|    Apr 26 Wed, 2017 5:42 am
FLASH NEWS

മര്‍കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ വരുന്നു

Published : 24th November 2016 | Posted By: mi.ptk

srj_5707

ദുബൈ: വൈജ്ഞാനിക മുന്നേറ്റത്തിന്റെ പുതുചരിത്രത്തിലേക്ക് വാതില്‍തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണം ആരംഭിച്ചതായി മര്‍കസ് നോളജ്‌സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മര്‍കസ് നോളജ് സിറ്റിയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായാണ് കള്‍ച്ചറല്‍ സെന്റര്‍ വരുന്നത്.  രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപയുക്തമായ സംവിധാനങ്ങളാണ് കള്‍ച്ചറല്‍ സെന്ററില്‍ ഒരുക്കുക.  അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയം,  റിസര്‍ച്ച് & അക്കാദമിക് ലൈബ്രറി, ഡിജിറ്റല്‍ സെമിനാര്‍ ഹാള്‍, ഹിസ്‌റ്റോറിക്കല്‍ ഹബ്, സ്റ്റുഡന്റ്‌സ് സ്റ്റഡി ഹോം,  കള്‍ച്ചറല്‍ തിയേറ്റര്‍, ലക്ചര്‍ ഹാളുകള്‍, ഡോര്‍മിറ്ററി, പാര്‍ക്കിംഗ് ബേ തുടങ്ങിയവയാണ് കള്‍ചറല്‍ സെന്ററില്‍ ഉള്‍കൊള്ളും. ശ്രദ്ധേയമായ ശില്‍പ മാതൃകയാണ് സ്വീകരിക്കുന്നത്. കള്‍ചറല്‍ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി സെന്റര്‍ മാറ്റിയെടുക്കും.
ഇസ്‌ലാമിക, ഇന്ത്യ ചരിത്രാന്വേഷികള്‍ക്ക് പഠിക്കാനും പകര്‍ത്താനുമുതകുന്ന നിരവധി പ്രദര്‍ശനങ്ങള്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ ഒരുക്കും. അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതര്‍, അക്കാദമിസ്റ്റുകള്‍, ചിന്തകര്‍ തുടങ്ങിയവരുടെ നിരന്തര സന്ദര്‍ശന കേന്ദ്രമാക്കി കള്‍ച്ചര്‍ സെന്റര്‍ മാറും. അറിവിന്റെ വലിയൊരു ലോകം പുതുകാലത്തിന് സമ്മാനിക്കുന്നതാവുന്ന സംരംഭങ്ങള്‍ ഒരുക്കും. 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
അറിവും പൈതൃകങ്ങളും സാംസ്‌കാരികചിഹ്നങ്ങളും രാജ്യാന്തരനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളും ഒന്നിച്ചുചേരുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ മറ്റൊരു ആകര്‍ഷണം അനുബന്ധമായി സ്ഥാപിക്കുന്ന സൂക്കാണ്.  പൗരാണികമാതൃകയില്‍ പണികഴിക്കുന്ന സൂക്കില്‍ നൂറ്റി അന്‍പതോളം വ്യാപാരസ്ഥാപനങ്ങള്‍ ഒരുക്കും. അന്‍പതിലേറെ വ്യത്യസ്ത വ്യാപാരങ്ങള്‍ക്കുളള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാവുക. പ്രമുഖ നിര്‍മാണ സംരംഭകരായ ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സാണ് പദ്ധതിയുടെ ബില്‍ഡറായി ചുമതല ഏറ്റെടുത്തിട്ടുള്ളത്. പ്രവാസികള്‍ക്ക് സംരംഭവുമായി സഹകരിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
മര്‍കസ് നോളജ് സിറ്റിയില്‍ ലോ കോളജ്, യൂനാനി മെഡിക്കല്‍ കോളജ് തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഹകീം അസ്ഹരി വ്യക്തമാക്കി.
ടാലന്‍മാര്‍ക്ക് എംഡി ഹബീബുറഹ്മാന്‍, ഡയറക്ടര്‍ മുഹമ്മദ് ശക്കീല്‍. അബ്ദുസലാം എരിഞ്ഞിമാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day