|    Nov 24 Fri, 2017 10:28 pm
FLASH NEWS

മറഞ്ഞത് ആറരപതിറ്റാണ്ട് താഴെഅങ്ങാടിക്കാരെ ഊട്ടിയ അലവിക്ക

Published : 30th November 2016 | Posted By: SMR

വടകര: താഴെഅങ്ങാടിയുടെ കേന്ദ്രമായ കോതിബസാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത് ഹോട്ടല്‍ ഡീലക്‌സിന്റെ ഉടമ അലവിക്കെ ഇന്നലെ വിടപറഞ്ഞത് ആറര പതിറ്റാണ്ടോളം ഇവിടത്തുകാര്‍ക്ക് ഭക്ഷണമേകിയാണ്. തന്റേയും കെട്ടിടത്തിന്റെയും അവശത കാരണം രണ്ട് വര്‍ഷം മുമ്പായിരുന്നു ആറര പതിറ്റാണ്ടിന്റെ ജനകീയസേവനത്തിന് അലവിക്ക വിരാമമിട്ടത്. ഹോട്ടല്‍ കെട്ടിടമുടമയ്ക്ക് തിരിച്ച് നല്‍കുകയായിരുന്നു. അലവിക്കയുടെ രുചിയറിയാത്ത കൊച്ചുകുട്ടിപോലും താഴെഅങ്ങാടിയിലുണ്ടാവില്ല. അലവിക്കയുടെ പറ്റ്ബുക്കില്‍ പേര് വരാത്തവരും അങ്ങാടിയില്‍ വിരളമായിരിക്കും. എവിടെയും വില്‍പനയില്ലാത്ത രണ്ട് ചായ മൂന്നിലെന്ന കച്ചവട രീതിയും ഡീലക്‌സ് ഹോട്ടലില്‍ നിന്നു തുടങ്ങിയതാണെന്ന് വേണം പറയാന്‍. കല്യാണം, വീട് വില്‍പന, പ്രശ്‌നങ്ങളുടെ മധ്യസ്ഥത തുടങ്ങി പ്രദേശത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി ആദ്യാകാല നാട്ടുമൂപ്പന്‍മാരും മറ്റും ഒരുമിക്കുന്ന കേന്ദ്രം കൂടിയാണ് അലവിക്കയുടെ ഹോട്ടല്‍ ഡീലക്‌സ്. ചായകുടിച്ച് പൈസ കൈയിലില്ലെങ്കിലും അലവിക്കാക്ക് പ്രശ്‌നമേയല്ല. നേരം പുലര്‍ച്ചെ തുടങ്ങുന്ന ഡീലക്‌സിലെ ഹോട്ടലിലെ ഭക്ഷണവിളമ്പല്‍ ആരവം പാതിരാവിലാണ് അവസാനിക്കുക. ഒരുദിവസം ഏകദേശം 22 മണിക്കൂറോളം ഡീലക്‌സ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. കാലങ്ങളായി സംസ്ഥാനത്തും മറ്റുമുണ്ടാവുന്ന ഹര്‍ത്താലുകളില്‍ താഴെഅങ്ങാടിയില്‍ ബാധിക്കാത്തത് മൂലം ഡീലക്‌സ് ഹോട്ടലിനെ തേടി വടകരക്ക് പുറത്ത് നിന്നുള്ളവരും വരുന്ന കാലുമുണ്ടായിരുന്നു. രോഗബാധിതനായ അലവിക്ക ഇന്നലെ വിടപറഞ്ഞതോടെ ആറര പതിറ്റാണ്ട് താഴെഅങ്ങാടിയുടെ ഹൃദയം തൊട്ടറിഞ്ഞ പുഞ്ചിരിയാണ് ഓരോരുത്തരുടെയും മനസില്‍ എന്നതില്‍ സംശയമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക