|    Jan 22 Sun, 2017 12:59 am
FLASH NEWS

മറക്കാനാവാത്ത ഒരു മുത്തം

Published : 11th May 2016 | Posted By: SMR

ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി

ചവറയില്‍ ഷിബു ബേബിജോണിന്റെ തിരഞ്ഞെടുപ്പു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രാഹുല്‍ കൃഷ്ണന്‍ എന്ന ഏഴാം ക്ലാസുകാരന്‍ സ്റ്റേജിലേക്ക് ഓടിക്കയറിവന്ന് കെട്ടിപ്പിടിച്ച് എനിക്കൊരു മുത്തം തന്നു. മെനഞ്ചൈറ്റിസ് രോഗം വന്ന് അസ്ഥിപഞ്ജരമായി കട്ടിലില്‍ കിടന്നിരുന്ന രാഹുല്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച സഹായത്താലാണത്രെ.
എവിടെപ്പോയാലും ഇത്തരം അനുഭവങ്ങള്‍ പുതുമയല്ല. ഒരുപാട് സ്‌നേഹസ്പര്‍ശങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഏറ്റവും സായൂജ്യം ലഭിച്ചത് ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ടുണ്ടായ റിസള്‍ട്ടിലാണ്. ഇതുവരെ ഏതു സര്‍ക്കാര്‍ ചെയ്തതിനും മേലെ ഈ സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളെ എത്തിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലൂടെ 645 കുട്ടികളുടെ സംസാര/കേള്‍വി ശേഷി വീണ്ടെടുക്കാന്‍ സാധിച്ചു. ഇതുവരെ 30.61 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഒരു കോക്ലിയാര്‍ ഇംപ്ലാന്റേഷനും തുടര്‍പരിചരണത്തിനും വേണ്ട അഞ്ചുലക്ഷം രൂപയുടെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്നു. കേള്‍വി ത്കരാര്‍ നേരത്തേ കണ്ടുപിടിക്കാനുള്ള സ്‌ക്രീനിങ് സംവിധാനം 40 സര്‍ക്കാര്‍ ആശുപത്രികളില്‍ തുടങ്ങി.
യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യ ലോട്ടറിയില്‍നിന്നു ലഭിച്ച വരുമാനത്തില്‍നിന്ന് 1,200 കോടി രൂപയാണ് പാവപ്പെട്ട രോഗികള്‍ക്കു വിതരണം ചെയ്തത്. ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് കാരുണ്യ ലോട്ടറി പുനര്‍ജന്മം നല്‍കി. പുതുതായി തുടങ്ങിയ സ്ത്രീശക്തി ലോട്ടറിയിലൂടെ 250 കോടി രൂപ പ്രതിവര്‍ഷം കഷ്ടതയനുഭവിക്കുന്ന സ്ത്രീകളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും വിവാഹ ധനസഹായം, വിധവകള്‍ക്കുള്ള ധനസഹായം എന്നിവയ്ക്കും വിനിയോഗിക്കും.
ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം മൂന്നിരട്ടിയാക്കുകയും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും ശമ്പളം നല്‍കുന്നതുപോലെ യഥാസമയം അതു വിതരണം ചെയ്യുകയും ചെയ്യുന്നു. ഇടതു സര്‍ക്കാരിന്റെ കാലത്ത് 12.90 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മൂന്നിരട്ടിയാക്കി 34.43 ലക്ഷം പേര്‍ക്കു നല്‍കുന്നു. മുന്‍ സര്‍ക്കാര്‍ ഒരുവര്‍ഷം 592 കോടി രൂപ ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നിടത്ത് യുഡിഎഫ് ഒരു വര്‍ഷം 3,116 കോടി രൂപ നല്‍കി. ഇടതുസര്‍ക്കാര്‍ എല്ലാ വിഭാഗത്തിലും 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ 600 മുതല്‍ 1,500 വരെയുള്ള വിവിധ സ്ലാബുകളിലാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. തൊഴില്‍വകുപ്പ് ഏഴുലക്ഷം പേര്‍ക്കും കൃഷിവകുപ്പ് 3.35 ലക്ഷം ചെറുകിട കര്‍ഷകര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇന്ന് പാവപ്പെട്ടവരുടെ അത്താണിയാണ്. മുന്‍ സര്‍ക്കാര്‍ ആകെ വിതരണം ചെയ്തത് 120.24 കോടി രൂപയാണെങ്കില്‍ ഈ സര്‍ക്കാര്‍ 798 കോടി രൂപ നല്‍കി. 7.89 ലക്ഷം പരാതികള്‍ക്കു പരിഹാരം കണ്ടു. ഇടതുസര്‍ക്കാര്‍ 2006ലെ പ്രകടനപത്രികയില്‍ രണ്ടുരൂപ അരി വാഗ്ദാനം ചെയ്തിട്ട് ബിപിഎല്ലുകാര്‍ക്ക് നടപ്പാക്കിയത് നാലുവര്‍ഷം കഴിഞ്ഞ് 2010 ഒക്‌ടോബറിലും എപിഎല്ലുകാര്‍ക്ക് നല്‍കിയത് 2011 മാര്‍ച്ചിലുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ സൗജന്യമായാണ് അരി നല്‍കുന്നത്. സൗജന്യ അരി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമാണിന്നു കേരളം. നമ്മുടെ സംസ്ഥാനത്ത് പട്ടിണി ഇല്ലാതായത് ഈ ഒരൊറ്റ തീരുമാനത്തിലൂടെയാണ്.
അത്യന്തം ആഹ്ലാദം ലഭിച്ച മറ്റൊരു പദ്ധതി ആശ്രയയുടെ വിജയകരമായ നടത്തിപ്പാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിനുവേണ്ടി നടപ്പാക്കിയ ഈ പദ്ധതിയില്‍ ഒന്നരലക്ഷം കുടുംബങ്ങളെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ആശ്രയ പദ്ധതി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കി. ഒന്നാംഘട്ടത്തില്‍ വിട്ടുപോയവരെക്കൂടി ചേര്‍ത്ത് രണ്ടാംഘട്ടം നടപ്പാക്കിവരുകയാണ്. രോഗികളും വൈകല്യമുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ വ്യക്തികള്‍ക്ക് പരിചരണം, ഭക്ഷണം, സാന്ത്വനം, മരുന്ന് തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കുന്ന കനിവ് പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് ആക്കി സൗജന്യ വിദ്യാഭ്യാസം നല്‍കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. ഇവര്‍ക്ക് പഠിക്കാന്‍ സ്വകാര്യ എയ്ഡഡ് സ്‌കൂളുകളേ ഉള്ളൂ. സമൂഹത്തിന്റെ പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണിവര്‍. ഇതില്‍ വരെ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രംഗത്തുവന്നത് എന്നെ അദ്ഭുതപ്പെടുത്തി.
ഹീമോഫീലിയ രോഗികള്‍ക്ക് ദാരിദ്ര്യരേഖ പരിഗണിക്കാതെ മാസാന്തം 1,000 രൂപ ധനസഹായവും ആജീവനാന്തം സൗജന്യ ചികില്‍സയും നല്‍കുന്നു. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ വൈദ്യുതിയും സൗജന്യം. വ്യക്തിക്കോ കുടുംബത്തിനോ ഒരു പ്രതിസന്ധി ഉണ്ടായാല്‍ ഈ സര്‍ക്കാര്‍ കൂടെയുണ്ട് എന്നതാണ് ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. നിങ്ങളെ സഹായിക്കാനും നിങ്ങളെ താങ്ങിനിര്‍ത്താനും സര്‍ക്കാരിന്റെ കരുത്തുറ്റ കരങ്ങള്‍ ഓടിയെത്തും. സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങളിലും ഈ ആത്മവിശ്വാസം പകര്‍ന്നുകൊടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു സാധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക