|    May 24 Wed, 2017 4:18 am
FLASH NEWS

മര്‍ദിച്ചെന്ന പരാതി: അന്വേഷണം വേണമെന്നു സിപിഎം

Published : 15th October 2016 | Posted By: Abbasali tf

മാനന്തവാടി: തോണിച്ചാലില്‍ വച്ച് യുവമോര്‍ച്ച നേതാവിനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചതായുള്ള പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് സിപിഎം തോണിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കല്ലോടി റോഡിലെ സ്വകാര്യ കച്ചവടസ്ഥാപനത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ ആക്രമണം നടന്നെന്നു പറയുന്ന സമയത്തിന് മുമ്പും ശേഷവും ആക്രമണത്തിനായി എത്തിയെന്നു പറയുന്ന വാഹനങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങളൊന്നും തന്നെയില്ല. ആ ഭാഗത്തേക്ക് പോയ മറ്റെല്ലാ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. കൂടാതെ ജനവാസകേന്ദ്രത്തില്‍ വച്ചാണ് ആക്രമണമുണ്ടായതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പരിസരവാസികള്‍ക്കു പോലും ഇതേക്കുറിച്ച് അറിയില്ല. സംഭവം നടന്നിട്ട് ഏറെ ദിവസം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താതെ പോലിസ് ദുരൂഹത വര്‍ധിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂര്‍ തന്റെ ആര്‍എസ്എസ് ബന്ധം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുകയാണ് ചെയ്യുന്നത്. മാസങ്ങള്‍ക്കു മുമ്പ് തോണിച്ചാല്‍ കേന്ദ്രീകരിച്ച് പയിങ്ങാട്ടിരി അമ്പലത്തിലെ പൂജാരിയെ ആക്രമിച്ചതിനു പിന്നിലും ദുരൂഹത നിലനില്‍ക്കുകയാണ്. നാളിതുവരെയായിട്ടും ഈ കേസിലെ പ്രതികളെപ്പറ്റിയും തുമ്പുണ്ടായിട്ടില്ല. ഇടയ്ക്കിടെ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ തോണിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ പോലിസ് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നു യോഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day