|    Jan 20 Fri, 2017 9:48 pm
FLASH NEWS

മരുഭൂമിയിലെ മെയ്മാസ സ്വപ്‌നങ്ങള്‍

Published : 7th May 2016 | Posted By: SMR

slug-nattukaryamപാതിമയക്കത്തില്‍ വീണുപോയവര്‍ പൂര്‍ണനിദ്രയിലേക്ക് ചാടിപ്പോവുന്നതിനാണ് കേരള മരുഭൂമി ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. ചൂടിന്റെ ഡിഗ്രി അമ്പരപ്പിക്കുന്നവിധം കൂടുമ്പോള്‍ ഇതില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് ബഡാ പരുന്ത് പറയുന്നത്. ഇപ്രകാരം പൂര്‍ണനിദ്ര പ്രാപിച്ച ചിലരുടെ നിനവുകള്‍ ഹിപ്‌നോട്ടിക് വിദഗ്ധന്മാര്‍ ഭാവിതലമുറയുടെ ഗവേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.
കുഞ്ഞൂഞ്ഞ്: ചൂട് അല്‍പം കൂടുതലുണ്ട് എന്നതൊഴിച്ചാല്‍ പൊതുവെ അനുകൂലമായ കാലാവസ്ഥയാണ്. ഒരു യുഡിഎഫ് തരംഗം തന്നെ സംഭവിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നാണ് കണിയാന്റെ ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞത്. സരിത-സോളാര്‍ വിഷയം കുത്തിപ്പൊക്കിയ റഷ്യന്‍ കെജിബിക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കാവിക്കാര്‍ അക്കൗണ്ട് തുറക്കുമത്രെ. നിയമസഭയെന്താ ബാങ്കാണോ? ഒലക്ക, ഇനി തുറന്നാല്‍ തന്നെ മ്മക്കെന്ത്? ചോപ്പന്മാരുടെ വോട്ട്ബാങ്കിലാണല്ലോ ചോര്‍ച്ച. കമ്മ്യൂണിസ്റ്റ് രഹിത കേരളം എന്ന മുദ്രാവാക്യം എത്ര മനോഹരമായിരിക്കും. ധൈര്യമുണ്ടെങ്കില്‍ പൂട്ടിയ ബാര്‍ തുറക്കുമെന്ന് അവര്‍ പറയട്ടെ. ആരോപണങ്ങള്‍ എല്ലാം സ്വാഗതാര്‍ഹമാണ്. സത്യത്തില്‍ ആരോപണങ്ങളില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഇത്രമാത്രം കരുത്താര്‍ജിക്കില്ലായിരുന്നു. ഏതായാലും അഞ്ചുകൊല്ലം കൂടി ജനകീയഭരണം കാഴ്ചവയ്ക്കാന്‍ കഴിയുന്നത് മലയാളികള്‍ക്ക് കിട്ടുന്ന ഭാഗ്യം തന്നെ. അപ്പോള്‍ നിങ്ങള്‍ക്കൊരു ചോദ്യമുണ്ടാവും. ആരാവും മുഖ്യമന്ത്രിയെന്ന്. ഈ കുഞ്ഞൂഞ്ഞ് തന്നെ. ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യത്തില്‍ തന്നെ അതുണ്ടല്ലോ.
അച്ചുമ്മാന്‍: നാറിയ കുഞ്ഞൂഞ്ഞ് ഭരണം ഇതാ ഒലിച്ചുപോവുകയായി. അണിയണിയായി തൊഴിലാളിവര്‍ഗം അണിനിരക്കുന്നതു കണ്ടില്ലേ? എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നല്ല ഇനി പറയുന്നത്. എല്‍ഡിഎഫ് വന്നു; എല്ലാം ശരിയായി വരുന്നു എന്നാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണം എത്ര സുന്ദരമായിരുന്നു. മൂന്നാറിലെ കെട്ടിടമാഫിയയെ പാലമരത്തില്‍ കെട്ടി ആണിയടിച്ചില്ലേ? സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചു. ബലാല്‍സംഗം ചായകുടിപോലെ അല്ലാതാക്കി. പണം എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു അന്ന് നാട്ടാര്. ഈ അച്ചുവിന് അതിനുള്ള കഴിവുണ്ടായിരുന്നു. കുഞ്ഞൂഞ്ഞ് താളത്തില്‍ തക്കിട തരികിട പറഞ്ഞ് നാല് സീറ്റ് അധികം പിടിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ് ഭരണം പോയി. അതിന്റെ ഫലമാണല്ലോ ജനം അനുഭവിച്ചത്. യുഡിഎഫ് ഇനിയും വരുമത്രെ. മുഖ്യനാവാന്‍ ഇന്നൊരാള്‍ മാത്രമാണ് യോഗ്യന്‍. അതാണ് ഈ അച്ചുമ്മാന്‍. എല്‍ഡിഎഫിന് 130 സീറ്റ് കിട്ടുമെന്ന് മലമ്പുഴയിലെ ഒരു മഹാമന്ത്രവാദി കണ്ടെത്തിയിട്ടുണ്ട്. വയസ്സ് 93 ആയത് ഒരു നേട്ടമാണ്. താന്‍ പാര്‍ട്ടിവിരുദ്ധന്‍ എന്ന് പിണറായി ഇപ്പോള്‍ പറഞ്ഞതെന്തിന്. നാക്കുപിഴയായിരിക്കും. യെച്ചൂരി തമ്പ്രാന്‍ കൂടെയുള്ളതിനാല്‍ പേടിക്കാനില്ല. വേണ്ടിവന്നാല്‍ ലാവ്‌ലിന്‍, ലവകുശന്‍, ടിപി എന്നൊക്കെ മന്ത്രിക്കാം. കാര്‍ഡുകള്‍ വേറെയുമുണ്ട്. ഏതായാലും 19 കഴിയട്ടെ. വിപ്ലവാഭിവാദ്യങ്ങള്‍.
പിണറായി: ഇതൊരു അദ്ഭുതപ്പെടുത്തുന്ന തരംഗം തന്നെ. എല്‍ഡിഎഫ് 140 സീറ്റും നേടിയാല്‍ അതില്‍ അദ്ഭുതമുണ്ടാവില്ല. അഴിമതി-വര്‍ഗീയ വിരുദ്ധ വികാരം ഇങ്ങനെയൊക്കെ ആഞ്ഞടിക്കുക എന്നുവച്ചാല്‍ അതിന്റെ അര്‍ഥമെന്താണ്! മുഖ്യമന്ത്രിസ്ഥാനാര്‍ഥി കരുത്തനായതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്? കണ്ണൂരിന്റെ വിശാലഭൂമികയിലേക്ക് നോക്കൂ! ജനരോഷത്തില്‍ കുഞ്ഞൂഞ്ഞും കറക്കുകമ്പനിയും ഭസ്മമാവാതിരുന്നാല്‍ ഭാഗ്യം. അച്ചുമ്മാന്‍ ഒതുങ്ങി എന്നു പറഞ്ഞാല്‍ അതൊരു സത്യം മാത്രമാണ്. എല്‍ഡിഎഫ് തരംഗത്തില്‍ ജനങ്ങള്‍ അച്ചുമ്മാനെ മറന്നു എന്നതാണു വസ്തുത. പിന്നെ സംസ്ഥാന കമ്മിറ്റിയും മ്മളെ കൈയിലാണല്ലോ. 93ാം വയസ്സില്‍ മുഖ്യമന്ത്രിമോഹം. കൊള്ളാം അതും ഒരു പാര്‍ട്ടിവിരുദ്ധന്. പ്രമേയം അവിടെ തന്നെയുണ്ട്. കാണിക്കേണ്ട സമയത്ത് അത് കാണിക്കും. ഇപ്പോള്‍ ഈ തരംഗത്തെ സെക്രട്ടേറിയറ്റിലെത്തിക്കുകയാണു പ്രധാനം. ലാല്‍സലാം.
രാജേട്ടന്‍: തോറ്റുതോറ്റ് മടുത്തു. ഇത്തവണ ജയിക്കുക മാത്രമല്ല, ഭരണചക്രം തിരിച്ച് ജനത്തെ വട്ടംകറക്കും. കേന്ദ്രത്തിലെ നല്ലനാളുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരണം. വെള്ളാപ്പള്ളിക്കും കമ്പനിക്കും ഒന്നോ രണ്ടോ മന്ത്രിസ്ഥാനം കൊടുക്കാം. ഈ കാവിതരംഗം തമിഴ്‌നാട്ടിലേക്കും വ്യാപിക്കുന്നതാണു കാണുന്നത്. അവിടെ ജയലളിതയും നിലംപരിശായാല്‍… ന്റെ പടച്ചോനെ, അതു സങ്കല്‍പിക്കാനാവുന്നില്ല. നേമത്തെ ജനങ്ങളുടെ ആവേശം ഗിന്നസ് ബുക്കില്‍ ചേര്‍ക്കേണ്ടതാണ്. കേരളമാകെ ആഞ്ഞടിക്കുന്ന കാവിതരംഗത്തില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ചത്തൊടുങ്ങും. പാവങ്ങള്‍. അവരുടെ വിധി അതാണെങ്കില്‍ ആര്‍ക്ക് രക്ഷിക്കാനാവും. രാമരാജ്യത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. രാജേട്ടന്‍ മന്ത്രിസഭ അതിലേക്കുള്ള സുപ്രധാന കാല്‍വയ്പായിരിക്കും. ഭാരത് മാതാ കീ ജയ്. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക