|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മറവിക്കെതിരേ ഓര്‍മയുടെ പ്രതിരോധം തീര്‍ത്ത് ബാബരി സമ്മേളനം

Published : 5th December 2018 | Posted By: kasim kzm

എച്ച് സുധീര്‍

കൊച്ചി: ഫാഷിസ്റ്റുകളുടെ കരാളഹസ്തങ്ങളാല്‍ തച്ചുതകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നുനല്‍കി പണ്ഡിതസമൂഹത്തിന്റെ ഒത്തുചേരല്‍ അവിസ്മരണീയമായി. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന വര്‍ഗീയകോമരങ്ങള്‍ തകര്‍ത്തെറിഞ്ഞതിനെ വിസ്മൃതിയിലാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ഓര്‍മയിലൂടെ പ്രതിരോധം തീര്‍ത്ത അവര്‍, വിശാലമായ മറൈന്‍ ഡ്രൈവ് മൈതാനിയെ ശുഭ്രക്കടലാക്കി. ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല, മസ്ജിദാണ് നീതിയെന്ന പ്രമേയത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ബാബരി സമ്മേളനം അക്ഷരാര്‍ഥത്തില്‍ അനീതിക്കെതിരായ ഐക്യപ്പെടലാവുകയായിരുന്നു.
ബാബരി മസ്ജിദിന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന സദസ്സിലേക്ക് അറബിക്കടലിനെ സാക്ഷിയാക്കി ഒഴുകിയെത്തിയ ജനസാഗരം നിതീനിഷേധത്തിനെതിരായ പുതിയൊരു സമരചരിത്രമാണു രചിച്ചത്. ഫാഷിസത്തിന്റെ നെറികേടുകള്‍ക്കെതിരായ പണ്ഡിതസമൂഹത്തിന്റെ സമരപ്രഖ്യാപനത്തിന് പിന്തുണയുമായി പതിനായിരങ്ങളാണ് മറൈന്‍ ഡ്രൈവിലേക്ക് ഇരമ്പിയെത്തിയത്. ഉച്ചയോടെ തന്നെ മറൈന്‍ഡ്രൈവും പരിസരവും ജനനിബിഡമായി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ബാബരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. ബന്ദ്വ മുക്തി മോര്‍ച്ച ചെയര്‍മാന്‍ സ്വാമി അഗ്നിവേശ് മുഖ്യാതിഥിയായിരുന്നു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഖജാഞ്ചി വി എം ഫത്തഹുദീന്‍ റഷാദി ബാബരി ചരിത്രം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്, പിഡിപി വൈസ് പ്രസിഡന്റ് മാഹീന്‍ ബാദുഷാ മൗലവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, മെക്ക ജനറല്‍ സെക്രട്ടറി എന്‍ കെ അലി, ഓള്‍ ഇന്ത്യ മുസ്്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ അല്‍ഖാസിമി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് ഷഫീഖ് അല്‍ ഖാസിമി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss