|    Dec 15 Fri, 2017 12:39 am
FLASH NEWS

മരുമകളേയും പേരക്കുട്ടികളേയും വീട്ടില്‍ നിന്നും പുറത്താക്കി

Published : 18th July 2016 | Posted By: SMR

കടയ്ക്കല്‍: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് യുവതിയേയും മക്കളെയും വീട്ടില്‍ നിന്നും പുറത്താക്കി.
പറക്കമുറ്റാത്ത പെണ്‍ മക്കളുമായി രണ്ട് ദിവസമായി വരാന്തയില്‍ കഴിയുകയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം നാട്ടുകാരും പോലിസും ജനപ്രതിനിധികളും ഇടപ്പെട്ട് വീടിനുള്ളില്‍ പ്രവേശിപ്പിച്ചു. വിദേശത്തായ മകന്‍ അടുത്താഴ്ച നാട്ടിലെത്തുന്നതുവരെ മാത്രമെന്നുള്ള കരാറിലാണ് ഭര്‍തൃമാതാപിതാക്കള്‍ ഇതിന് സമ്മതം മൂളിയത്. ഇട്ടിവ ഗ്രാമപ്പഞ്ചായത്തിലെ ചുണ്ട ചെറുകുളം ഫില്‍ഗിരിയിലാണ് സംഭവം. ചെറുകുളം തോട്ടിന്‍കരപുത്തന്‍ വീട്ടില്‍ ഷാനവാസിന്റെ ഭാര്യ ഷൈമാബീവി മക്കളായ റിന്‍ഷാ(ആറ്), റംസിയ(മൂന്ന്) എന്നിവരേയുമാണ് ഭര്‍തൃമാതാപിതാക്കള്‍ വീടിന് പുറത്താക്കിയത്. കഴിഞ്ഞ ദിവസം പുറത്ത് പോയി മടങ്ങിയെത്തിയ ഷൈമാബീവിയേയും മക്കളേയും വാതിലും ഗേറ്റും പൂട്ടി പുറത്താക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മതില്‍ ചാടിക്കടന്ന ഇവര്‍ രണ്ട് ദിവസമായി വീട്ടുവരാന്തയിലായിരുന്നു കഴിച്ചു കൂട്ടിയത്. ഈ സമയത്ത് നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. സംഘടിച്ച നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദും കടയ്ക്കല്‍ പോലിസും സ്ഥലത്തെത്തി.
ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ വീട്ടുനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ഉപാധികളോടെ ഭര്‍തൃ വീട്ടുകാര്‍ സമ്മതിച്ചത്. വിദേശത്തായിരുന്ന ഷാനവാസ് ആറ് മാസം മുമ്പാണ് നാട്ടില്‍ വന്നിട്ട് മടങ്ങിപോയത്. ഇതിന് ശേഷം അഞ്ചല്‍ പാലമുക്കിലുള്ള സ്വന്തം വീട്ടില്‍ പോയി മടങ്ങിയെത്തിയ ഷൈമാബീവിയേയും മക്കളേയും ഭര്‍തൃ വീട്ടില്‍ കയറ്റിയില്ല. ഷൈമാബീവിയുടെ ബന്ധുക്കളെത്തി സംസാരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഷൈമാബീവി കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കി. തനിക്കും മക്കള്‍ക്കും കയറിക്കിടക്കാന്‍ മറ്റൊരിടമില്ലെന്ന് കാണിച്ച് പിന്നീട് ഷൈമാബീവി കടയ്ക്കല്‍ കോടതിയെ സമീപിച്ചു. ഒന്നര മാസം മുമ്പ് അനുകൂല ഉത്തരവ് നേടിയ ഇവര്‍ ഭര്‍തൃവീട്ടില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഗ്രാമന്യായാലയത്തില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ അനുകൂല ഉത്തരവ് നേടുകയായിരുന്നു.
ഉത്തരവുമായി കടയ്ക്കല്‍ പോലിസിനെ സമീപിച്ചെങ്കിലും വീണ്ടുമൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി കഴിഞ്ഞ ദിവസം ഇരു കൂട്ടരും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് ഷൈമാബീവിയേയും മക്കളേയും ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക