|    Oct 19 Fri, 2018 11:10 pm
FLASH NEWS
Home   >  News now   >  

മരുഭൂമിയിലെ വസന്തം

Published : 1st January 2018 | Posted By: G.A.G

പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള പരമ്പര

ഇംതിഹാന്‍ ഒ അബ്ദുല്ല

മക്ക, നാലുപാടും ചെങ്കുത്തായ മലകളാല്‍ ചുറ്റപ്പെട്ട  പുരാതന നഗരം. സൃഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ ഗേഹം സ്ഥിതി ചെയ്യുന്ന പുണ്യഭൂമി. ഒരു കാലത്ത് അവിടം വിജനമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദൈവകല്‍പന ശിരസാവഹിച്ച് പ്രിയ പുത്രന്‍ ഇസ്മാഈലിനെയും അവന്റെ മാതാവിനെയും  പ്രവാചകന്‍ ഇബ്രാഹീം പരിശുദ്ധ ഗേഹത്തിനടുത്ത് താമസിപ്പിച്ചു. തന്റെ പ്രിയ ദാസന്റെ അരുമസന്താനത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കരുണാവാരിധിയായ അല്ലാഹു കനിഞ്ഞരുളിയ സംസം ഉറവയെടുത്തതിനു ശേഷമാണ് അവിടം ജനവാസകേന്ദ്രമായത്. ഇബ്രാഹീമും ഇസ്മാഈലും പുരാതന അസ്തിവാരത്തിന്‍മേല്‍ കഅ്ബാലയം പണിതുയര്‍ത്തിയ നാള്‍ മുതല്‍ അത് തീര്‍ത്ഥാടന കേന്ദ്രമാണ്. അറബികളും അനറബികളും ആ പുണ്യഗേഹത്തെ ബഹുമാനിക്കുന്നു. അവരെല്ലാം സാധ്യമാകുമ്പോഴെല്ലാം  അവിടെയെത്താന്‍ ആഗ്രഹിക്കുന്നവരാണ്.
അല്ലാഹുവിന്റെയും മനുഷ്യന്റെയും ശത്രുവായ പിശാച് തന്റെ കുതന്ത്രങ്ങളില്‍ നിന്ന് ഭൂമിയിലെ ഏറ്റവും പാവനമായ കഅ്ബയെ പോലും ഒഴിച്ചു നിര്‍ത്തിയില്ല. ഇസ്മാഈലിനു ശേഷം തലമുറകള്‍ പിന്നിട്ടപ്പോള്‍ ഏകനായ അല്ലാഹുവിനു പകരം മനുഷ്യര്‍ തങ്ങളുടെ തന്നെ സൃഷ്ടികളെ കഅ്ബാലയത്തില്‍ പ്രതിഷ്ഠിച്ച് പൂജിക്കാന്‍ തുടങ്ങി. ദൈവിക സ്മരണക്കും നിര്‍ദ്ദേശങ്ങള്‍ക്കും പകരം പൈശാചിക വൃത്തികള്‍ പ്രാമുഖ്യം നേടിയതോടെ ആ സമൂഹത്തില്‍ കൊളളയും കൊലയും പതിവായി. സത്യത്തിനും ധര്‍മ്മത്തിനും പകരം കയ്യൂക്ക് മാത്രമായി കാര്യങ്ങളുടെ മാനദണ്ഡം. എന്നിരുന്നാലും ആ അന്ധകാര യുഗത്തിലും കഅ്ബക്കും പരിസരത്തിനും അവര്‍ പാവനത  കല്‍പിച്ചിരുന്നു. പിതാവിന്റെ ഘാതകനെ കണ്ടാല്‍ പോലും ഹറമിന്റെ പവിത്രതയെ ഭഞ്ജിക്കാന്‍ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല.

കാലത്തിന്റെ പ്രവാഹത്തില്‍ കഅ്ബയുടെ പരിപാലനം  പ്രവാചകന്‍ ഇസ്മാഈലിന്റെ സന്താനപരമ്പയില്‍ പെട്ട ഖുറൈശി ഗോത്രത്തിലെത്തിച്ചേര്‍ന്നു.  തീര്‍ത്ഥാടകകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതും അവര്‍ തന്നെ. കഅ്ബക്ക് ലഭിച്ചിരുന്ന ആദരവ് അതിന്റെ ഊരാളന്‍മാരായിരുന്ന ഖുറൈശികള്‍ക്കും ലഭിച്ചിരുന്നു. ഖുറൈശികളുടെ മുഖ്യ വരുമാനമാര്‍ഗ്ഗം വിദൂരദിക്കുകളിലേക്കു നടത്തിയിരുന്ന കച്ചവടയാത്രകളായിരുന്നു. കഅ്ബയുടെ പരിപാലകരെന്ന നിലയില്‍ ഖുറൈശികള്‍ക്ക് ലഭിച്ച നിര്‍ഭയത്വമായിരുന്നു ഈ യാത്രകളുടെ പിന്‍ബലം.  ഖുറൈശികളുടെ നേതൃത്വം ഹാശിം കുടുംബത്തിന്റെ തലവനായിരുന്ന അബ്ദുല്‍ മുത്തലിബിനായിരുന്നു. കഅ്ബയുടെ പരിപാലനവും തീര്‍ത്ഥാടകര്‍ക്ക് ജലവിതരണത്തിനുളള അവകാശവും അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു.

കഅ്ബയുടെ മുന്‍കാല കൈകാര്യകര്‍ത്താക്കളായിരുന്ന ജര്‍ഹൂം ഗോത്രക്കാര്‍ മണ്ണിട്ടു മൂടിക്കളഞ്ഞ സംസം കിണറിനെ വീണ്ടെടുത്തത് അബ്ദുല്‍ മുത്തലിബായിരുന്നു. സംസം വീണ്ടെടുക്കാന്‍ സ്വപ്‌നദര്‍ശനത്തിലൂടെ ആഹ്വാനം ലഭിച്ച അബ്ദുല്‍ മുത്വലിബ് തന്റെ ഏക പുത്രനായ ഹരിസിനെയും കൂട്ടി സ്വപ്‌നത്തിലെ സൂചന അനുസരിച്ചു കിണര്‍ കുഴിക്കുകയായിരുന്നു. ലക്ഷ്യം നിറവേറ്റിയെങ്കിലും തന്റെ സംരഭങ്ങളില്‍ തന്നെ സഹായിക്കാന്‍ കൂടുതല്‍ പുത്രന്‍മാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് അബ്ദുല്‍മുത്വലിബ് ആഗ്രഹിച്ചു. തനിക്ക് പത്ത് പുത്രന്‍മാരുണ്ടായാല്‍ ദൈവം ഉദ്ദേശിക്കുന്ന ഒരാളെ ദൈവപ്രീതിക്കു വേണ്ടി ബലിയര്‍പ്പിക്കുമെന്ന് അബൂത്വലിബ് പ്രതിജ്ഞ ചെയ്തു. അബ്ദുല്‍മുത്വലിബിന് തുടരെ തുടരെ പുത്രസൗഭാഗ്യമുണ്ടായി. പത്തു പുത്രന്‍മാരും യൗവനത്തിലേക്ക് കാലൂന്നിയതോടെ അബ്ദുല്‍മുത്വലിബ് തന്റെ പ്രതിജ്ഞ നിറവേറ്റാനൊരുങ്ങി. ആരെ ബലിയറുക്കണമെന്ന് നിശ്ചയിക്കാന്‍ നറുക്കിടപ്പെട്ടു. അബ്ദുല്‍ മുത്വലിബിന് ഏറ്റവും പ്രിയങ്കരനായ  പുത്രന്‍ അബ്ദുല്ലക്കാണ് നറുക്ക് വീണത്. ഏറെ മനോവ്യഥയോടു കൂടിയാണെങ്കിലും ആ പിതാവ് പുത്രബലിക്കൊരുങ്ങി. എന്നാല്‍ ഖുറൈശികള്‍ ഒന്നടങ്കം ആ തീരുമാനത്തെ എതിര്‍ത്തു. ഒടുവില്‍ നൂറു ഒട്ടകങ്ങളെ പ്രായശ്ചിത്ത ബലി നല്‍കി പ്രശ്‌നം പരിഹരിച്ചു.

ബലി പീഠത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രിയപുത്രന് അബ്ദുല്‍മുത്തലിബ് വിവാഹാലോചനകള്‍ തുടങ്ങി. ഉന്നതകുലജാതനും സുന്ദരകോമളനുമായ ആ യുവാവിനെ ആഗ്രഹിക്കാത്ത കുടുംബങ്ങളുണ്ടോ. ബനൂസുഹ്‌റയുടെ തലവനായ വഹബ് ബിന്‍ അബ്ദുമനാഫ് ബിന്‍ സുഹ്‌റയുടെ പുത്രി ആമിനക്കാണ് ആ സൗഭാഗ്യം കൈവന്നത്. വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മൂന്നു ദിവസം വധൂഗൃഹത്തില്‍ താമസിച്ച ശേഷം യുവമിഥുനങ്ങള്‍ മക്കയില്‍ മടങ്ങിയെത്തി. എതാനും നാളുകള്‍ക്കു ശേഷം ആ നവ ദമ്പതികളുടെ സന്തോഷം ഇരട്ടിപ്പിക്കുന്ന ആ വാര്‍ത്ത ആമിന അബ്ദുല്ലയുടെ ചെവിയിലോതി. ഒരു പിതാവാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അബ്ദുല്ലയെ കോളിര്‍മയില്‍ക്കൊളളിച്ചു.
അതിനിടയിലാണ് ശാമിലേക്ക് ഒരു കച്ചവടസംഘം പുറപ്പെടുന്നുവെന്ന വാര്‍ത്ത അബ്ദുല്‍ മുത്തലിബ് അബ്ദുല്ലയെ അറിയിച്ചത്. കടിഞ്ഞൂല്‍ ഗര്‍ഭിണിയായ ഭാര്യയെ പിരിയുന്നതില്‍ ഏറെ മനോവിഷമമുണ്ടെങ്കിലും കുടുംബത്തിന്റെ ഭാവിയോര്‍ത്ത് അബ്ദുല്ല പോകാന്‍ തീരുമാനിച്ചു. ഭാര്യയെ സമാശ്വസിപ്പിച്ചു കൊണ്ട് അബ്ദുല്ല യാത്രയായി. പ്രിയതമന്റെ വരവും കാത്ത് ആമിന നാളുകള്‍ തളളിനീക്കി.

പക്ഷേ അവരെ കാത്തിരുന്ന വിധി കടുത്തതായിരുന്നു. ഗാസയില്‍ വെച്ച് അസുഖബാധിതനായ അബ്ദുല്ല മാതുലന്‍മാര്‍ വസിക്കുന്ന മദീനയില്‍ വെച്ച് മരണമടഞ്ഞുവെന്ന വാര്‍ത്തയായിരുന്നു യാത്രാസംഘം മടങ്ങി വന്നപ്പോള്‍ കുടുംബത്തിന് ലഭിച്ചത്. മരണം  അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണെന്ന് കരുതി സമാശ്വസിച്ച കുടുംബം വരാനിരിക്കുന്ന അതിഥിയെ കാത്തിരിപ്പായി.

അബ്ദുല്ലയുടെ മരണത്തിന് രണ്ടു മാസത്തിന് ശേഷം ആ അകാല വിയോഗത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന ആ കുടുംബത്തിന് ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ആമിന ഒരാണ്‍കുട്ടിയെ പ്രസവിച്ചു. പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് നവജാത ശിശുവിനെയുമെടുത്ത് കഅ്ബയെ പ്രദക്ഷിണം ചെയ്തു. അവിടെ വെച്ച് അദ്ദേഹം ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. ആ നാമം അറബികള്‍ക്ക് അജ്ഞാതമായിരുന്നില്ലെങ്കിലും സാര്‍വത്രികമായിരുന്നില്ല. അതിനാല്‍ തന്നെ ആ പേര് തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് തങ്ങളുടെ നേതാവിനോട് അവര്‍ അന്വേഷിച്ചു. അബ്ദുല്‍മുത്തലിബ് പറഞ്ഞു:  ആകാശ ലോകത്തു ദൈവത്താലും ഭൂലോകത്ത് മനുഷ്യരാലും ഈ കുഞ്ഞ് ഭാവിയില്‍ വാഴ്ത്തപ്പെടണമെന്നാണ് എന്റെ ആഗ്രഹം.

ആമിനയുടേയും അബ്ദുല്ലയുടേയും പുത്രനായി ജനിച്ച ആ അനാഥ ബാലനാണ് ലോകഗുരുവായ പ്രവാചകന്‍ മുഹമ്മദ് നബി.

മരുഭൂമിയുടെ വസന്തം
ബനൂ സഅദ്ബ്‌നു ബകര്‍ ഗോത്രക്കാരിയായ ഹലീമ ഭര്‍ത്താവായ ഹാരിസ് ബിന്‍ അബ്ദുല്‍ ഉസ്സയോടൊപ്പം മക്കയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ വര്‍ഷം മരുഭൂമിയെ ബാധിച്ച കൊടും വരള്‍ച്ച ക്ഷീണിപ്പിച്ച അവരുടെ പെണ്‍കഴുത നന്നെ സാവധാനമാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ തന്റെ സഹയാത്രികര്‍ക്കൊപ്പമെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഹലീമയുടെ പ്രസവം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുളളൂ. ആ ചോര പൈതലിനെയും വഹിച്ചു കൊണ്ടാണ് കൊടുംചൂടത്തുളള ഈ മരുഭൂയാത്ര. പരിമിതമായ വിഭവങ്ങളേ കയ്യിലുളളൂ. യാത്രയുടെ ആരംഭത്തില്‍ തന്നെ അതു തീര്‍ന്നു. കൂടെയുളള പെണ്ണൊട്ടകമാകട്ടെ മെലിഞ്ഞൊട്ടി പാല്‍ചുരത്താനാകാത്ത ദയനീയസ്ഥിതിയിലും. മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ കുഞ്ഞിനെ മുലയൂട്ടുവാന്‍ ആവശ്യമായ പാല്‍ ഹലീമക്കുണ്ടായിരുന്നില്ല. കുഞ്ഞാകട്ടെ വിശന്ന് കരയുകയും. വിധിയുടെ വിചിത്രമായ പരീക്ഷണം എന്നല്ലാതെ എന്തു പറയാന്‍, സ്വന്തം കുഞ്ഞിനു പുറമേ  മുലയൂട്ടുവാനായി മറ്റൊരു നവജാത ശിശുവിനെയും അന്വേഷിച്ചാണ് അവര്‍ മക്കയിലേക്ക് പോകുന്നത്.
അറേബ്യയില്‍ അക്കാലത്ത് നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു അത്. മക്ക പോലുളള നഗരപ്രദേശങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടുവാനായി മരുഭൂനിവാസികളെ ഏല്‍പിക്കുക. കുട്ടികള്‍ മരുഭൂമിയിലെ ശുദ്ധവായു ശ്വസിച്ച് ആരോഗ്യമുളളവരായി വളരുവാനും കലര്‍പ്പില്ലാത്ത ശുദ്ധ അറബിഭാഷ സായത്തമാക്കാനും അതുപകരിക്കുമെന്നതായിരുന്നു അതിനുളള കാരണം. കുട്ടികളെ വളര്‍ത്തുന്നതില്‍ സവിശേഷമായ സിദ്ധിയുളളവരാണ് മക്കയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ താമസക്കാരായ ഹവാസിന്‍ കുലത്തിലെ ബനൂ സഅദുബ്‌നു ബക്ര്! ഗോത്രം. അവരിലെ സ്ത്രീകളുടെ മുഖ്യ വരുമാനമാര്‍ഗമായിരുന്നു അത്. മുലയൂട്ടുന്നതിന് കൃത്യമായ പ്രതിഫലം നിശ്ചയിക്കുകയോ വിലപേശലോ ഒന്നും പതിവില്ല. കാരണം രക്തബന്ധത്തോളം തന്നെ പവിത്രമായ ഒരു ബന്ധമാണ് അതുവഴി രൂപപ്പെടുന്നത്.  പിതാവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കുഞ്ഞിന്റെ വളര്‍ത്തുമ്മക്ക് അയാള്‍ പണവും കന്നുകാലികളും മറ്റ് പാരിതോഷികങ്ങളും നല്‍കും. കുഞ്ഞ് വളര്‍ന്നു വലുതായാല്‍ സ്വന്തം ഉമ്മയെപ്പോലെ പോറ്റുമ്മയെ പരിഗണിക്കും. അതിനാല്‍ തന്നെ സമ്പന്നരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളിലേക്കാണ് സ്വാഭാവികമായും എല്ലാ സ്ത്രീകളും ആദ്യം ഉറ്റുനോക്കുക.
ഹലീമയും സംഘവും മക്കയിലെത്തിച്ചേര്‍ന്നു. കുഞ്ഞുങ്ങളെ അന്വേഷിച്ച് എല്ലാവരും പരക്കം പായുകയാണ്. ആമിനയുടെ മകന്റെ അടുത്തും പലരും വന്നുനോക്കിപോയി. നല്ല ലക്ഷണമൊത്ത കുഞ്ഞാണ്. കുലമഹിമയില്‍ അവനോളം വിശിഷ്ടനായ ഒരു കുഞ്ഞിനെ ലഭിക്കാനുമില്ല. പക്ഷെ അനാഥനാണ്. പിതാമഹന്‍ അബ്ദുല്‍മുത്വലിബാകട്ടെ ഖുറൈശിതലവനാണെങ്കിലും വലിയ കുടുംബബാധ്യതയുളളയാളും. അതിനാല്‍ വന്നു നോക്കിയ സ്ത്രീകള്‍ എല്ലാം പതുക്കെ ഉള്‍വലിഞ്ഞു. ബനൂസഅദിലെ സ്ത്രീകള്‍ക്കെല്ലാം പോറ്റുമക്കളെ ലഭിച്ചു.  ദാരിദ്യം കാരണം മെലിഞ്ഞൊട്ടിയ ഹലീമയെ ആര്‍ക്കും ബോധിച്ചില്ല. തങ്ങളുടെ കുഞ്ഞ് വിശന്നൊട്ടി പേക്കോലമാകണമെന്ന് ഒരു കുടുംബവും ആഗ്രഹിക്കുകയില്ലല്ലോ. സംഘം മടക്കയാത്രക്കൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ശൂന്യമായ കൈകളുമായി മടങ്ങുന്നതോര്‍ത്തപ്പോള്‍ ഹലീമക്ക് മനപ്രയാസം അടക്കാനായില്ല. വരുമാന നഷ്ടത്തേക്കാളേറെ അതൊരു അപമാനമായിട്ടാണവര്‍ക്ക് അനുഭവപ്പെട്ടത്. അപ്പോഴാണ് അബ്ദുല്‍ മുത്വലിബിന്റെ പേരക്കുട്ടിയുടെ സുന്ദര മുഖം അവരുടെ മനോമുകുരത്തിലേക്ക് വന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ആ കുഞ്ഞ് അവരുടെ മനം കവര്‍ന്നിരുന്നു. പക്ഷെ ക്ഷാമം കാര്‍ന്നു തിന്ന തന്റെ ജീവിതം പച്ചപിടിപ്പിടിപ്പിക്കണമെങ്കില്‍ ആ അനാഥകുഞ്ഞ് മതിയാവില്ലെന്ന് തോന്നിയതിനാല്‍ മനമില്ലാമനസ്സോടെ ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും വെറും കയ്യോടെ മടങ്ങുന്നതിലും നല്ലത് ആ കുഞ്ഞിനെ സ്വീകരിക്കുന്നതു തന്നെ. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു: പടച്ചവനാണ് സത്യം, വെറും കയ്യോടെ മടങ്ങി കൂട്ടുകാരികള്‍ പരിഹസിക്കുന്നതിനേക്കാള്‍ ഉത്തമം ആ അനാഥകുഞ്ഞിനെ സ്വീകരിക്കുന്നതാണ്. ‘അതിനെന്താണ്, അവന്‍ മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചു കൂടെന്നില്ലല്ലോ’ഭര്‍ത്താവ് മറുപടി നല്‍കി.
ഹലീമ ആമിനയെ സമീപിച്ച് കുട്ടിയെ ഏറ്റെടുക്കാനുളള സന്നദ്ധത അറിയിച്ചു. തന്റെ ജീവിതത്തിന്റെ എല്ലാമായ പൊന്നോമന മകന്‍ വേര്‍പിരിയുന്നതില്‍ ഏറെ മനോദുഖമുണ്ടെങ്കിലും മകന്റെ ശോഭനമായ ഭാവിയെ ഓര്‍ത്ത്  ആ മാതാവ് കുഞ്ഞു മുഹമ്മദിനെ ഹലീമയെ ഏല്‍പിച്ചു. ഹലീമ ആ കുഞ്ഞിനെ തന്റെ മാറോട് അണക്കേണ്ട താമസം വറ്റിവരണ്ട് ശുഷ്‌കമായ അവരുടെ മാറിടം നിറഞ്ഞു കവിഞ്ഞു. കുഞ്ഞ് മതിയാവോളം പാല്‍ കുടിച്ചു. ശേഷം ഹലീമയുടെ കുഞ്ഞും കുടിച്ചു. വയറു നിറഞ്ഞ സംതൃപ്തിയോടെ ഇരുവരും ശാന്തരായി ഉറങ്ങി. യാത്ര പോകുന്നതിനു മുമ്പ് കഴിക്കുന്നതിന് വല്ലതും ലഭിക്കുമോയെന്നറിയാന്‍ വേണ്ടി കുഞ്ഞിന്റെ വളര്‍ത്തുപിതാവ് ഹാരിസ് തങ്ങളുടെ ഒട്ടകത്തെ കറക്കുവാനായി ചെന്നു. വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഏറിയാല്‍ ഒരു ഗ്ലാസ് പാലോ മറ്റോ കിട്ടിയാലായി. അത്രതന്നെ. പക്ഷെ ആ ദമ്പതികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ക്ഷീണിച്ചവശയായിരുന്ന ആ ഒട്ടകം പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നവെന്ന് മാത്രമല്ല അകിടുകള്‍ രണ്ടും നിറഞ്ഞ് തുളുമ്പിയിരിക്കുന്നു. ‘ഹലീമ, ഈ കുഞ്ഞ് സാധാരണക്കാരനല്ല,തീര്‍ച്ചയായും അവന്‍ ഒരനുഗ്രഹീത ബാലന്‍ തന്നെയാണ് ‘ ഹാരിസ് വിളിച്ചുപറഞ്ഞു. കുട്ടിയെ ലഭിക്കാന്‍ വൈകിയത് കൊണ്ട് ഹലീമയും ഹാരിസും യാത്രാസംഘത്തിന്റെ പിറകിലായിരുന്നു. എന്നാല്‍ പോറ്റുമകനെയും കൊണ്ട് ഹലീമ കഴുതപ്പുറത്ത് കയറേണ്ട താമസം കഴുത അവരെയും കൊണ്ട് അതിശ്രീഖം  പറന്നു. സഹയാത്രികരെ അതിവേഗം അവര്‍ മറികടന്നു. ഹലീമ കഴുതയെ മാറ്റിവാങ്ങിയോ എന്നായി അവര്‍. മാറ്റി വാങ്ങിയതല്ല, പുതിയ കുഞ്ഞ് വന്നതിനു ശേഷം വന്ന അദ്ഭുതകരമായ മാറ്റമാണെന്ന് ഹലീമ മറുപടി നല്‍കി.
യാത്രാസംഘം തങ്ങളുടെ വാസസ്ഥലത്ത് തിരിച്ചെത്തി. വരള്‍ച്ച ഒരു പുല്‍ച്ചെടിയെപ്പോലും വെറുതെവിട്ടിരുന്നില്ല. എല്ലാം കരിഞ്ഞു ചാമ്പലായിരുന്നു. പക്ഷെ പുതിയ കുഞ്ഞ് വന്നതിനു ശേഷം ഹലീമയുടെ കാലികള്‍ക്ക് ഒരിക്കലും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. അവ എല്ലാദിവസവും വയറുനിറച്ചാണ് വരിക. അകിടും നിറഞ്ഞിരിക്കും. കുഞ്ഞിന് രണ്ടു വയസ്സു പൂര്‍ത്തിയായപ്പോള്‍ മുലകുടി നിര്‍ത്തി. കുഞ്ഞ് അപ്പോഴേക്കും നല്ല വളര്‍ച്ച പ്രാപിച്ചിരുന്നു. മുലകുടി കഴിഞ്ഞ സ്ഥിതിക്ക് കുഞ്ഞിനെ തിരിച്ചേല്‍പിക്കേണ്ട സമയമായിരിക്കുന്നു.കുഞ്ഞുമുഹമ്മദിനെ പിരിയുന്നത് ചിന്തിക്കാന്‍ വയ്യായിരുന്നു ഹലീമക്കും കുടുംബത്തിനും. എങ്കിലും കരാര്‍ പാലിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. അങ്ങനെ മനമില്ലാമനസ്സോടെ കുട്ടിയെയും കൊണ്ട് അവര്‍ മക്കയിലെത്തി. അപ്പോഴാണ് മക്കയെ ബാധിച്ച പ്ലേഗിന്റെ വാര്‍ത്ത ആ ദമ്പതികള്‍ ശ്രവിച്ചത്. കുഞ്ഞിനെ കൂടെ നിര്‍ത്താന്‍ ഒരു കാരണം കാത്തിരുന്ന അവര്‍ ആമിനയെ സമീപിച്ച് കുഞ്ഞിനെ ഏല്‍പിച്ച് വിശേഷങ്ങള്‍ പരസ്പരം കൈമാറിയ ശേഷം മക്കയെ ബാധിച്ച മഹാമാരി അടങ്ങുന്നതു വരെ കുഞ്ഞിനെ തങ്ങളോടു കൂടെ തന്നെ വിട്ടയക്കണമെന്നഭ്യര്‍ത്ഥിച്ചു. പൊന്നോമന മകനെ വിട്ടുപിരിയാന്‍ ഒട്ടും മനസ്സല്‍ില്ലെങ്കിലും സംഭവിച്ചേക്കാവുന്ന വിപത്തിനേയോര്‍ത്ത് ആമിന സമ്മതം മൂളി. കൈ നിറയെ പാരിതോഷികങ്ങള്‍ നല്‍കി അബ്ദുല്‍ മുത്തലിബ് അവരെ യാത്രയാക്കി.

ദുഖ സാഗരം  
ഹലീമയുടെ ലാളനകള്‍ ഏറ്റുവാങ്ങിയും വളര്‍ത്തു സഹോദരനോടും സഹോദരിയോടുമൊപ്പം കളിച്ചുല്ലസിച്ചും കുഞ്ഞ് മുഹമ്മദ് വളര്‍ന്നുവരികയാണ്. മരുഭൂമിയുടെ ബന്ധനങ്ങളില്ലാത്ത കാറ്റും വായുവും നാടോടി ജീവിതത്തിന്റെ നിര്‍മ്മലതയും ആസ്വദിച്ചും നുകര്‍ന്നും ആ ബാലന്‍ അരോഗദൃഢഗാത്രനായി വളര്‍ന്നു. തന്റെ വളര്‍ത്തു സഹോദരനോടൊപ്പം വീടിന്റെ പരിസരങ്ങളില്‍ അടിനെ മേക്കാനും ഈ കാലയളവില്‍ അവനു അവസരം ലഭിച്ചു. അങ്ങനെ മരുഭൂജീവിതത്തിന്റെ സവിശേഷസിദ്ധികളായ സ്വാശ്രയബോധത്തിന്റെയും വ്യക്തിസ്വാതന്ത്യത്തിന്റെയും ഗുണങ്ങള്‍ ചെറുപ്പത്തിലേ സ്വായത്തമാക്കി. അഞ്ചു വയസ്സു പൂര്‍ത്തിയായപ്പോള്‍ ഹലീമ പോറ്റു മകനെ ആമിനയുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ക്കു തന്നെ തിരിച്ചേല്‍പിച്ചു.
പെറ്റുമ്മയോടും പിതാമഹനോടുമൊപ്പമുളള മുഹമ്മദിന്റെ ജീവിതം മക്കയില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കളിക്കൂട്ടുകാരായി പിതാമഹന്റെ  മക്കളായ ഹംസയും സഫിയയുമുണ്ട്. ദീര്‍ഘ കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചെത്തിയ മകനെ ലാളിച്ചും സ്‌നേഹിച്ചും ആമിനക്ക് മതിവരുന്നില്ല. ആ കുരുന്നു മുഖം കാണുമ്പോഴെല്ലാം മധുവിധു കഴിയും മുമ്പേ  കാലയവനികക്കുളളില്‍ മറയേണ്ടി വന്ന തന്റെ ഭര്‍ത്താവിന്റെ മുഖമാണ് അവരുടെ ഓര്‍മ്മയില്‍ തികട്ടി വരിക. ഹസ്രകാലത്തെ ദാമ്പത്യത്തിന്റെ സമ്മാനമായി ലഭിച്ച ആ പുത്രനോട് അവന്റെ പിതാവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വിവരിക്കാന്‍ ആ മാതാവിന് നൂറു നാക്കാണ്. ഖുറൈശി ഗോത്രത്തിന്റെയും ഹാശിം കുടുംബത്തിന്റെയും പൂര്‍വ്വീകരുടെ വീരഗാഥകള്‍ ആമിന തന്റെ മകന് ചൊല്ലി കൊടുക്കും.
മുഹമ്മദ് മക്കയിലെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആമിനക്ക് മകനെ അബ്ദുല്ലയുടെ ഖബര്‍ കാട്ടിക്കൊടുക്കണമെന്ന ആഗ്രഹം ജനിച്ചു. കൂട്ടത്തില്‍ യഥരിബിലുളള തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയുമാവാം. വിവരമറിഞ്ഞപ്പോള്‍ മുഹമ്മദിനും ഉല്‍സാഹം. അങ്ങനെ പരിചാരിക ഉമ്മുഅയ്മനെയും കൂട്ടി യഥ്‌രിബിലേക്കുളള ഒരു യാത്രാസംഘത്തോടൊപ്പം അവര്‍ പുറപ്പെട്ടു. യഥരിബിലെത്തി ഖബര്‍ സന്ദര്‍ശനം നടത്തിയ ശേഷം ഒരു മാസക്കാലം അവര്‍ ബന്ധുക്കളോടൊപ്പം താമസിച്ചു. യഥരിബിലെ ജീവിതവും അവിടത്തെ കുട്ടികളോടൊത്തുളള നീന്തലും പട്ടം പറത്തലുമെല്ലാം ബാലനായ മുഹമ്മദിന് നന്നെ ഇഷ്ടപ്പെട്ടു. എങ്കിലും സ്‌നേഹനിധിയായ പിതാമഹനെക്കുറിച്ച ഓര്‍മ്മകള്‍ ആ പിഞ്ചു മനസ്സിനെ വേദനിപ്പിച്ചു. എന്നാല്‍ ആമിനയുടെ ആരോഗ്യം ഒരു യാത്രക്ക് അനുകൂലമായിരുന്നില്ല. അവസാനം മുഹമ്മദിന്റെ നിര്‍ബന്ധം സഹിക്ക വയ്യാതെ അവര്‍ മടക്കയാത്ര ആരംഭിച്ചു.  അബവാ എന്ന സ്ഥലത്തെത്തിയപ്പോള്‍ ആമിനയുടെ അസുഖം മൂര്‍ച്ചിക്കുകയും ഉടന്‍ മരണപ്പെടുകയും ചെയ്തു. യാത്രാസംഘത്തിന്റെ സഹായത്തോടെ ഉമ്മു അയ്മന്‍ അവരെ അവിടെ തന്നെ മറവു ചെയ്തു. ബാലനായ മുഹമ്മദ് സ്തംഭിച്ചു പോയി. മരണത്തിന്റെ വ്യാപ്തി എന്തെന്ന് അറിയാനുളള പ്രായമൊന്നും അവനില്ല. പക്ഷെ ഒരു കാര്യം അവന് ബോധ്യപ്പെട്ടു. ഉമ്മ ഇനിയില്ല. ഉമ്മ എന്നത് ഇനി മുതല്‍ ഏതാനും ദിവസം മുമ്പ് താന്‍ കണ്ട പിതാവിന്റെ ഖബര്‍ പോലെ ഒരു ഖബര്‍ മാത്രം! ഉമ്മു അയ്മന്‍ ദുഖാര്‍ത്തനായ ആ ബാലനെയും കൊണ്ട് മക്കയിലേക്കു തിരിച്ചു.
യാത്രാസംഘം മക്കയിലെത്തുന്നതിനു മുമ്പേ അബ്ദുല്‍മുത്തലിബ് ആ ദുരന്തവാര്‍ത്ത ശ്രവിച്ചിരുന്നു. തന്റെ സ്‌നേഹഭാജനമായ പേരക്കുട്ടിക്ക് സംഭവിച്ച ദുരന്തം ആ വൃദ്ധമനസ്സിനെ ഉലച്ചു കളഞ്ഞു. എങ്കിലും തന്റെ മനസ്സിനെ പതറുവാനോ അധൈര്യപ്പെടുവാനോ അബ്ദുല്‍ മുത്വലിബ് അനുവദിച്ചില്ല. ചുമതലാബോധം മനസ്സാന്നിധ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. മാതാവും പിതാവും നഷ്ടപ്പെട്ട തന്റെ പൗത്രന് ഇനിയുളള ഏക അവലംബം താനാണ്. അതുകൊണ്ട് താന്‍ തളര്‍ന്നു കൂടാ. പൂര്‍ണ അനാഥനായ മുഹമ്മദിന് നഷ്ടപ്പെട്ട മാതാവിന്റെയും പിതാവിന്റെയും വാല്‍സല്യം അബ്ദുല്‍ മുത്വലിബ് പകര്‍ന്നു നല്‍കി.
ഖുറൈശികളുടെ നായകസ്ഥാനമുണ്ട് അബ്ദുല്‍ മുത്വലിബിന്. തലമുറകളായി വിസ്മൃതിയിലായിരുന്ന സംസം കിണര്‍ വീണ്ടെടുത്തതിനു ശേഷം ആ സ്ഥാനം അനിഷേധ്യമാണ്. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ ചാരത്തെത്തിയാല്‍ അദ്ദേഹത്തിന് വിശ്രമിക്കാന്‍ വേണ്ടി ഒരു പ്രത്യേക വിരിപ്പ് വിരിക്കും. അദ്ദേഹത്തോടുളള ആദരവ് കാരണം മക്കളോ മറ്റു കുടംബാംഗങ്ങള്‍ പോലുമോ ആ വിരിപ്പില്‍ ഇരിക്കാറില്ല. പക്ഷെ അനാഥനായ തന്റെ പേരക്കുട്ടിയെ അദ്ദേഹം തന്നോടൊപ്പം ആ വിരിപ്പിലിരുത്തും. അതെക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചാല്‍ പറയും അവന്‍ സാധാരണ കുട്ടിയല്ല, അവനില്‍ ഒരു പാട് സവിശേഷതകള്‍ കുടികൊളളുന്നുണ്ട്. അവന്‍ നേതാവാകേണ്ടവനാണ്. അതിനാല്‍ അവന്‍ ഇവിടെ ഇരിക്കട്ടെ. പക്ഷെ ആ വാല്‍സല്യ തണലിനും ഏറെ ആയുസ് ഉണ്ടായില്ല. മുഹമ്മദിന് എട്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ആ സ്‌നേഹതാരകവും പൊലിഞ്ഞു. അനാഥത്വത്തിന്റെ കരാളത വര്‍ധിപ്പിച്ച പിതാമഹന്റെ മരണം ആ ബാലനെ ശക്തിയായി ഉലച്ചു. ശവമഞ്ചവും വഹിച്ചു കൊണ്ടുളള വിലാപയാത്ര ഖബറിടത്തിലെത്തിയിട്ടും കുഞ്ഞു മുഹമ്മദിന്റെ കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഭാവിയില്‍ പ്രതിസന്ധികളുടെ എണ്ണമറ്റ കടലുകള്‍ താണ്ടിക്കടക്കുവാന്‍ വിധിക്കപ്പെട്ട മഹാമനീഷിക്ക് പ്രകൃതിയൊരുക്കിയ പാഠശാലയായിരുന്നുവോ ഈ പരീക്ഷണങ്ങള്‍.

ബാഹിറ കണ്ട അദ്ഭുത ബാലന്‍

മക്കയില്‍ നിന്നും സിറിയയിലേക്കുളള യാത്രാമധ്യേ സ്ഥിതി ചെയ്യുന്ന ബുസ്‌റയിലെ ആ ക്രിസ്തീയ മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗകിക പരിത്യാഗികളായ ഒരു പറ്റം സന്യാസിമാര്‍ വേദപാരായണവും പഠനവും  ഈശ്വര ചിന്തയുമായി കഴിഞ്ഞു കൂടുകയാണവിടെ. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിയായിരിക്കും സംഘത്തിന്റെ നേതാവ്. കാലചക്രത്തിന്റെ പ്രവാഹത്തില്‍ ബാഹിറ എന്ന സന്യാസിയില്‍ മഠത്തിന്റെ ഉത്തരവാദിത്വം വന്നുചേര്‍ന്നു. തൗറാത്തിലും ഇഞ്ചീലിലും ഉയര്‍ന്ന പരിജ്ഞാനം നേടിയ  ബാഹിറ വേദങ്ങള്‍ പ്രവചിച്ച  പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട് കഴിയുകയായിരുന്നു. വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങളും അദ്ദേഹം നിയോഗിക്കപ്പെടാന്‍ പോകുന്ന ദേശവും പലായനം ചെയ്യുന്ന നാടുമുള്‍പ്പെടെ വിശദാംശങ്ങളെല്ലാം ബാഹിറക്ക് ഹൃദിസ്ഥമായിരുന്നു.
ഒരു ദിവസം രാവിലെ മഠത്തിന്റെ അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്ന ബാഹിറ ഒരസാധാരണ കാഴ്ച കണ്ടു. ദൂരെ നിന്നും ഒരു യാത്രാസംഘം വരുന്നു. അത് കാലങ്ങളായി പതിവുളളതാണ്. പക്ഷെ ഇന്ന് യാത്രാസംഘത്തിനു മുകളിലായി അവരില്‍ ചിലര്‍ക്ക് തണല്‍ വിരിച്ചുകൊണ്ട് ഒരു മേഘം. സംഘം മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് മേഘവും സഞ്ചരിക്കുന്നു. മഠത്തിനു സമീപമുളള മരത്തിന്റെ ചുവട്ടില്‍ സംഘം വിശ്രമിക്കാനായി ഇറങ്ങിയപ്പോള്‍ മേഘത്തിന്റെ ചലനവും നിലച്ചു. മാത്രമല്ല ബഹീറയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സംഘത്തിന് തണല്‍ ലഭിക്കാനായി മരത്തിന്റെ ചില്ലകള്‍ താനേതാഴുന്നു. വേദപണ്ഡിതനായ ബഹീറയെ ഈ വിചിത്ര പ്രതിഭാസങ്ങള്‍ ചിന്തിപ്പിച്ചു. ഇന്നത്തെ യാത്രാസംഘത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. ഉടനെ തന്നെ മഠത്തിലെ പരിചാരകനെ വിളിച്ച് യാത്രാസംഘത്തിനായി ഒരു വിരുന്നൊരുക്കാന്‍ കല്‍പിച്ചു. ശേഷം യാത്രാസംഘത്തിനെ ക്ഷണിക്കാനായി ഭൃത്യനെ അയച്ചു. സംഘത്തിലെ എല്ലാവരും സ്വതന്ത്രരും അടിമകളും കുട്ടികളും ഒരാളുമൊഴിയാതെ വിരുന്നിനെത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കച്ചവടസംഘം അദ്ഭുതപ്പെട്ടു പോയി. തങ്ങള്‍ ഇതുവഴി നിരവധി തവണ യാത്രചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ മഠം അധികാരികളില്‍ നിന്ന് ഇപ്രകാരം ഒരു ക്ഷണം ഉണ്ടായിട്ടില്ല. ഇത്തവണ മാത്രം എന്താണ് ഒരു പ്രത്യേകത. അവര്‍ ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇനി അവര്‍ വല്ല അന്നദാനമോ നേര്‍ച്ചയാക്കിയതാവുമോ. ഏതായാലും  അല്‍പസമയം കഴിഞ്ഞ് സംഘം മഠത്തിലെത്തി. അതിഥികളെ ഓരോരുത്തരെയും ബാഹിറ സൂക്ഷമമായി നിരീക്ഷിച്ചു. ആരിലും എന്തെങ്കിലും പ്രത്യേകതയോ അസാധരണത്വമോ അനുഭവപ്പെട്ടില്ല. പക്ഷെ താന്‍ കണ്ട ലക്ഷണങ്ങള്‍ പ്രകാരം അങ്ങനെ വരാന്‍ വഴില്ലല്ലോ. ഇനി സംഘത്തിലെ എല്ലാവരും എത്തിയിട്ടില്ലെന്ന് വരുമോ. നിങ്ങളുടെ കൂട്ടത്തിലുളളവര്‍ എല്ലാവരും എത്തിയിട്ടില്ലേ ബഹീറ അന്വേഷിച്ചു. അതെ, എല്ലാവരും വന്നിരിക്കുന്നു. സംഘതലവന്‍ അബൂത്വാലിബ് മറുപടി പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലലോ എന്നാലോചിച്ചു കൊണ്ട് ബഹീറ വീണ്ടും ചോദിച്ചു: നല്ലവണ്ണം നോക്കൂ, കുട്ടികളോ അടിമകളോ ആരെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന്. അപ്പോഴാണ് അബൂത്വാലിബിന് തങ്ങളുടെ ചരക്കുകള്‍ക്കും വാഹനങ്ങള്‍ക്കും കാവല്‍ നില്‍ക്കുന്ന സഹോദരപുത്രന്‍ മുഹമ്മദിനെ ഓര്‍മ്മ വന്നത്. പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ ഒസ്യത്ത് പ്രകാരം ബാലനായ മുഹമ്മദിന്റെ സംരക്ഷണം പിതൃവ്യന്‍ അബൂതാലിബിന്റെ കൈകളിലെത്തിച്ചേര്‍ന്നിരുന്നു. പിതാമഹനെപ്പോലെത്തന്നെ പിതൃവ്യനും ആ അനാഥബാലനോട് അതിയായ വാല്‍സല്യം പുലര്‍ത്തിയിരുന്നു. തന്റെ സഹോദര പുത്രനില്‍ കണ്ട സവിശേഷമായ സ്വഭാവ ഗുണങ്ങള്‍ ആ ബാലനോട്  സ്വന്തം മക്കളേക്കാള്‍ വാല്‍സല്യം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരപ്പിച്ചു. അബൂത്വാലിബ് എവിടേക്കു പോവുകയാണെങ്കിലും  കൂടെ മുഹമ്മദുമുണ്ടാകും. സിറിയയിലേക്കുളള യാത്രയില്‍ വഴിദൂരം ഭയന്ന് അവനെ ഒഴിവാക്കാന്‍ നോക്കിയതാണ്. പക്ഷെ തന്നൊപ്പം വരണമെന്ന്  അവന് ഒരേയൊരു നിര്‍ബന്ധം. പറക്കമുറ്റുന്നതിനു മുമ്പേ മാതാവും പിതാവും നഷ്ടപ്പെട്ട അവന്റെ വാക്കുകളെ തളളാനായില്ല. അങ്ങനെയാണ് വെറും പന്ത്രണ്ടു വയസ്സ് പ്രായം മാത്രമുളള അവരോടൊപ്പമുള്‍പ്പെട്ടത്. പക്ഷെ എല്ലായ്‌പ്പോഴുമെന്ന പോലെ യാത്രയിലും പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍ പ്രദര്‍ശിപ്പിച്ചു. വിശ്രമവേളകളില്‍ സവാരിമൃഗങ്ങള്‍ക്ക് വെളളം കൊടുക്കാനും യാത്രാംഗങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കാനും എല്ലാം വലിയ ഉല്‍സാഹമാണ്. അതിനാല്‍ തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയുമാണ്. എല്ലാവരും മഠത്തിലേക്ക് വിരുന്നിന് പോന്നപ്പോള്‍ ചരക്കുകളുടെ സംരക്ഷണോത്തരവാദിത്വം അവന്‍ സ്വയം ഏറ്റെടുത്തു. അങ്ങനെയാണ് അവന്‍ മാത്രം വിരുന്നിനു വരാതെ ബാക്കിയായത്. ‘ഉണ്ട്,ഒരു കുട്ടി കൂടി വരാനുണ്ട്, അവന്‍ ചരക്കുകള്‍ക്ക് കാവലിരിക്കുകയാണ്’. തെല്ലു കുറ്റബോധത്തോടെ അബൂത്വാലിബ് മൊഴിഞ്ഞു. ‘എങ്കില്‍ അവന്‍ എത്തിയിട്ടു മതി ഭക്ഷണം വിളമ്പാന്‍. വേഗം അവനെ വിളിച്ചിട്ടു വരൂ’. ബഹീറ പ്രതിവചിച്ചു. അബൂത്വാലിബ് തന്നെ പുറത്തുപോയി മുഹമ്മദിനെയും കൂട്ടി വന്നു. ബഹീറ ആ ബാലനെ ആപാദഛൂഢം ഒന്ന് നോക്കി. ഒരു പതിനൊന്ന് പന്ത്രണ്ട് വയസ്സ് പ്രായം. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറം. കറുത്ത കണ്ണുകളും വിസ്തൃതമായ കണ്‍പോളകളും. ഉയര്‍ന്ന നാസിക. നേര്‍ത്തതും കൂടിച്ചേര്‍ന്നതുമായ പുരികം. മനോഹരമായി കടഞ്ഞെടുത്ത ശില്‍പം പോലെ തോന്നിക്കുന്ന നീണ്ടു മെലിഞ്ഞ കഴുത്ത്.നീണ്ട കണങ്കൈ. വാഗ്ദത്ത പ്രവാചകനെക്കുറിച്ച വേദങ്ങളിലെ ലക്ഷണങ്ങള്‍ കൃത്യമായി ഒത്തുവന്നിരിക്കുന്നു. ഇതു തന്നെ ഞാന്‍ പ്രതീക്ഷിച്ച വ്യക്തി ബഹീറ മനസ്സില്‍ പറഞ്ഞു. ‘ ഇവന്‍ ആരുടെ മകനാണ്’ ബഹീറ ചോദിച്ചു. എന്റെ മകനാണ് അബൂത്വാലിബിന്റെ ഉത്തരം പെട്ടൊന്നായിരുന്നു.(അറബികള്‍ സഹോദര പുത്രനെ വിശേഷിച്ചും അവര്‍ അനാഥരായാല്‍ സ്വന്തം പുത്രന്‍മാരായി തന്നെയാണ് ഗണിക്കാറ്. ആ അര്‍ത്ഥത്തിലാണ് അബൂത്വാലിബ് അപ്രകാരം മൊഴിഞ്ഞത്.) അല്ല, ഇവന്‍ നിങ്ങളുടെ മകനല്ല’ ബഹീറ. സഹോദര പുത്രന്‍ വിഷമിക്കേണ്ടെന്ന് കരുതി അബൂത്വാലിബ് വീണ്ടും പറഞ്ഞു: എന്റെ മകനാണ്. അല്ല, ഇവന്റെ പിതാവ് ജീവിച്ചിരിക്കാന്‍ വഴിയില്ല.ബഹീറക്ക്  ഊരും പേരുമറിയാത്ത ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത തന്റെ സഹോദര പുത്രന്റെ വിവരങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി അദ്ദേഹം മനസ്സിലാക്കി എന്നോര്‍ത്ത് അദ്ഭുതപ്പെട്ടു പോയി അബൂത്വാലിബ്. ഇനി ഏതായാലും സത്യം പറയാതിരുന്നിട്ടു കാര്യമില്ല. അബൂത്വാലിബ് തന്റെ സഹോദരപുത്രന്റെ വിവരങ്ങള്‍ സത്യസന്ധമായി ബഹീറയെ ധരിപ്പിച്ചു. ബഹീറ അബൂത്വാലിബിനെയും മുഹമ്മദിനെയും തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി. ബഹീറ ആ ബാലനോട് അവന്റെ ജീവിത രീതിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. അവസാനം മേലുടുപ്പ് ഒന്നഴിച്ചു കാണിക്കാമോ എന്നു ചോദിച്ചു.  ബാലന്റെ മുതുകില്‍ വേദങ്ങളില്‍ പറഞ്ഞ പ്രവാചക മുദ്ര കൂടി കണ്ടതോടെ ബാഹിറ അബൂത്വാലിബിനോട് പറഞ്ഞു: ഈ ബാലന്‍ സാധരണ കുട്ടിയല്ല. അവനില്‍ മഹത്തായ ഭാവികുടികൊളളുന്നുണ്ട്. അതിനാല്‍ താങ്കള്‍ സിറിയയില്‍ പോകുമ്പോള്‍ ജൂതന്‍മാരുടെ ദൃഷ്ടിയില്‍ കുട്ടി പെടുന്നത് സൂക്ഷിക്കണം. അവര്‍ അവനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. സഹോദര പുത്രനെക്കുറിച്ച ബഹീറയുടെ പ്രവചനം അബൂത്വാലിബില്‍ ഒരേ സമയം സന്തോഷവും പരിഭ്രാന്തിയും വളര്‍ത്തി.

കളങ്കമേശാത്ത യൗവനം

ഗോത്രയുദ്ധങ്ങള്‍  മരുഭൂജീവിതത്തിന്റെ കൂടപിറപ്പാണ്. യുദ്ധത്തിനുളള കാരണം ന്യായമോ അന്യായമോ എന്തുമായിക്കൊളളട്ടെ പൂര്‍വ്വികര്‍ തുടങ്ങി വെച്ച യുദ്ധം തലമുറകള്‍ ഏറ്റെടുത്തു നടത്തും. പലപ്പോഴും യുദ്ധം ആരംഭിക്കാനുണ്ടായ കാരണമെന്തായിരുന്നുവെന്നു പോലും പിന്‍തലമുറകള്‍ വിസ്മരിക്കപ്പെട്ടു പോെയന്നിരിക്കും. എന്നാലും ഗോത്രഭിമാനം നിലനിര്‍ത്തുന്നതിനു വേണ്ടി  യുദ്ധം തുടരും. ഇരുന്നൂറു വര്‍ഷം വരെ ഇത്തരത്തില്‍ നീണ്ടു നിന്ന യുദ്ധങ്ങളുണ്ടായിരുന്നു.
ഹജ്ജിനും ഉംറക്കും ആവശ്യമായ സമാധാന അന്തരീക്ഷം  ഉറപ്പാക്കുന്നതിനു വേണ്ടി ദൈവിക കല്‍പന പ്രകാരം  പ്രവാചകന്‍ ഇബ്രാഹീമിന്റെ കാലം മുതല്‍ക്കേ യുദ്ധം വിലക്കപ്പെട്ട വിശുദ്ധമാസങ്ങളായി നിശ്ചയിക്കപ്പെട്ടിരുന്ന നാലുമാസങ്ങളില്‍  മാത്രമായിരുന്നു സമാധാനം കളിയാടിയിരുന്നത്. എന്നാല്‍ ചില വര്‍ഷങ്ങളില്‍ വിശുദ്ധ മാസങ്ങളുടെ പവിത്രതയും ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു.
അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന  മുഹമ്മദും തന്റെ ചെറുപ്പകാലത്തു തന്നെ പിതൃവ്യന്‍മാരോടൊപ്പം യുദ്ധത്തില്‍ പങ്കാളിയായി. ഫിജാര്‍ യുദ്ധം എന്നറിയപ്പെട്ട ഈ യുദ്ധം ആരംഭിക്കുമ്പോള്‍ മുഹമ്മദിന്റെ വയസ്സ് പതിനഞ്ച് ആയിരുന്നു. ഈ യുദ്ധ പരമ്പര നാലു വര്‍ഷം നീണ്ടു നിന്നു. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ യുദ്ധം നടന്നിരുന്നത് എന്നിരുന്നാലും അന്തരീക്ഷം സംഘര്‍ഷഭരിതമായിരുന്നു.
യുദ്ധതന്ത്രങ്ങള്‍ പരിചയപ്പെടാനും ബാലാരിഷ്ടതകള്‍ കളഞ്ഞ് ധീരനും ശക്തനുമായ യുവാവായി വളരുവാനും ഈ യുദ്ധാനുഭവങ്ങള്‍ മുഹമ്മദിന് ഉപകരിച്ചു. ന്യായാന്യായ പരിഗണനകളില്ലാതെ കൈക്കരുത്തും സംഘബലവും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം അറേബ്യന്‍ സാമൂഹിക ജീവിതം ദുസ്സഹമാക്കിയിരുന്നു. ദുര്‍ബലരുടെയും സ്ത്രീകളുടേയും കാര്യമായിരുന്നു കൂടുതല്‍ കഷ്ടം.
ജോലി ചെയ്ത ഇനത്തിലോ വസ്തുക്കള്‍ വില്‍പന നടത്തിയ ഇനത്തിലോ പ്രമാണിമാരില്‍ നിന്നും കിട്ടാനുളള തുക പോലും യഥാവിധി ആ പാവങ്ങള്‍ക്ക് ലഭിക്കാറുണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ ഒട്ടകത്തിന്റെ പേരിലോ മദ്യലഹരിയില്‍ ഉടലെടുക്കുന്ന വാക്കുതര്‍ക്കങ്ങളില്‍ നിന്നോ ഉടലെടുക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ നീറിപുകഞ്ഞ് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളിലേക്ക് വളരുന്നതും സാമൂഹികജീവിതം കലുഷിതമാക്കി. ഫിജാര്‍ യുദ്ധം ഈ സാഹചര്യത്തിനൊരറുതി വരുത്തണമെന്ന ചിന്ത ഖുറൈശികളിലുണ്ടാക്കി.
മക്കയില്‍ വെച്ച്, മക്കാനിവാസികളോ അല്ലാത്തവരോ ആയ ഏതെങ്കിലും വ്യക്തി അന്യായമായ മര്‍ദ്ദനത്തിനിരയായാല്‍ അയാളുടെ അവകാശം തിരികെ ലഭിക്കുന്നത് വരെ അയാളുടെ കൂടെ നിന്ന് സമരം ചെയ്യണമെന്ന് വിവിധ ഖുറൈശീ ഗോത്രങ്ങള്‍ തമ്മില്‍ കരാര്‍ ചെയ്തു. ഹില്‍ഫുല്‍ ഫുളൂല്‍ എന്നറിയപ്പെട്ട ഈ കരാറില്‍ ഒപ്പുവെച്ചിരുന്നത് മുഹമ്മദിന്റെ സ്വന്തം കുടുംബമായ ബനൂഹാശിമിന് പുറമെ ബനൂമുത്വലിബ്,ബനൂ അസദ്,ബനൂസുഹ്‌റ,ബനൂതൈം എന്നിവരായിരുന്നു. തമീം വംശജനായ അബ്ദുല്ലാഹിബ്‌നുജദ്ആന്റെ വസതിയില്‍ വെച്ച് നടന്ന ഉടമ്പടി വേളയില്‍ അബൂത്വാലിബിനും അബ്ബാസിനുമൊപ്പം ഇരുപതുകാരനായ മുഹമ്മദും പങ്കെടുത്തിരുന്നു. (അനീതിക്കെതിരെ അശരണരോടൊപ്പം പൊരുതാന്‍ ചെറുപ്പത്തില്‍ ലഭിച്ച ഈ അവസരത്തെ പ്രവാചകന്‍ പില്‍ക്കാലത്ത് അഭിമാനപൂര്‍വ്വം അനുസ്മരിക്കുകയും മേലിലും അത്തരം കരാറുകള്‍ക്ക് താന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു)
മുഹമ്മദിനോട് അതിയായ വാല്‍സല്യമുണ്ടായിരുന്നുവെങ്കിലും വലിയ കുടുംബ ബാധ്യതയുണ്ടായിരുന്നു അബൂത്വാലിബിന്. അതിനാല്‍ ചെറു പ്രായത്തിലേ സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യാന്‍ മുഹമ്മദ് നിര്‍ബന്ധിതനായി. ഇടയവൃത്തിയും കച്ചവടവുമായിരുന്നു അക്കാലത്തെ പ്രധാന തൊഴിലുകള്‍. ചെറുപ്പമായിരുന്നതിനാല്‍ കച്ചവടം സാധ്യമായിരുന്നില്ല. അതിനാല്‍ സ്വകുടുംബത്തിന്റെയും മറ്റുളളവരുടേയും ആടുകളെ ഏറ്റെടുത്ത് പരിപാലിക്കുന്ന ജോലിയില്‍ മുഹമ്മദ് ഏര്‍പ്പെട്ടു. ഇടയവൃത്തി  വരുമാനത്തോടൊപ്പം നാഗരികജീവിതത്തിന്റെ അരുതായ്മകളില്‍ നിന്നും ആ ചെറുപ്പക്കാരനെ തടഞ്ഞു. സമപ്രായക്കാരായ യുവാക്കള്‍ മദ്യത്തിലും മദിരാശിയിലും അഭിരമിച്ചപ്പോള്‍ മുഹമ്മദ് മരുഭൂമിയുടെ സ്വഛതയും നൈര്‍മല്ല്യവും നുകര്‍ന്നു കൊണ്ട് അല്ലാഹുവിന്റെ സൃഷ്ടി വിസ്മയങ്ങളെക്കുറിച്ച് ചിന്താനിരതനായി അവനിലേക്ക് അടുക്കുകയായിരുന്നു.
പില്‍ക്കാലത്ത് സത്യമാര്‍ഗമറിയാതെ നട്ടംതിരിയുന്ന മാനവ കുലത്തെ എല്ലാവിധ മായാവലയങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി അവരുടെ യഥാര്‍ത്ഥ യജമാനന്റെ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ട പരിശീലനവും ക്ഷമയും പാകതയും ലഭിക്കാനായി തന്റെ പ്രവാചകന് വിധാതാവ് നിശ്ചയിച്ചു നല്‍കിയതായിരുന്നുവോ അഅജപാലനം ആവോ!
യുവത്വത്തിലേക്ക് കാലൂന്നിയതോടെ മുഹമ്മദിന് ജീവിതം സ്വന്തമായി കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ഉമ്മു അയ്മന്‍ എന്ന അടിമസ്ത്രീയും ഒരു പെണ്ണൊട്ടകവും ഏതാനും ആടുകളും മാത്രമായിരുന്നു അകാലത്തില്‍ വിധി അപഹരിച്ച പിതാവില്‍ നിന്നും മുഹമ്മദിന് അനന്തരസ്വത്തായി ലഭിച്ചിരുന്നത്. ഇടയവൃത്തിയേക്കാള്‍ ആദായകരമായ ഒരു തൊഴില്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നു. കച്ചവടത്തിന് സ്വന്തമായി മൂലധനമിറക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയുണ്ടായിരുന്ന മാര്‍ഗം സമ്പന്നരായ ആളുകളില്‍ നിന്ന് മൂലധനം സ്വീകരിച്ച് പങ്കാളിത്ത വ്യവസ്ഥയില്‍ കച്ചവടം ചെയ്യുക എന്നതായിരുന്നു. സ്വാര്‍ത്ഥലാഭത്തിന് വേണ്ടി കളവും ചതിയും വഞ്ചനയും നിര്‍ലോഭം  പ്രയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത സമൂഹത്തില്‍ കളിയായി പോലും കളവ് പറയാത്ത മുഹമ്മദിനെ അല്‍ അമീ(വിശ്വസ്ത)നായി അതിനകം മക്കാനിവാസികള്‍ അംഗീകരിച്ചിരുന്നു. ബഹുമാനാദരവുകള്‍ പിടിച്ചു പറ്റിയ വിശ്വസ്തതയോടൈാപ്പം ആ യുവാവ് പ്രകടിപ്പിച്ചിരുന്ന പ്രായത്തില്‍ കവിഞ്ഞ പക്വതയും തന്റേടവും ബുദ്ധികൂര്‍മ്മതയും പങ്കാളിത്ത കച്ചവടത്തില്‍ മുഹമ്മദിന്റെ താരമൂല്യമുയര്‍ത്തി.

ഖദീജയുടെ മനം കവര്‍ന്ന കച്ചവടക്കാരന്‍

ഖദീജ ബിന്‍ത് ഖുവൈലിദ് ബനൂ അസദ് ഗോത്രക്കാരിയായ വര്‍ത്തക പ്രമാണിയായിരുന്നു. കുലീനയായിരുന്ന അവര്‍ മഖ്‌സൂം ഗോത്രവുമായി രണ്ടു തവണ വിവാഹബന്ധത്തിലേര്‍പ്പെടുകയുണ്ടായി. രണ്ടു തവണയും വിധവയായ അവര്‍ പുനര്‍വിവാഹിതയാവാതെ തന്റെ ശ്രദ്ധമുഴുവന്‍ കച്ചവടത്തിലര്‍പ്പിച്ചിരിക്കുകയായിരുന്നു. നേരിട്ട് കച്ചവടത്തില്‍ പങ്കെടുക്കാതെ വിശ്വസ്തരും സമര്‍ത്ഥരുമായ പുരുഷന്‍മാരെ വ്യാപാരപങ്കാളികളായി നിശ്ചയിച്ച് അവര്‍ക്കാവശ്യമായ മൂലധനം നല്‍കി മുളാറബത്ത് രീതിയിലുളള കച്ചവടമാണ് അവര്‍ അനുവര്‍ത്തിച്ചിരുന്നത്.
സമാഗതമാവാന്‍ പോവുന്ന ഗ്രീഷ്മകാലത്ത് ശാമിലേക്കുളള യാത്രാസംഘത്തെ നയിക്കാന്‍ പ്രാപ്തനായ വ്യക്തിയെ അന്വേഷിക്കുകയായിരുന്നു ഖദീജ. അവരുടെ എല്ലാ അന്വേഷണങ്ങളും ചെന്നെത്തി നിന്നത് അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദിലായിരുന്നു. മുഹമ്മദ് ഇതിനകം സായിബ്, ഖൈസ് ബ്‌നു സായിബ് എന്നിവരുടെ കച്ചവടസംഘങ്ങളെ സമര്‍ത്ഥമായും വിശ്വസ്തതയോടെയും കൈകാര്യം ചെയ്തത് പലരും ഖദീജയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഖദീജയുടെ അന്വേഷണം മുഹമ്മദില്‍ എത്തിയ അതേ സമയത്തു തന്നെയാണ് ഖദീജയുടെ കച്ചവടസംഘത്തിന്റെ കാര്യം അബൂത്വാലിബ് മുഹമ്മദിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. അബൂത്വാലിബ് മകനോടു പറഞ്ഞു: മകനേ,ഞാനൊരു ദരിദ്രനാണ്. ക്ഷാമമാണെങ്കില്‍ എല്ലാറ്റിനെയും തിന്നുതീര്‍ത്തിരിക്കുന്നു. ഖുവൈലിദിന്റെ പുത്രി കച്ചവട സംഘത്തെ നയിക്കാന്‍ ആളുകളെ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അവര്‍ സാധാരണ നല്‍കുന്ന രണ്ടൊട്ടകത്തിന്റെ ഇരട്ടി പ്രതിഫലമെങ്കിലും നമുക്ക് കിട്ടിയേ തീരൂ. നിനക്ക് താല്‍പര്യമാണെങ്കില്‍ ഞാന്‍ തന്നെ അവരോട് സംസാരിക്കാം. മുഹമ്മദിന്റെ സമ്മതത്തോടെ അബൂത്വാലിബ് ഖദീജയെ സന്ദര്‍ശിച്ചു തന്റെ സഹോദരപുത്രനു വേണ്ടി സംസാരിച്ചു. ഇരട്ടി പ്രതിഫലമെന്ന അബൂത്വാലിബിന്റെ നിര്‍ദ്ദേശത്തെ സന്തോഷപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ഖദീജ പറഞ്ഞു: അങ്ങയെപ്പോലുളെളാരാള്‍ ഒരകന്ന കൊളളരുതാത്തവനു വേണ്ടിയാണു ആവശ്യപ്പെടുന്നതെങ്കില്‍ പോലും ഞാനതിനു തയ്യാറാണ്. മുഹമ്മദിനെ പോലെ  കാര്യപ്രാപ്തിയും വിശ്വസ്ഥതതയും ഒത്തിണങ്ങിയ അങ്ങയുടെ സഹോദര പുത്രന് ഞാനതെന്തിനു നിഷേധിക്കണം.
മുഹമ്മദ് ചരക്കുകളുമായി ശാമിലേക്ക് യാത്ര തിരിച്ചു. ജോലിക്കാര്‍ക്കു പുറമേ ഖദീജയുടെ ഭൃത്യനായിരുന്ന മൈസറയുമുണ്ട് കൂടെ. മുഹമ്മദിന്റെ വിശിഷ്ഠമായ പെരുമാറ്റ രീതികളും ഉല്‍കൃഷ്ഠമായ സ്വഭാവഗുണങ്ങളും മൈസറയില്‍ അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനാദരവുകള്‍ സൃഷ്ടിച്ചു. സംഘത്തലവനായിരുന്നിട്ടും അങ്ങേയറ്റത്തെ വിനയത്തോടു കൂടിയാണ് പെരുമാറ്റം. വിശ്രമ വേളകളില്‍ സംഘാംഗങ്ങളെപ്പോലെ തന്നെ ജോലികള്‍ ചെയ്യും. ഖുറൈശി ഗോത്രത്തിലെ ഉന്നത കുലജാതനാണെന്ന നാട്യമോ അഹങ്കാരമോ അശേഷമില്ല. അതിനേക്കാളേറെ അയാളെ അദ്ഭുതപ്പെടുത്തിയത് ആ ആകാശകാഴ്ചയായിരുന്നു. യാത്ര തുടങ്ങി സൂര്യന്‍ ചൂടുപിടിച്ച് തുടങ്ങുമ്പോഴേക്ക് ഒരു മേഘം എല്ലാദിവസവും തങ്ങള്‍ക്ക് തണല്‍ വിരിക്കുന്നു. വിശ്രമത്തിനായി വഴിയിലെവിടെയെങ്കിലും തങ്ങിയാലോ മേഘവും സഞ്ചാരം നിര്‍ത്തുന്നു. ഇദ്ദേഹം ഒരസാധാരണ മനുഷ്യന്‍ തന്നെ മൈസറ മനസ്സില്‍ കരുതി.
യാത്രാമധ്യേ ബോസ്ത്‌റയില്‍ സംഘം വിശ്രമത്തിനായി അല്‍പനേരം തങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂത്വാലിബിനൊപ്പം മുഹമ്മദ് നടത്തിയ യാത്രയില്‍ അവര്‍ വിശ്രമിച്ച അതേ മഠത്തിന്റെ സമീപം. നെസ്‌തോര്‍ എന്ന സന്യാസിയായിരുന്നു അന്നത്തെ മഠാധിപതി. സവാരിമൃഗങ്ങള്‍ക്ക് വെളളം നല്‍കാനായി മഠത്തിനരികിലേക്ക് പോയ മൈസറയോട് നെസ്‌തോര്‍ മരത്തണലില്‍ വിശ്രമിക്കുന്നത് ആരാണ് എന്നന്വേഷിച്ചു. കഅ്ബയുടെ സംരക്ഷകരായ ഖുറൈശീ നേതാവിന്റെ പുത്രനാണ് എന്ന് മൈസറ മറുപടി നല്‍കി. നെസ്‌തോര്‍ പറഞ്ഞു: ഈസായെ സത്യവുമായി അയച്ചവനാണ് സത്യം. ആ വിശ്രമിക്കുന്ന വ്യക്തി ഒരു സാധാരണക്കാരനല്ല. വേദങ്ങളില്‍ സുവിശേഷമറിയിക്കപ്പെട്ട വാഗ്ദത്ത പ്രവാചകനാണദ്ദേഹം.
സംഘം സിറിയയിലെത്തി. മുഹമ്മദിന്റെ കച്ചവട രീതി മൈസറയെ അമ്പരപ്പിച്ചു. ചരക്കുകള്‍ വില്‍ക്കുന്നതിന് കളവുപറയുന്നില്ലെന്നതോ പോകട്ടെ, ചരക്കുകളുടെ വാങ്ങാന്‍ വരുന്നവര്‍ക്ക് ദൃശ്യമല്ലാത്ത ന്യൂനതകള്‍ വരെ അദ്ദേഹം അവര്‍ക്ക് വിവരിച്ചു കൊടുത്തിട്ടും അവര്‍ തൃപ്തിപ്പെട്ടെങ്കില്‍ മാത്രമേ വില്‍പനയുളളൂ. പക്ഷെ അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും കാരണം ചന്തയില്‍ ഏറ്റവുമാദ്യം വിറ്റു തീര്‍ന്നത് തങ്ങളുടെ ചരക്കുകളാണ്. കണക്കു നോക്കിയപ്പോഴാകട്ടെ സാധാരണയില്‍ കവിഞ്ഞ ലാഭവും. സിറിയയിലെ ചന്തയില്‍ നിന്നും മക്കയില്‍ വിറ്റഴിക്കാനുളള ചരക്കുകള്‍ വാങ്ങി സംഘം മടക്കയാത്രയാരംഭിച്ചു.
കച്ചവട സംഘം മക്കയോടടുക്കാറായി. മൈസറ മുഹമ്മദിനോട് ചരക്കുകള്‍ താന്‍ സാവകാശം എത്തിച്ചു കൊളളാമെന്നും വേഗം പോയി യജമാനത്തിയോട് കച്ചവടത്തിന്റെ വിശേഷങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. മുഹമ്മദ് വരുമ്പോള്‍ ഖദീജ മട്ടുപാവിലായിരുന്നു. പ്രകാശം പൊഴിക്കുന്ന മുഖവുമായി ഒട്ടകപ്പുറത്ത് വരുന്ന മുഹമ്മദിനെ കണ്ടപ്പോള്‍ തന്നെ ഖദീജയുടെ മനം കുളിര്‍ത്തു. അവര്‍ താഴേക്ക് ഇറങ്ങി വന്നു മുഹമ്മദിനെ സ്വീകരിച്ചു. യാത്രയെക്കുറിച്ചും കച്ചവടത്തെക്കുറിച്ചുമെല്ലാം മുഹമ്മദ് പ്രസന്നമായി വിവരിച്ചു. കച്ചവടത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിച്ചിരിക്കുന്നു. എന്നാല്‍ വിവരണത്തില്‍ അതിന്റെ വികാരതളളിച്ചയോ അഹങ്കാരമോ ഇല്ല. ഖദീജക്ക് മുഹമ്മദിന്റെ വ്യക്തിത്വത്തില്‍ അങ്ങേയറ്റത്തെ മതിപ്പ് തോന്നി. നിശ്ചയിച്ച പ്രതിഫലത്തിനു പുറമെ ധാരാളം പാരിതോഷികങ്ങളും നല്‍കി ഖദീജ മുഹമ്മദിനെ യാത്രയാക്കി.
മുഹമ്മദ് യാത്ര പറഞ്ഞിറങ്ങിയതിനു പിന്നാലെ മൈസറയും ഖദീജക്കു മുമ്പിലെത്തി. തന്റെ പുതിയ നായകനെക്കുറിച്ച് സംസാരിക്കാന്‍ നൂറു നാവായിരുന്നു മൈസറക്ക്. യാത്രയില്‍ അദ്ദേഹം പ്രകടിപ്പിച്ച സ്വഭാവ വൈശിഷഠ്യവും മഠാധിപതിയുടെ വാക്കുകളും സര്‍വ്വോപരി കച്ചവടത്തില്‍ പാലിച്ച സത്യസന്ധതയും അതോടൊപ്പം കച്ചവടത്തിലുളള വൈദഗ്ധ്യവുമൊക്കെ മൈസറ ഖദീജയെ വിസ്തരിച്ചു കേള്‍പ്പിച്ചു.
മൈസറ വിടവാങ്ങിയതിനു പിന്നാലെ പൂമുഖത്തെ ചപ്രമഞ്ചക്കട്ടിലിലരുന്ന് ഖദീജ മനോരാജ്യത്തിലാണ്ടു. അവരുടെ മനോമുകുരത്തിലേക്ക് മുഹമ്മദിന്റെ സുന്ദര മുഖം തെളിഞ്ഞു വന്നു.  ഇരുപത്തഞ്ച് വയസ്സ് പ്രായം. ഒത്ത ഉയരം. അധികം തടിച്ചിട്ടുമല്ല,മെലിഞ്ഞിട്ടുമല്ല. വിശുദ്ധവും വിസ്താരമുളളതുമായ മുഖവക്ത്രം, കറുത്ത വിശാലമായ കണ്ണുകള്‍, നേര്‍ത്തതും കൂടിച്ചേര്‍ന്നതുമായ പുരികം, സുറുമയിട്ട കണ്‍തടം. ലജ്ജാഭാവത്തോടു കൂടിയ പതിഞ്ഞ നോട്ടം. ഖദീജക്ക് മുഹമ്മദിനോട് തോന്നിയ മതിപ്പ് അനുരാഗമായി മാറാന്‍ അധികം താമസം വേണ്ടി വന്നില്ല. ഖദീജ സ്വയം മറന്നിരിക്കുമ്പോഴാണ് അവരുടെ ഉറ്റ സ്‌നേഹിത നുസൈഫ അവിടേക്കു വന്നത്. ഖദീജയെ കണ്ടമാത്രയില്‍ തന്നെ എന്തൊ വിശേഷമുണ്ടെന്നവര്‍ ഊഹിച്ചു. കാര്യം തിരക്കിയ തോഴിയോട് ഖദീജ സംഗതി മറച്ചു വെച്ചില്ല.  തന്റെ മോഹത്തിന് പ്രായം  തടസ്സമാവുമോ എന്ന ആശങ്കയും മറച്ചുവെച്ചില്ല. നുസൈഫ ഖദീജയുടെ ആശങ്ക മുകളിലേ നുളളി. ഖദീജക്ക് പ്രായം നാല്‍പത് ആണ്് എന്നതു വാസ്തവം തന്നെ. പക്ഷെ അതിനര്‍ത്ഥം അവരുടെ താരുണ്യം നീങ്ങിപ്പോയെന്നല്ല. കേമന്‍മാരായ പല ഖുറൈശി പ്രമാണിമാരും വിവാഹാഭ്യര്‍ത്ഥനയുമായി ഖദീജയെ സമീപിച്ചിരുന്ന കാര്യവും നുസൈഫ ഓര്‍മ്മപ്പെടുത്തി. മുഹമ്മദിനെ താന്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിച്ച് കാര്യങ്ങള്‍ മംഗളകരമാക്കാമെന്ന് നുസൈഫ ഖദീജക്ക് വാക്ക് നല്‍കുകയും ചെയ്തു.
ഹറമിന്റെ പരിസരത്ത് വിശ്രമിക്കുകയായിരുന്ന മുഹമ്മദിനെ കണ്ടെത്തിയ നുസൈഫ നേരെ വിഷയത്തിലേക്കു കടന്നു. ‘ എന്താണ് ഉദ്ദേശം, എന്നും ഈ രീതിയില്‍ ജീവിക്കാനാണോ പരിപാടി.’ നുസൈഫയുടെ ചോദ്യത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ മുഹമ്മദ് ‘ വിവാഹം കഴിക്കാനും ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തക്ക സാമ്പത്തിക സ്ഥിതി എനിക്കില്ല.’ എന്നാല്‍ അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും അത്തരം ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം താങ്കളെ ഒഴിവാക്കി തരാന്‍ തയ്യാറുളള സമ്പത്തും സൗന്ദര്യവും അന്തസ്സും ആഭിജാത്യവുമുളള ഒരു സ്ത്രീ തയ്യാറാണെന്നും നുസൈഫ അറിയിച്ചു. നുസൈഫയും ഖദീജയും തമ്മിലുളള ബന്ധമറിയാവുന്ന മുഹമ്മദ് ആ സ്ത്രീ ഖദീജയാണോയെന്നന്വേഷിച്ചു. നുസൈഫ അനുകൂല ഭാവത്തില്‍ തലകുനുക്കി. ‘അതെങ്ങനെ നടക്കാനാണ്, ഖുറൈശി പ്രമാണിമാരുടെ വിവാഹാലോചനകള്‍ പോലും അവര്‍ നിരസിച്ചതാണ്’ മുഹമ്മദിന് വിശ്വസിക്കാനാവുന്നില്ല. ഖദീജ ഖുറൈശീ പ്രമുഖരെ നിരസിച്ചത് അവര്‍ ഖദീജക്ക് പകരം അവരുടെ സമ്പത്തിനെയാണ് ആഗ്രഹിച്ചത് എന്നതു കൊണ്ടാണ്. ഖദീജ പരിഗണിക്കുന്നത് സമ്പത്തോ സാധ്വീനമോ അല്ല. മുഹമ്മദിന്റെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളും കുലീനതയുമാണ് അവരെ ആകര്‍ഷിച്ചിരിക്കുന്നത്. നുസൈഫ കാര്യങ്ങള്‍ വിശദീകരിച്ചു. അതുകേട്ടതോടെ മുഹമ്മദിന് ആശ്വസാമായെന്നു മാത്രമല്ല തന്റെ ജീവിത പങ്കാളിയാക്കാന്‍ അര്‍ഹയായ കുലീനയാണ ഖദീജ എന്ന് ബോധ്യപ്പെടുകയും ചെയ്തു. നുസൈഫ ഏറ്റെടുത്ത കാര്യം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം ഖദീജയെ അറിയിച്ചു. സന്തുഷ്ടയായ ഖദീജ മുഹമ്മദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഖദീജയുടെ വസതിയിലെത്തിയ മുഹമ്മദിനോട് ഖദീജ പറഞ്ഞു: താങ്കളുമായുളള കുടംബ ബന്ധത്തിന്റെ(ഖദീജയുടെ പിതൃ പരമ്പര ഹാശിം കുടുംബവുമായി ചേരുന്നുണ്ട്) പേരില്‍ താങ്കളെ ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ എന്നും നിഷ്പക്ഷനായിരുന്നു. ഒരിക്കലും ജനങ്ങളുടെ കാര്യത്തില്‍ ഒന്നിനെച്ചൊല്ലിയും പക്ഷം ചേരുന്നില്ല. വിശ്വസ്തതയുടേയും സ്വഭാവമഹിമയുടേയും പേരില്‍ ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു.’
മുഹമ്മദ് കാര്യങ്ങള്‍ തന്റെ പിതൃവ്യന്‍മാരുമായി ചര്‍ച്ച ചെയ്തു. അബ്ദുല്‍ മുത്വലിബ് ബനൂഅസദുമായി സംസാരിക്കാന്‍ അവരുമായി ഉറ്റ ബന്ധമുളള സഹോദരന്‍ ഹംസയെ ചുമതലപ്പെടുത്തി. ഹംസ ഖദീജയുടെ പിതൃവ്യന്‍ അംറ് ബിന്‍ അസദുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വിവാഹം നിശ്ചയിച്ചു. വധൂവരന്‍മാരെ ആശംസിച്ചു കൊണ്ട് അബൂത്വാലിബ് ഏതാനും വാക്കുകള്‍ സംസാരിച്ചു:

അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. നമ്മെ അവന്‍ പ്രവാചകന്‍മാരായ ഇബറാഹീം,ഇസമാഈല്‍ സന്തതികളില്‍ പെടുത്തി. മുഅദ്ദിന്റെ തറവാട്ടില്‍ നിന്നും മുളറിന്റെ ധാതുവില്‍ നിന്നുമായി പ്രത്യക്ഷപ്പെടുത്തി. അവന്‍ നമ്മെ അവന്റെ ഭവനത്തിന്റെ സൂക്ഷിപ്പുകാരും വിശുദ്ധ സ്ഥാനങ്ങളുടെ ഭരണ കര്‍ത്താക്കളുമാക്കി. അവയെ നമുക്ക് നിര്‍ഭയവും സുരക്ഷിതവുമായ ഗേഹങ്ങളാക്കിത്തീര്‍ത്തു. അവന്‍ നമ്മെ ജനങ്ങള്‍ക്കു മേല്‍ വിധി കര്‍ത്താക്കളാക്കി.
ഇത് എന്റെ സഹോദരന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദാണ്. ബുദ്ധിവൈഭവം, ഉല്‍കൃഷ്ടത, മഹത്വം മുതലായ ഗുണങ്ങളില്‍ ഖുറൈശികള്‍ക്കിടയില്‍ അദിതീയനാണ് അവന്‍. ശരിയാണ്, അവന്‍ സാമ്പത്തികസ്ഥിതി കുറഞ്ഞവനാണ്. പക്ഷെ ഒന്നോര്‍ക്കണം,സമ്പത്ത് നീങ്ങി പോകുന്ന നിഴലും മടക്കിക്കൊടുക്കേണ്ട വായ്പയും മറയുന്ന ഒരു കാര്യവും മാത്രമാണ്. അല്ലാഹുവാണ് സത്യം, ഇവന് മഹത്തായ ഒരു ഭാവിയും ശ്രേഷ്ഠമായ സ്ഥാനവും വരാനിരിക്കുന്നു. നിങ്ങളില്‍ പെട്ട ഖദീജയെ വിവാഹം കഴിക്കാന്‍ മുഹമ്മദ് ആഗ്രഹിക്കുന്നു. വിവാഹമൂല്യമായി ഇരുപത് ഒട്ടകങ്ങളെ നല്‍കാന്‍ മുഹമ്മദ് സന്നദ്ധമാണ്.
നവവരന്‍ രണ്ട് ഒട്ടകങ്ങളെ അറുത്ത് സദ്യ നല്‍കി. ഖദീജയുടെ ആദ്യ വിവാഹങ്ങളില്‍ ജനിച്ച കുട്ടികള്‍ പാട്ടു പാടുകയും ദഫ്മുട്ടുകയും ചെയ്തു. മുഹമ്മദിന്റെ പോറ്റുമ്മ ഹലീമയും കുടുംബവും വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. സദ്ഗുണസമ്പന്നായ മുഹമ്മദിനെ ഭര്‍ത്താവായി ലഭിച്ചതില്‍ ഖദീജ അങ്ങേയറ്റത്തെ സന്തോഷവതിയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം അവര്‍ പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കി. ഹലീമക്ക് ഒരൊട്ടത്തെയും നാല്‍പത് ആടുകളെയും ലഭിച്ചു. ഖദീജ അതി സമ്പന്നയാണ്. മുഹമ്മദ് ദരിദ്രനും. സമ്പത്തിലെ ഈ അന്തരം അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ബുദ്ധിമതിയായ ഖദീജ മുന്‍കൂട്ടി കണ്ടു. അവര്‍ തന്റെ ധനം മുഴുവന്‍ ഭര്‍ത്താവിന് സമര്‍പ്പിച്ചു. യഥേഷ്ടം വിനിയോഗിക്കാനുളള സ്വാതന്ത്യം നല്‍കി.
ജനനത്തിനു മുമ്പേ പിതാവും ബാല്യ പിന്നിടും മുമ്പേ മാതാവും പിതാമഹനും നഷ്ടപ്പെട്ട, വിധിയുടെ കടുത്ത പരീക്ഷണങ്ങള്‍ താണ്ടേണ്ടി വന്ന  തന്റെ സഹോദര പുത്രന് കരഗതമായ സൗഭാഗ്യം അബൂത്വാലിബിന്റെ മനം കുളിര്‍പ്പിച്ചു. നവദമ്പതികളെ ആശിര്‍വദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: വിഷമം ദുരീകരിക്കുകയും ദുഖം അകറ്റുകയും ചെയ്ത അല്ലാഹുവിന് സ്തുതി.

സൈദിന്റെ പ്രിയങ്കരന്‍
ബനൂ കല്‍ബ് ഗോത്രക്കാരനായ ഹാരിസ എന്തോ ദുസ്വപ്‌നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. എണീറ്റപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു. നന്നായി കിതക്കുന്നുമുണ്ട്. തൊട്ടരികിലുളള കൂജയിലെ വെളളം മുഴുവന്‍ ഒരിറക്കിന് കുടിച്ചു തീര്‍ത്തു. സ്വപ്‌നത്തില്‍ കണ്ട ദൃശ്യം ഓര്‍ക്കാന്‍ പോലും ധൈര്യം വരുന്നില്ല. തന്റെ ഏക പുത്രന്‍ പത്തു വയസ്സുകാരനായ സൈദിനെ ആരോ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. രക്ഷിക്കണേ…രക്ഷിക്കണേ എന്നലറി വിളിച്ചു കൊണ്ട് അവന്‍ കുതറി മാറാന്‍ ശ്രമിക്കുന്നുണ്ട്. കുടുംബ വീട്ടിലേക്കു പോയ ഭാര്യയുടേയും മകന്റേയും കാര്യം ഓര്‍ത്തു കിടന്നതു കൊണ്ടുളള പൊയ്ക്കിനാവാമായിരിക്കാവാമെന്ന് ആശ്വസിച്ചു കൊണ്ട് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു ഹാരിസ.
ഹാരിസയുടെ സ്വപ്‌നം പൊയ്ക്കിനാവായിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ ഹാരിസയെ തേടി ആ ദുഖവാര്‍ത്ത എത്തി. തലേന്ന് രാത്രി ബനൂഖയ്യാന്‍കാരായ ഏതാനും കുതിരപടയാളികള്‍ ഹാരിസയുടെ ഭാര്യ സഅ്‌ലബയുടെ ഗോത്രമായ ബനൂമിഅന്‍ ഗോത്രക്കാരുടെ വസതികള്‍ കൊളളയടിക്കുകയും ഏതാനും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തിരിക്കുന്നു. അക്കൂട്ടത്തില്‍  തന്റെ മകന്‍ സൈദും ഉള്‍പ്പെട്ടിരിക്കുന്നു. ദുഖാര്‍ത്തനായ ഹാരിസയും കുടുംബവും മകനെ അന്വേഷിച്ച് നാടുകള്‍ തോറും സഞ്ചരിച്ചു. കണ്ടു മുട്ടുന്ന യാത്രസംഘങ്ങളോടൊക്കെ മകനെപ്പറ്റി തിരക്കി. ഒടുവില്‍ ബനൂഖയ്യാന്‍കാര്‍ മകനേ ഏതോ അടിമചന്തയില്‍ വിറ്റതായി വിവരം ലഭിച്ചു.
അടിമ വ്യാപാരം ഒരു കാലഘട്ടത്തില്‍ അറേബ്യന്‍ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമായിരുന്നു. അതിനാല്‍ തക്കം കിട്ടിയാല്‍ കവര്‍ച്ചക്കാര്‍ യാത്രാസംഘങ്ങളെ കൊളളയടിച്ച് ദുര്‍ബലരായ സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയി അടിമചന്തയില്‍ വില്‍ക്കുക ജാഹിലിയ്യാകാലഘട്ടത്തിലെ (ഇസ്‌ലാമിനു മുമ്പുളള അജ്ഞാന കാലഘട്ടം) പതിവായിരുന്നു. അത്തരത്തില്‍ കൊളളയടിക്കപ്പെട്ട് അടിമചന്തയില്‍ വില്‍ക്കപ്പെട്ട ഹതഭാഗ്യനായിരുന്നു സൈദുബ്‌നുഹാരിസ.  കൊളളക്കാര്‍ ഉക്കാള് ചന്തയില്‍ വില്‍പന നടത്തിയ ആ ബാലനെ ഖുറൈശീ പ്രമുഖനായിരുന്ന ഹകീംബ്‌നു ഖുവൈലിദ് വാങ്ങി. ഹക്കീം തന്റെ പിതൃസഹോദരിയായിരുന്ന ഖദീജ ബിന്‍ത് ഖുവൈലിദിന് പാരിതോഷികമായി സൈദിനെ നല്‍കി. ഖദീജയുടെ ഭൃത്യനായി സൈദ് വളര്‍ന്നു വരുന്നതിനിടെയാണ് ഖദീജയും അവരുടെ വ്യാപാരപങ്കാളിയായിരുന്ന മുഹമ്മദും തമ്മിലുളള വിവാഹം നടക്കുന്നത്. ഖദീജ സൈദിനെ ഭര്‍ത്താവിനു സമ്മാനിച്ചു. സദ്ഗുണസമ്പന്നനായിരുന്ന തന്റെ പുതിയ യജമാനനുമായി സൈദ് ആത്മബന്ധം സ്ഥാപിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. ഇക്കാലയളവിലെല്ലാം തന്റെ നഷ്ടപ്പെട്ട മകനെയോര്‍ത്ത് വിലപിക്കുകയും കണ്ടുമുട്ടുന്നവരോടെല്ലാം അവനെപ്പറ്റി അന്വേഷിക്കുകയുമായിരുന്നു സൈദിന്റെ പിതാവ് ഹാരിസ.
അങ്ങനെയിരിക്കെയാണ് ഹജ്ജിനായി മക്കയിലെത്തിയ ഹാരിസയുടെ ചില കുടുംബക്കാര്‍ സൈദിനെ കണ്ടുമുട്ടുന്നത്. നാട്ടില്‍ തിരിച്ചെത്തിയ അവര്‍ വിവരം ഹാരിസിനെ അറിയിച്ചു. ഹാരിസ  ഉടനെ സഹോദരനെയും കൂട്ടി മക്കയിലേക്കു പുറപ്പെട്ടു. അവര്‍ മക്കയിലെത്തി  മുഹമ്മദിനെ സന്ദര്‍ശിച്ച് പറഞ്ഞു: അബ്ദുല്‍മുത്തലിബിന്റെ മകനേ, നിങ്ങള്‍ ഹറമിന്റെ പരിപാലകരും അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നവരും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവനുമാണ്.  താങ്കളുടെ അധീനതയിലുളള സൈദിന്റെ പിതാവും പിതൃവ്യനുമാണ് ഞങ്ങള്‍.  അതിനാല്‍ മതിയായ  മോചനദ്രവ്യം സ്വീകരിച്ച് അവനെ ഞങ്ങളോടൊപ്പം വിട്ടുതരണം’. പ്രവാചകന്‍ അവരോടു പറഞ്ഞു.  നമുക്ക് സൈദിനെ വിളിച്ച് എന്നെ വേണമോ നിങ്ങളെ വേണമോ എന്നു ചോദിക്കാം.  അവന്‍ നിങ്ങളോടൊപ്പം വരാന്‍ തയ്യാറാണെങ്കില്‍ യാതൊരു മോചനദ്രവ്യവും ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്കവനെ കൊണ്ടു പോകാം.  അതല്ല അവന്‍ എന്നെയാണ് തിരഞ്ഞടുക്കുന്നതെങ്കില്‍ എന്നെ തൃപ്തിപ്പെട്ട ഒരാളെ കയ്യൊഴിയാന്‍ ഞാന്‍ തയ്യാറല്ല.  പ്രവാചകന്‍ അവരോട് പറഞ്ഞു.  താങ്കള്‍ നിര്‍ദ്ദേശിച്ചത് അത്യുത്തമമായ രീതിയാണെന്ന് ഹാരിസ പ്രതിവചിച്ചു.  എന്നാല്‍ ആ പിതാവിനെ സ്തബ്ദനാക്കികൊണ്ട് സൈദ് തന്റെ പിതാവിനു പകരം പ്രവാചകനെയാണു തിരഞ്ഞെടുത്തത്. സ്വാതന്ത്യത്തിനു പകരം അടിമത്വത്തെയാണോ സൈദേ നീ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറ്റാരിലും  കാണാനാവാത്ത സദ്ഗുണങ്ങളുടെ വിളനിലമാണ് ഇദ്ദേഹമെന്നും അതിനാല്‍ ഞാന്‍ ഈ മനുഷ്യനെ വിട്ടുപിരിയുകയില്ലെന്നുമായിരുന്നു സൈദിന്റെ മറുപടി.
സൈദും പിതാവും തമ്മിലുളള സംഭാഷണത്തിന് സാക്ഷിയായപ്പോള്‍  സ്വന്തം മാതാപിതാളേക്കാളും തന്നെ സ്‌നേഹിക്കുന്ന സൈദ് ഇനിയും അടിമ എന്ന നിലയില്‍  തുടരുന്നത് അന്യായമാണെന്ന് മുഹമ്മദിനു തോന്നി. എന്തു കൊണ്ട് സൈദിനെ തന്റെ ദത്തു പുത്രനായി പ്രഖ്യാപിച്ചു കൂടാ. തനിക്കാണെങ്കില്‍ ഖദീജയില്‍ സൈനബ്, ഉമ്മുകുല്‍സു, റുഖിയ,ഫാതിമ എന്നീ നാലു പെണ്‍ മക്കളും ഖാസിം,അബ്ദുല്ല എന്നിങ്ങനെ രണ്ടു പുത്രന്‍മാരും ജനിച്ചിട്ടുണ്ടെങ്കിലും പുത്രന്‍മാരെ രണ്ടു പേരെയും ശൈശവത്തിലേ അല്ലാഹു തിരിച്ചു വിളിച്ചിരിക്കുന്നു. അറേബ്യന്‍ സാമൂഹിക സ്ഥിതിയില്‍ അനന്തരാവകാശിയായി ഒരു പുത്രന്‍ കൂടിയേ തീരൂ. അത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ. ഇപ്പോഴാകുമ്പോള്‍ അത്തരമൊരു പ്രഖ്യാപനം പുത്രവിരഹത്താല്‍ ദുഖിക്കുന്ന സൈദിന്റെ പിതാവിന് ഒരാശ്വാസമാവുകയും ചെയ്യും. സൈദിനെയും പിതാവിനെയും കൂട്ടി കഅ്ബാപരിസരത്തേക്ക് ചെന്ന് മുഹമ്മദ് അവിടെ കൂടിയിരുന്നവരോടായി പ്രഖ്യാപിച്ചു. ‘ഇന്നു മുതല്‍ ഇവന്‍ എന്റെ മകനാണ്.  ഞങ്ങള്‍ ഇരുവരും പരസ്പരം അനന്തരമെടുക്കുന്നതായിരിക്കും’.
തന്റെ പുത്രന്റെ സാമീപ്യം തനിക്കു നഷ്ടപ്പെട്ടെങ്കിലും മകന്‍ കഅ്ബയുടെ സംരക്ഷകരായ ഖുറൈശീ ഗോത്ര തലവന്റെ പേരക്കുട്ടിയും സദ്ഗുണസമ്പന്നനുമായ മുഹമ്മദിന്റെ  ദത്തുപുത്രനാണല്ലോയെന്ന ആശ്വാസത്തില്‍ ഹാരിസയും സഹോദരനും സ്വദേശത്തേക്ക് മടങ്ങി. അന്നു മുതല്‍ സൈദ് സൈദ്ബിന്‍ മുഹമ്മദ് എന്നറിയപ്പെടാനും തുടങ്ങി.

വിശുദ്ധ ഭവനത്തിന്റെ മധ്യസ്ഥന്‍

അറേബ്യയില്‍ അക്കൊല്ലത്തെ വര്‍ഷം കനത്തതായിരുന്നു. ചെങ്കുത്തായ മലനിരകളുടെ താഴവരയില്‍ സ്ഥിതിചെയ്യുന്ന മക്കാപട്ടണത്തിന് വര്‍ഷപാതം ഏല്‍പിച്ച ആഘാതം നിസ്സാരമായിരുന്നില്ല. മലനിരകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും ചെളിയും നിറഞ്ഞ വെളളം വിശുദ്ധ കഅ്ബാലയത്തിനും പരിസരത്തെ ഭവനങ്ങള്‍ കേടുപാടുകള്‍ വരുത്തി. അക്കാലത്ത് വിശുദ്ധ ഗേഹത്തിന്റെ ഉയരം ആറടിയാണ്. മേല്‍ക്കൂരയുമില്ല. അതിനാല്‍ മഴ കുതിര്‍ന്ന് ചുവരുകള്‍ നിലം പൊത്താറായിരിക്കുന്നു.
വിശുദ്ധ ഗേഹം പുതുക്കി പണിയല്‍ അനിവാര്യമാണെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. മക്കയ്ക്ക് അതിന്റെ പവിത്രത പ്രദാനം ചെയ്യുന്ന അല്ലാഹുവിന്റെ ഗേഹം പുതുക്കി പണിയാന്‍ അവര്‍ ഒരുക്കവുമാണ്. എന്നാല്‍  പുതുക്കി പണിയമെങ്കില്‍ വിശുദ്ധ ഗേഹത്തിന്റെ നിലവിലുളള ചുവരുകള്‍ പൊളിച്ചു മാറ്റണം. പക്ഷെ വിശുദ്ധഗേഹം അത് പുനര്‍ നിര്‍മ്മിക്കാനാണെങ്കിലും പൊളിക്കാന്‍ കൈവെക്കാന്‍ ധൈര്യമുളളവരാരുമില്ല മക്കയില്‍. ജനങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ഗേഹം തച്ചുതകര്‍ക്കാന്‍ വേണ്ടി ഉദ്യുക്തനായി മക്കയിലേക്ക് ആനപ്പടയുമായി വന്ന യമനിലെ ഭരണാധികാരി അബ്‌റഹത്തിന്റെയും കൂട്ടരുടെയും ദാരുണാന്ത്യം അവര്‍ കണ്ണുകൊണ്ട് കണ്ടതാണല്ലോ. അബ്‌റഹത്തും കൂട്ടരും താവളമടിച്ചിരുന്ന മക്കക്കടുത്ത മുഖാമിസിന്റെ  ആകാശത്തേക്ക് എവിടെ നിന്നെന്നറിയാതെ എത്തിയ അബാബീല്‍ പക്ഷികള്‍ കുഞ്ഞു തീക്കട്ടകള്‍ വര്‍ഷിച്ചപ്പോള്‍ അവരുടെ ദേഹങ്ങളില്‍ നിന്നും മാംസം ഉരുകിയൊലിച്ച് അടര്‍ന്നു വീണ സംഭവം അവര്‍ എങ്ങനെ മറക്കാനാണ്. കഅ്ബ തകര്‍ക്കാന്‍ വന്ന അബ്രഹത്തിനോട് അന്ന് അബ്ദുല്‍മുത്തലിബ് പറഞ്ഞവാക്കുകള്‍ അവരുടെ കാതുകളില്‍ ഇന്നും മുഴങ്ങുന്നുണ്ട്. ഖുറൈശികളുടെ നേതാവും കഅ്ബയുടെ പരിപാലകനുമെന്ന  നിലയില്‍ അബറഹത്ത് വിളിപ്പിച്ചതായിരുന്നു അബ്ദുല്‍ മുത്തലിബിനെ. അബ്‌റഹത്തിന്റെ താവളത്തിലെത്തിയ അബ്ദുല്‍ മുത്തലിബ് കഅ്ബയുടെ കാര്യം പരാമര്‍ശിക്കുക പോലും ചെയ്യാതെ അബ്‌റഹത്ത് പിടിച്ചെടുത്ത തന്റെ ഒട്ടകങ്ങളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. അബ്ദുല്‍മുത്തലിബിനെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ വലിയ മതിപ്പ് തോന്നിയിരുന്ന അബ്‌റഹത്ത് അന്തം വിട്ടുപോയി. തലമുറകളായി തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ, ഖുറൈശികളുടെ പേരും പെരുമക്കും ആധാരമായ വിശുദ്ധ ഗേഹത്തേക്കാള്‍ ഇയാള്‍ വിലകല്‍പിക്കുന്നത് ഏതാനും ഒട്ടകങ്ങള്‍ക്കോ. പുഛത്തോടെ തന്റെ മനോഗതം അബ്‌റഹത്ത് അബ്ദുല്‍മുത്വലിബിനോട് തുറന്നു പറഞ്ഞു. ശാന്തമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’ ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്. അവയുടെ സംരക്ഷണം ഞാന്‍ തനിയെ ഉറപ്പുവരുത്തിയേ തീരൂ. കഅ്ബയുടെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതിന്റെ സംരക്ഷണം അവന്‍ ഉറപ്പുവരുത്തിക്കൊളളും.’ അബ്ദുല്‍മുത്തലിബ് പ്രവചിച്ചതു പോലെ കഅ്ബയെ അല്ലാഹു സംരക്ഷിച്ചു. പില്‍ക്കാലക്കാര്‍ക്ക് മുഴുവന്‍ പാഠമെന്നോണം അബ്‌റഹത്തിനെ അവന്‍ നാമാവശേഷമാക്കി. കഅ്ബയുടെ നാഥന്റെ അജയ്യത തെളിയിക്കപ്പെട്ട ആ സംഭവം അറബികള്‍ ഒരിക്കലും മറക്കുകയില്ല. അതിനു ശേഷം അറബികളുടെ കാലഗണന പോലും ആനക്കലഹത്തിന് മുമ്പും ശേഷവുമെന്നാണ്.
പക്ഷെ ആനക്കലഹത്തിന്റെ സാഹചര്യമല്ല ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. അല്ലാഹുവിന്റെ ഭവനത്തെ തകര്‍ക്കാനോ ഇകഴ്ത്താനോ അല്ല ഇപ്പോള്‍ പൊളിക്കേണ്ടത്. മറിച്ച്,വിശുദ്ധ ഗേഹത്തിന്റെ നിലനില്‍പും ഭദ്രതയും ഉറപ്പു വരുത്താനാണ്. ദൈവകോപം ഭയന്ന്  അറച്ചു നിന്നാല്‍ക്കാവുന്ന സാഹചര്യമല്ല. ഇനിയൊരു കാറ്റിനെയോ മഴയേയോ അതിജീവിക്കാനുളള കരുത്ത് വിശുദ്ധ ഗേഹത്തിനില്ല. മന്ദിരം തകര്‍ന്നാല്‍ അതോടെ ഖുറൈശികളുടെ അന്തസ്സും തകര്‍ന്നടിയും.
അവസാനം രണ്ടും കല്‍പിച്ച് കഅ്ബ പുനര്‍നിര്‍മ്മാണം ആരംഭിക്കാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. അതിനായി ഫണ്ട് ശേഖരണവും ആരംഭിച്ചു. പക്ഷെ ഉത്തമമായ മാര്‍ഗത്തിലൂടെ നേടിയതല്ലാത്ത ധനം ദൈവികമന്ദിരത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ വേശ്യയുടേയോ പലിശ ഇടപാടുകാരന്റെയോ ധനം സ്വീകരിക്കുന്നതല്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. കഅ്ബയുടെ നാലു ചുവരുകള്‍ പൊളിക്കാന്‍ നാലു ഗോത്രങ്ങളെ ചുമതലപ്പെടുത്തി. പക്ഷെ ആര്‍ക്കും പ്രവൃത്തി തുടങ്ങാനുളള ധൈര്യമില്ല. ദൈവിക കോപം ഭയന്ന് അറച്ചു നില്‍ക്കുകയാണ് എല്ലാവരും. ഒടുവില്‍ മഖ്‌സൂം ഗോത്ര തലവനായ വലീദുബ്‌നു മുഗീറ ധൈര്യം അവലംബിച്ചു കൊണ്ട് കഅ്ബക്ക് മുകളില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ചോദിച്ചു: ജനങ്ങളേ, ഹറമിന്റെ ആളുകളേ, അല്ലാഹുവിന്റെ ഭവനത്തിന്റെ അയല്‍വാസികളേ നമ്മള്‍ കഅ്ബാശരീഫ് പൊളിക്കുന്നത് ന• ഉദ്ദേശിച്ചു കൊണ്ടോ അതോ കുഴപ്പമുണ്ടാക്കാനോ? നമ്മള്‍ ന•യും ദൈവപ്രീതിയുമാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ വിളിച്ചു പറഞ്ഞു.  എങ്കില്‍ സല്‍ക്കര്‍മകാരികളെ നശിപ്പിക്കുകയില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് വലീദ് പിക്കാസെടുത്ത് കഅ്ബയുടെ ചുമര്‍ പൊളിക്കാനാരംഭിച്ചു. അല്ലാഹുവേ, നീ ഞങ്ങളോട് കോപിക്കരുതേ, ഇതിലൂടെ നിന്റെ വിശുദ്ധ ഭവനത്തിന്റെ ന•യല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിക്കുന്നില്ല. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു വലീദ് ജോലി തുടര്‍ന്നത്. ജനങ്ങള്‍ വലീദിന്റെ പ്രവൃത്തി നോക്കി നിന്നു. വൈകുന്നേരം വരെ വലീദ് ജോലി ചെയ്തു. വലീദിന് ദൈവകോപം സംഭവിച്ചോ എന്നറിയാന്‍ ജനങ്ങള്‍ നേരം പുലരുന്നത് വരെ കാത്തിരുന്നു. വലീദ് യാതൊരു കുഴപ്പവും സംഭവിക്കാതെ പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും കഅ്ബാങ്കണത്തിലെത്തിയപ്പോഴാണ് ജനങ്ങള്‍ക്ക് വലീദ് ചെയ്യുന്നത് ശരിയാണെന്ന ബോധം വന്നത്. അതോടെ അവരെല്ലാവരും ധൈര്യസമേതം കഅ്ബ പൊളിക്കുന്നതില്‍ പങ്കുചേര്‍ന്നു.
കഅ്ബാശരീഫിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹജറുല്‍ അസ്വദ് തിരിച്ചു വെക്കേണ്ട സമയമായി. സ്വാഭാവികമായും വിശുദ്ധ ഗേഹത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ശിലയായതിനാല്‍ അതാരാണ് പുനസ്ഥാപിക്കേണ്ടത് എന്ന കാര്യത്തില്‍ വിവിധ ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് രക്തചൊരിച്ചിലിന്റെ വക്കോളമെത്തി. പുനസ്ഥാപനാവകാശത്തിനു വേണ്ടി അബുദ്ദാര്‍അദ്ദിയ്യ്  വംശങ്ങള്‍ പരസ്പരം മരണം വരെ പോരാടുമെന്ന്  പ്രതിജ്ഞയെടുത്തു.  അബുദ്ദാറുകാര്‍ കൈകള്‍ രക്തം നിറച്ച താലത്തില്‍ മുക്കി പ്രതിജ്ഞ ചെയ്തത് സംഭവത്തിന്റെ വൈകാരികത വര്‍ധിപ്പിച്ചു.
സാമൂഹിക വ്യവസ്ഥ എത്ര ദുഷിച്ചാലും അവരില്‍ വിവേകമതികളായ ചിലരെങ്കിലും അവശേഷിക്കുമല്ലോ. ചുറ്റുപാടുമുളളവര്‍ എത്ര പ്രകോപിതരായാലും അവര്‍ സമചിത്തത കൈവെടിയുകയില്ല. അത്തരക്കാരില്‍ പെട്ട ഒരാളായിരുന്നു വയോവൃദ്ധനായിരുന്ന അബൂഉമയ്യ ബിന്‍ മുഗീറ അല്‍ മഖ്‌സൂമി. അദ്ദേഹം ചെറിയ കുന്നിനു മുകളില്‍ കയറി വിളിച്ചു പറഞ്ഞു: ജനങ്ങളേ,നിങ്ങള്‍ ഒന്നിച്ചു നില്‍ക്കുക. വിശുദ്ധഗേഹത്തിന്റെയും അല്ലാഹുവിന്റെ ഹറമിന്റെയും പവിത്രത നശിപ്പിക്കാതിരിക്കുക. മഹത്തായ ഒരു ഉദ്യമത്തിനിറങ്ങിയ നിങ്ങള്‍ അല്ലാഹുവിന്റെ കോപത്തിനിരയാകാതിരിക്കുവിന്‍. അബൂഉമയ്യയുടെ വാക്കുകള്‍ സംഘര്‍ഷത്തിന് അയവു വരുത്തി. ഇനി ഹറമിലേക്ക് കടന്നു വരുന്ന വ്യക്തിയെ മധ്യസ്ഥനായി നിശ്ചയിക്കാമെന്ന് ഐക്യകണ്‌ഠേന തീരുമാനിക്കപ്പെട്ടു.
എല്ലാ കണ്ണുകളും  ഹറമിലേക്കുളള പ്രവേശനകവാടത്തിലേക്കുറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്, ആരാണ് കടന്ന് വരുന്നത് എന്നറിയാന്‍. അയാളുടെ തീരുമാനം തങ്ങള്‍ക്കനുകൂലമാവണേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. അപ്പോഴതാ, ദൂരേ നിന്നും ഒരാള്‍ വരുന്നു. ആകാംക്ഷയോടു കൂടി എല്ലാവരും ഉറ്റുനോക്കി ആരാണതെന്ന്. മുഹമ്മദ്! അല്‍ അമീന്‍. തങ്ങളുടെ സര്‍വ്വസമ്മത നേതാവായിരുന്ന അബ്ദുല്‍ മുത്തലിബിന്റെ പേരക്കുട്ടി. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി അദ്ദേഹം തങ്ങളുടെ കൂടെയുണ്ട്. അന്യായമായ ഒരു വാക്കോ പ്രവൃത്തിയോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതായി അവര്‍ക്കാര്‍ക്കും അനുഭവമില്ല. സര്‍വ്വോപരി നല്ല ബുദ്ധിമാനും പക്വമതിയുമാണ് അദ്ദേഹം. ഇതിലും നല്ല ഒരു മധ്യസ്ഥനെ ലഭിക്കാനില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു.
മുഹമ്മദ് വന്നപ്പോള്‍ ഖുറൈശികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കഅ്ബയുടെ പരിപാലനത്തിലും തീര്‍ത്ഥാടകര്‍ക്കുളള സേവനത്തിലും തങ്ങളുടെ പാരമ്പര്യവും അതുകൊണ്ട്  ഹജറുല്‍ അസവദ് എടുത്തുവെക്കാനുളള   അര്‍ഹതയെയും കുറിച്ച് ഓരോ ഗോത്രവും ശക്തമായ വാദങ്ങളും ന്യായങ്ങളും നിരത്തി. എല്ലാവര്‍ക്കും അവവരുടേതായ ന്യായീകരണങ്ങളുണ്ട്. ആരെയും തളളാനും പിണക്കാനും വയ്യ. ഹജറുല്‍ അസവദിന്റെ പുനസ്ഥാപനാവകാശം ഏത് വിഭാഗത്തിന് നല്‍കിയാലും രക്തചൊരിച്ചിലായിരിക്കും ഫലം. എന്തു ചെയ്യും. മുഹമ്മദ് ആലോചിച്ചു.
അല്പനേരത്തെ ആലോചനക്കു ശേഷം ഒരു വിരി കൊണ്ടുവരാന്‍ മുഹമ്മദ് നിര്‍ദ്ദേശിച്ചു. നിലത്തു വിരിച്ച വിരിയിലേക്ക് അദ്ദേഹം സ്വയം തന്നെ ആ കറുത്ത ശിലയെടുത്തു വെച്ചു. ശേഷം എല്ലാ ഗോത്രപ്രതിനിധികളോടും ഒന്നിച്ച് വിരിപ്പ് പൊക്കാനാവശ്യപ്പെട്ടു. യഥാസ്ഥാനത്തെത്തിയപ്പോള്‍ മുഹമ്മദ് തന്നെ അതെടുത്ത് കഅ്ബയില്‍ പ്രതിഷ്ഠിച്ചു. ആര്‍ക്കും ഒരെതിര്‍പ്പുമില്ല,പരാതിയുമില്ല. എല്ലാവരും സംതൃപ്തര്‍. കഅ്ബയുടെ പുനര്‍ നിര്‍മ്മാണം ഭംഗിയായി പൂര്‍ത്തീകരിക്കപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss