|    May 24 Wed, 2017 3:36 pm
FLASH NEWS

മരുമകളുടെ നിയമനം പാര്‍ട്ടി അറിവോടെ; വിശദീകരണവുമായി ശ്രീമതി

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കാലയളവില്‍ മരുമകളെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ച സംഭവത്തില്‍ 10 വര്‍ഷത്തിനുശേഷം വിശദീകരണവുമായി പി കെ ശ്രീമതി എംപി. 2006ല്‍ ആരോഗ്യമന്ത്രിയായിരിക്കെ മകന്റെ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട് പേഴ്‌സനല്‍ സ്റ്റാഫിലും നിയമിച്ചത് പാര്‍ട്ടി അറിവോടെയാണെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.
എന്നാല്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനം വിവാദമായിട്ടും പോസ്റ്റില്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. മരുമകളുടെ തസ്തിക ഉയര്‍ത്തിയ നടപടി ശരിയായിരുന്നില്ലെന്നും പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണ് അന്നു പ്രതികരിക്കാതിരുന്നതെന്നും വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ശ്രീമതി പറയുന്നു.
കുറ്റസമ്മതം നടത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള ഒരു പോസ്റ്റാണിത്. എങ്കിലും 10 കൊല്ലം മുമ്പ് നടന്നത് എന്താണെന്നു വ്യക്തമാക്കണമെന്ന് എന്റെ മനസ്സ് പറയുന്നു. പാര്‍ട്ടിക്കു പോറലേല്‍ക്കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു.
മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്ക് നിയമിക്കാമെന്ന പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ (മകന്റെ ഭാര്യ) നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളായവരെയെല്ലാം അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരെയും അപ്‌ഗ്രേഡ് ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ മീഡിയ ശക്തമായ വിമര്‍ശനം എനിക്കുനേരെ മാത്രമുയര്‍ത്തി.
പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് രാജിവച്ചു. ഇപ്പോള്‍ മീഡിയയും ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നപോലെ എന്റെ മകന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷന് അപേക്ഷിച്ചിട്ടുപോലുമില്ലെന്ന കാര്യവും വ്യക്തമാക്കുന്നു എന്നു പറഞ്ഞാണ് എഫ്ബി പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, മരുമകളുടെ നിയമനകാര്യത്തില്‍ വിശദീകരണം നടത്തുമ്പോഴും മകന്‍ പി കെ സുധീറിന്റെ നിയമനത്തെ കുറിച്ച് ശ്രീമതി മൗനംപാലിക്കുകയാണ്. എന്നാല്‍, പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന പരോക്ഷമായ സൂചനയാണു തന്റെ എഫ്ബിയിലെ പ്രതികരണത്തിലൂടെ ശ്രീമതി നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day