|    Apr 22 Sun, 2018 1:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മര്‍ദ്ദനമേറ്റെന്ന പരാതി; യുവ കഥാകൃത്തിന്റെ ആരോപണങ്ങളില്‍ അവ്യക്തതയും ദുരൂഹതയും

Published : 29th July 2016 | Posted By: SMR

ആനക്കര (പാലക്കാട്): യുവ എഴുത്തുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന്‌പോലിസ് പറയുമ്പോഴും സംഭവത്തിലെ അവ്യക്തതയും ദുരൂഹതയും തുടരുന്നു. സിനിമാ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ പെരുമ്പിലാവ് സ്വദേശി ജിംഷാറിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ നാലംഗസംഘം ആക്രമിച്ച് പരിക്കേല്‍പിച്ചതായാണ് പരാതി.
അടുത്ത് പുറത്തിറക്കുന്ന തന്റെ കഥാസമാഹാരത്തിന്റെ പേരിനെ ചൊല്ലിയുള്ള പ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ജിംഷാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, കഥാസമാഹാരം ആഗസ്ത് അഞ്ചിന് പ്രമുഖ പ്രസാധനാലയം പുറത്തിറക്കാനിരിക്കുന്നതേയുള്ളു. ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന പേരിലാണ് കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതെന്ന് കാണിച്ച് കഥാകൃത്ത് തന്നെ വാട്‌സ്ആപ്പിലൂടെ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് മര്‍ദനമേറ്റതെന്നാണ് ജിംഷാര്‍ പരാതിയില്‍ പറയുന്നത്. പ്രതികളായി ആരോപിക്കപ്പെടുന്നവര്‍ തണ്ണീര്‍കോട്ട് കഥാകൃത്തിന്റെ പിതാവിന്റെ വീടിന് സമീപമുള്ളവരാണെന്ന് പറയപ്പെടുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഒരു മൊബൈലില്‍ നിന്നും തനിക്ക് വാട്‌സ്ആപ്പ് ഓഡിയോ സന്ദേശം ലഭിച്ചതായി ജിംഷാര്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം തിങ്കളാഴ്ച തനിക്ക് മര്‍ദ്ദനത്തില്‍ പങ്കില്ലെന്ന സന്ദേശവും പ്രസ്തുത മൊബൈല്‍ ഉടമയില്‍ നിന്നു ലഭിച്ചതായി അറിയുന്നു.
സംഭവത്തിന് ദൃക്‌സാക്ഷികൡല്ലെന്നതിനാല്‍ പരാതിക്കാരന്റെ മൊഴി മാത്രമാണ് പോലിസ് ശേഖരിച്ചിട്ടുള്ളത്. സാക്ഷികളില്ലാത്തതിനാല്‍ പരാതിക്കാരനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ചാലിശ്ശേരി എസ്‌ഐ ആര്‍ രാജേഷ്  അറിയിച്ചു. സംഭവം നടന്നശേഷം ആശുപത്രിയിലെത്തിയ പോലിസ് തന്നോട് അപമര്യാദയായാണ് പെരുമാറിയതെന്നും മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതല്ലാതെ മൊഴിയെടുക്കാതെ പോവുകയായിരുന്നുവെന്നും ജിംഷാര്‍ പറയുന്നു. പിറ്റേന്ന് വീണ്ടും എത്തിയാണ് പോലിസ് മൊഴിയെടുത്തത്. തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് താന്‍ ഒരിക്കലും മൊഴികൊടുത്തിട്ടില്ലെന്നും ജിംഷാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ജിംഷാറിനെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ആസൂത്രിതമായ പ്രചാരണം നടന്നു. ഇത് നിഷേധിച്ചു എസ്ഡിപിഐ ജില്ലാ കമ്മിറ്റി തന്നെ രംഗത്തു വന്നു. അതേസമയം, കഥയ്ക്കും കഥാകൃത്തിനും സമൂഹത്തില്‍ പേരെടുക്കാനുള്ള അണിയറ നീക്കമാണോ ഇതെന്ന സംശയവും നിലനില്‍ക്കുന്നു. സംഭവദിവസം തണ്ണീര്‍കോട്ടെ തറവാട്ടുവീട്ടില്‍ ജിംഷാര്‍ വന്നിരുന്നതായി നാട്ടുകാരായ ചിലര്‍ പറയുന്നു. അവിടെനിന്നു രാത്രിയോടെ പെരുമ്പിലാവിലേക്ക് മടങ്ങുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. തണ്ണീര്‍കോട് നിന്നു ബൈക്കില്‍ ലിഫ്റ്റ് വാങ്ങിയാണ് കൂറ്റനാട് എത്തിയത്.
തുടര്‍ന്ന് പെരുമ്പിലാവിലേക്കുള്ള ബസ് കയറാനൊരുങ്ങവെ പിറകില്‍ നിന്നും ഒരാള്‍ വിളിച്ചുനിര്‍ത്തുകയും മറ്റു മൂന്നുപേരും കൂടി എത്തി ഇനി പടച്ചോനെ കുറിച്ച് ലേഖനം എഴുതുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും മൊഴിയില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രി വിട്ട ജിംഷാര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss