|    May 26 Fri, 2017 5:41 am
FLASH NEWS

മര്‍ദ്ദനമേറ്റ കുട്ടിക്ക് മെഡിക്കല്‍ കോളജില്‍ അവഗണന

Published : 27th August 2016 | Posted By: SMR

കളമശ്ശേരി: അടിമാലിയില്‍ ഇരുമ്പുവടികൊണ്ട് മര്‍ദനമേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ബാലന് ആശുപത്രിയില്‍ അവഗണന.
ഗുരുതരമായി പരിക്കേറ്റ് പൊള്ളല്‍ ചികില്‍സാകേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത് വിവാദമായിരിക്കുകയാണ്. രണ്ട് കാലുകള്‍ക്കും പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന കുട്ടിയെ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയതിനെതിരേ ബന്ധുക്കളും പരാതിയുമായി ആശുപത്രി അധികൃതരെ സമീപിച്ചിട്ടുണ്ട്. രണ്ടു കാലുകളിലും പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന കുട്ടിക്ക് സര്‍ജിക്കല്‍ ഐസിയുവിലെ വളരെ ദൂരെയുള്ള ബാത്ത്‌റൂമില്‍ പോകുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. പൊള്ളല്‍ ചികില്‍സാകേന്ദ്രത്തിലുള്ള രോഗിക്ക് അണുബാധയുണ്ടാവുമെന്ന കാരണം പറഞ്ഞാണ് ബാലനെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് നീക്കിയത്. രണ്ട് കാലിലും പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന കുട്ടിയെ ബേണ്‍സ് യൂനിറ്റില്‍ നിന്നു നീക്കരുതെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ചില ഡോക്ടര്‍മാര്‍ക്ക് ബേണ്‍സ് യൂനിറ്റില്‍ എത്തി കുട്ടിയെ പരിശോധിക്കുന്നത് ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ് സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ നിയമക്കുരുക്കില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കുട്ടിയെ നോക്കുന്നതിനു സഹായത്തിനായി ഒരാളെ നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യവും മെഡിക്കല്‍ കോളജ് അധികൃതര്‍ അവഗണിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കുട്ടിക്കുള്ള അസൗകര്യം ചൂണ്ടിക്കാണിച്ചതിന് കൂട്ടിരിപ്പിന് എത്തിയ ബന്ധുവിനെ ഇറക്കിവിട്ടതായും പരാതിയുണ്ട്. തുടര്‍ന്ന് ആര്‍എംഒ ഇടപെട്ടാണ് കൂട്ടിരിപ്പിന് എത്തിയ ആളെ ഐസിയുവില്‍ കയറ്റിയത്. കുട്ടിയെ സര്‍ജിക്കല്‍ ഐസിയുവില്‍ നിന്നു തിരിച്ച് പൊള്ളല്‍ ചികില്‍സാ കേന്ദ്രത്തിലേക്കു മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷം മാത്രമേ കഴിയുള്ളൂവെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ ശ്രീകല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day