|    Apr 21 Sat, 2018 9:15 pm
FLASH NEWS

മര്‍ദനമേറ്റ യുവാവിനെ പ്രതിയാക്കി റിമാന്‍ഡ് ചെയ്തു

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: യുവാവിനു മര്‍ദമേറ്റ സംഭവം പോലിസ് പ്രതികളുമായി കൂട്ടുചേര്‍ന്ന് അട്ടിമറിച്ചു. കഴിഞ്ഞ മാസം 23നാണ്  കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ പ്രതിയാക്കി റിമാന്‍ഡ് ചെയ്ത പോലിസ് മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കി. സംഭവത്തിനു ദൃക്‌സാക്ഷിയായ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലും കരിങ്കുന്നം പോലിസ് തയ്യാറായില്ല.ബസ്സിന്റെ ഫൂട്‌ബോഡില്‍ നിന്നും യാത്ര ചെയ്ത വിദ്യാര്‍ഥിയോട് ബസ്സിന്റെ പിന്നിലുള്ള സിറ്റീലിരിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിലാണ് പോലിസിന്റെ ഒത്തുകളി നടന്നതായി ആക്ഷേപം ഉയര്‍ന്നത്. വഴിത്തല സ്വദേശിയായ അലോഷി(19)യ്ക്കാണ് സംഭവവുമായി ബന്ധപ്പെട്ട് മര്‍ദനമേറ്റത്. വഴിത്തല ശാന്തിഗിരി കോളജിലെ 20അംഗ വിദ്യാര്‍ഥി സംഘമാണ് മര്‍ദിച്ചത്. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇവരെ സ്ഥലത്തു നിന്നും മാറ്റിയെങ്കിലും അലോഷിയുടെ പിന്നാലെയെത്തി വിദ്യാര്‍ഥി സംഘം വീണ്ടും മര്‍ദിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അലോഷി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബേബി ടോമിന്റെ വീട്ടിലേയ്ക്കു ഓടിക്കയറി. പിന്നാലെ ബൈക്കിലെത്തിയ വിദ്യാര്‍ഥി സംഘം വീട്ടിനുള്ളില്‍ കടന്നും അലോഷിയെ ക്രൂരമായി മര്‍ദിച്ചു. പതിനഞ്ചോളം ബൈക്കുകളിലെത്തിയ സംഘമാണ് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ വീടിനുള്ളില്‍ കയറിയത്. തടസം പിടിക്കാനെത്തിയ ബ്ലോക്ക് പഞ്ചായത്തംഗത്തിനെയും താക്കോലിനു കുത്തി പരിക്കേല്‍പ്പിച്ചു.സംഭവം കണ്ട് നിരവധി നാട്ടുകാരും തടിച്ചുകൂടി. വിദ്യാര്‍ഥി സംഘം അലോഷിയുടെ ശരീരത്ത് കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. മര്‍ദനത്തിനുശേഷം വിദ്യാര്‍ഥി സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. പോലിസ് വന്നതിനുശേഷം പോയാല്‍ മതിയെന്നു പറഞ്ഞു.കരിങ്കുന്നം പോലിസെത്തി മര്‍ദനമേറ്റ അലോഷിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. സംഭവം നടന്നതിനെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്തംഗം വ്യക്തമായ വിവരം പോലിസിന് നല്‍കിയിട്ടും ഒരു നടപടിയുമെടുത്തില്ല. പിടികൂടിയ അലോഷിയെ രാത്രിയിലുടനിളം വിവസ്ത്രനായ നിര്‍ത്തിയെന്നും ഉറങ്ങാന്‍ സമ്മതിക്കാതെ പീഡിപ്പിച്ചുവെന്നും ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു.വിദ്യാര്‍ഥി സംഘത്തെ ആക്രമിച്ചതിന് അലോഷിയെ പ്രതിയാക്കി  കേസ് ചാര്‍ജ് ചെയ്ത് 14 ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലുമാക്കി. നിജസ്ഥിതി കരിങ്കുന്നം പോലിസിനെ അറിയിച്ചപ്പോള്‍ അലോഷിയ്ക്ക് കഞ്ചാവ് മാഫിയ ബന്ധമുള്ളതായാണ് പോലിസ് ഉദ്യോഗസ്ഥന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തെ അറിയിച്ചത്.തുടര്‍ന്ന് വീട്ടില്‍ നടന്ന അക്രമത്തെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്തംഗം പരാതി നല്‍കി. ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും പോലിസ് സ്വീകരിച്ചിട്ടില്ലെന്നും മെംബര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് ബേബി ടോം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss