുക്കു മറക്കാതിരിക്കുക: ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6. 1428 മുതല്‍ 1949 വരെ ഫൈസാബാദിലെ മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുവന്ന പള്ളി തകര്‍ക്കുമ്പോള്‍ അത് ആസൂത്രണം ചെയ്തവര്‍ക്കു ചില സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാലം സാക്ഷി, അവ മിഥ്യാസ്വപ്‌നങ്ങളാണെന്നു കടന്നുപോവുന്ന ഓരോ ഡിസംബര്‍ 6കളും അവരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ബാബരി മസ്ജിദില്‍ ചെയ്ത അക്രമമെന്നു സമൂഹത്തിന്റെ മനസ്സാക്ഷി ഇന്നും ഉദ്‌ഘോഷിക്കുന്നു. ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വത്തിന്റെ 26 വര്‍ഷങ്ങള്‍ രാജ്യത്തെ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഒരാള്‍ക്കും നിരാകരിക്കാനാവില്ല. കാലം കഴിയുംതോറും അതു സൃഷ്ടിക്കുന്ന പ്രകമ്പനം കൂടുതല്‍ ശക്തമായിക്കൊണ്ടേയിരിക്കും.
ഡിസംബര്‍ 6 ഒരു പ്രതീകമായി മാറുന്നു: 26 വര്‍ഷത്തെ മാത്രമല്ല, നീണ്ട 69 വര്‍ഷക്കാലത്തെ നീതിനിഷേധത്തിന്റെ. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളിയുടെ മതില്‍ ചാടി അകത്തുകടന്ന് അന്യായമായി മിഹ്‌റാബില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചവര്‍ക്കെതിരേ നീതിപീഠം എന്തു നടപടിയെടുത്തു? (മിഹ്‌റാബില്‍ ശ്രീരാമവിഗ്രഹം സ്വയംഭൂവായി എന്ന വാദമാണ് അവിടെ രാമജന്മഭൂമിയാണെന്നതിനു തെളിവായി ഹിന്ദുത്വര്‍ എഴുതിയതും പ്രസംഗിച്ചതും. ഈ സ്വയംഭൂവാദം പച്ചക്കള്ളമാണെന്നും, പള്ളിയില്‍ അന്യായമായി അതിക്രമിച്ചുകടന്ന സംഘം വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും പോലിസ്-കോടതിരേഖകള്‍ തെളിയിക്കുന്നു. ലിബര്‍ഹാന്‍ കമ്മീഷന്‍ ഇതു സ്ഥിരീകരിച്ചു. അലഹാബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിയും ഇക്കാര്യം പകല്‍വെളിച്ചം പോലെ വ്യക്തമാക്കി). ഇതാണോ നിയമവാഴ്ചയുള്ള മതേതര ജനാധിപത്യ സമൂഹത്തിലെ നീതി?
പള്ളി തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തു? ബാബരി ധ്വംസനത്തിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദികളായവര്‍ക്കു നേരെ എന്തു നടപടികളെടുത്തു? ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ വരുംതലമുറകളില്‍ ഈ ചോദ്യം ഉയര്‍ത്തുക തന്നെ ചെയ്യും. 17 വര്‍ഷം കഠിനാധ്വാനം നടത്തി ജസ്റ്റിസ് ലിബര്‍ഹാന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്നവര്‍ ആരുടെ താല്‍പര്യമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാവുന്നു. ി

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss