|    Dec 12 Tue, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മര്‍ദ്ദനമേറ്റ സിപിഎം മുന്‍ നേതാവ് മരിച്ചു; ഈരാറ്റുപേട്ടയില്‍ ഇന്ന് ഹര്‍ത്താല്‍

Published : 6th August 2016 | Posted By: SMR

ഈരാറ്റുപേട്ട: സിപിഎമ്മിലെ ചേരിപ്പോരില്‍ മര്‍ദ്ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി ഈരാറ്റുപേട്ട പത്താഴപ്പടി കുന്നുംപുറത്ത് നസീര്‍(56) മരിച്ചു. കഴിഞ്ഞ 25ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മുനിസിപ്പല്‍ ബസ്സ്റ്റാന്റിലെ ഡിടിപി സെന്ററിനടുത്തുവച്ച് നസീറിനെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ അക്രമിക്കുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ സിപിഎമ്മിലെ ഒരുപറ്റം പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദിന്റെ പക്ഷത്തും ഒരു വിഭാഗം ലോക്കല്‍ സെക്രട്ടറി കെ ഐ നൗഷാദിന്റെ ചേരിയിലുമാണുള്ളത്. കുറച്ചു നാളുകളായി ഇരുചേരികള്‍ തമ്മില്‍ വാക്‌പോരിലായിരുന്നു.  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ സിപിഎം ഭരണത്തിലേറിയപ്പോള്‍ നസീറിന് ദിവസ വേതനത്തില്‍ ഗവ. ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനായി ജോലി നല്‍കിയിരുന്നു. ഇതില്‍ ലോക്കല്‍ സെക്രട്ടറിയുടെ വിഭാഗത്തിന് വിയോജിപ്പുണ്ടായി. ഇതേതുടര്‍ന്ന് ഇരു ചേരിയും തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു. ഇതിനിടെ ലോക്കല്‍ സെക്രട്ടറിയുടെ അനധികൃത ധനസമ്പാദനത്തിനെതിരേ പത്രത്തില്‍ വന്ന വാര്‍ത്ത നസീര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് നസീറിന് മര്‍ദ്ദനമേറ്റതെന്ന് പറയുന്നു. നസീറിനെ മര്‍ദ്ദിച്ച പ്രതികളായ സിപിഎം പ്രവര്‍ത്തകരെ നിസ്സാര വകുപ്പ് ചേര്‍ത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇലവുങ്കല്‍ നവാസ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പാറയില്‍ ജബ്ബാര്‍, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങളായ വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി, പുന്നക്കല്‍ അജ്മല്‍ എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ബന്ധുക്കളും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് 11ഓടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഭാര്യ: ബഷീറ. മക്കള്‍: ഹുസൈന്‍, അനസ്, അന്‍സര്‍, ആസിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക