|    Jun 20 Wed, 2018 1:11 pm
FLASH NEWS
Home   >  Opinion   >  

മരുഭൂമികളുണ്ടാകുന്നത് ഇങ്ങനെയും

Published : 8th March 2017 | Posted By: mi.ptk

imthihan-SMALL‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കെന്നാത്മശാന്തി’ എന്നു ചൊല്ലി ദുരമൂത്ത മര്‍ത്യന്റെ ചെയ്തികള്‍ ഭൂമിയെ അനുദിനം മരണത്തിലേക്ക് തളളിവിട്ടുകൊണ്ടിരിക്കുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കവി ഒ എന്‍ വി കുറുപ്പ് ജീവിച്ചിരുന്ന കാലത്ത് ഇടതു ഓരം ചേര്‍ന്നാണ് നടന്നിരുന്നത്. കവിതയെയും ചലച്ചിത്രഗാനങ്ങളെയും ഒരേ പോലെ പരിണയിച്ച അദ്ദേഹം അതുവഴി വിദുഷികള്‍ക്കും പാമരന്‍മാരന്‍മാര്‍ക്കും ഒരു പോലെ പ്രിയംങ്കരനായി. കോളേജധ്യാപനത്തിലും സാഹിത്യരംഗത്തും ഒരു പോലെ കഴിവു തെളിയിച്ച് ജീവിതം സ്വാര്‍ഥകമാക്കിയ അദ്ദേഹത്തിന് അറിഞ്ഞേടത്തോളം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ പരാജയത്തിന്റെ കയ്പ് രുചി ആസ്വദിക്കേണ്ടി വന്നിട്ടുളളൂ. സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി തിരഞ്ഞെടുപ്പ് ഗോദയില്‍ എല്‍ ഡി എഫ് ബാനറില്‍ മല്‍സരിച്ചപ്പോഴായിരുന്നു അത്. കാര്യങ്ങളങ്ങനെയൊക്കെ ആണെങ്കിലും നാടുഭരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന് മണ്‍മറഞ്ഞ കവിയോടും കവിയുടെ പാരിസ്ഥിതിക വീക്ഷണങ്ങളോടും അത്ര പിരിശം പോരാ. മന്ത്രിസഭാംഗവും ആസ്ഥാന കവിയുമായ മഹാകവി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അക്കാര്യം വെട്ടിതുറന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭൂമിക്ക് ചരമഗീതമെഴുതിയ കവി കാലയവനികക്കുളളില്‍ മറഞ്ഞു എന്നാല്‍ കവിയുടെ പ്രവചനത്തിന് വിപരീതമായി  ഭൂമി മരിക്കാതെ നിലനില്‍ക്കുന്നു. അതിനാല്‍  കവിയുടെ പാരിസ്ഥിതിക വീക്ഷണം തികഞ്ഞ അബദ്ധമായിരുന്നു എന്നാണ് സുധാകരന്‍ജിയുടെ കണ്ടെത്തല്‍.

അഭൂതപൂര്‍വ്വമായ വരള്‍ച്ചക്കു അനുഭവ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് കേരളം. വരും മാസങ്ങളില്‍ ചൂടിന്റെയും വരള്‍ച്ചയുടേയും അളവ് ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയും ചെയ്യും. ചൂടും വരള്‍ച്ചയും  ഈ വര്‍ഷത്തെ പ്രത്യേക പ്രവണതയല്ലെന്നും ഓരോ വര്‍ഷവും അനുക്രമമായ രീതിയില്‍ ചൂട് വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അറുപത്തഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിന്റെ അന്തരീക്ഷ താപനില 0.66ഡിഗ്രി സെല്‍ഷ്യല്‍സ് വര്‍ധിച്ചിട്ടുണ്ട്. ഇത് പ്രതിവര്‍ഷം 0.01  ഡിഗ്രി എന്ന നിലയില്‍ വര്‍ധിച്ച് രണ്ടായിരത്തി അമ്പത് ആകുമ്പോഴേക്കും ഒരു ഡിഗ്രി വര്‍ധിക്കും. സമീപസംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളം ഒരു പച്ചതുരുത്താണ്. ആയിരത്തി അറുന്നൂറ് കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിലെ സമ്പന്നമായ വനമേഖല ഡക്കാന്‍ പീഠഭൂമിയിലെ വരണ്ട കാറ്റിനെ തടുത്തു നിര്‍ത്തി സമശീതോഷ്ണ കാലാവസ്ഥ പ്രദാനം ചെയ്തിരുന്നു. എന്നാല്‍ ഒരിക്കലും വീണ്ടെുക്കാനാവാത്ത വിധം ദ്രുതഗതിയില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വനസമ്പത്തിന്റെ ശോഷണം പ്രകൃതി കേരളത്തിനു സവിശേഷമായി നല്‍കിയിരുന്ന ഈ സംരക്ഷണം ഇല്ലാതാക്കി കൊണ്ടിരിക്കുകയാകുന്നു. പശ്ചിമഘട്ടത്തിലെ ചുരങ്ങളിലൂടെ ആഞ്ഞുവീശുന്ന ഡക്കാന്‍ പീഠഭൂമിയിലെ വരണ്ടകാറ്റ് കേരളത്തിന്റെ മണ്ണും വിണ്ണും വരണ്ടതാക്കുന്നു. വരണ്ട കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന മയിലുകള്‍ കേരളത്തില്‍ സാര്‍വത്രികമായി കാണാനാവുന്നതിനെപ്പറ്റിയും മരുഭൂമിയില്‍ വളരുന്ന കളളിച്ചെടികള്‍ കേരളത്തില്‍ നന്നായി വളര്‍ന്ന് പൂക്കുന്നതിനെക്കുറിച്ചുമെല്ലാമുളള റിപ്പോര്‍ട്ടുകള്‍  ഇതിനോട് ചേര്‍ത്തു വായിക്കണം. രൂക്ഷമായ വരള്‍ച്ചയുടെ കരാളഹസ്തങ്ങളിലേക്ക് കേരളം അമരാന്‍ പോകുന്നുവെന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുമ്പോഴും സര്‍ക്കാരിന്റെ വികസപരിപ്രേക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദപരമാകുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം. സഹസ്രാബ്ദങ്ങളുടെ പഴക്കമുളള ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടത്തിലേത്. മേഖലയിലെ മുഴുവന്‍ ജീവജാലങ്ങളുടേയും നിലനില്പില്‍ അതീവപ്രധാന്യമര്‍ഹിക്കുന്ന പ്രകൃതിയുടെ ആ അപൂര്‍വ്വ വരദാനത്തെ മനുഷ്യന്റെ കൈകടത്തലുകള്‍ നാമാവശേഷമാക്കിയപ്പോള്‍ അവശേഷിക്കുന്ന പച്ചതുരുത്തുകളെങ്കിലും സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ യു പി എ സര്‍ക്കാര്‍ പരിണതപ്രജ്ഞനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ്  ഗാഡ്ഗിലിനെ ഏകാംഗകമ്മീഷനായി നിയോഗിച്ചു. നാലു വര്‍ഷത്തെ കഠിനവും സൂക്ഷമവുമായ തന്റെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം ഗാര്‍ഡ്ഗില്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി ഭാവിതലമുറകളുടെ ജീവിതം ദുസ്സഹമാക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ കളളക്കളികള്‍ക്ക് വഴങ്ങാതെ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പക്ഷെ ക്ഷണിക താല്‍പര്യങ്ങള്‍ അന്ധമാക്കിയ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികളുടെ കൈകള്‍ പുറംലോകം ലോകം കാണിക്കാതെ കൊന്നുകളഞ്ഞു. ശേഷം ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കസ്തൂരിരംഗന്‍ നിയമിക്കപ്പെട്ടു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി സംരക്ഷണ പ്രധാനമായ മിക്ക ഭാഗങ്ങളും ഒഴിവാക്കി ഏറെ വെളളം ചേര്‍ത്ത് തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ ക്വാറി-ഖനന-ഭൂമി മാഫിയകളും കുടിയേറ്റകര്‍ഷകരുടെ രക്ഷക വേഷമണിഞ്ഞ രാഷ്ട്രീയക്കാരും സമ്മതിച്ചില്ല. യു പി എ അധ്യക്ഷ സോണിയാഗാന്ധിയില്‍ കേരളത്തിലെ ക്രൈസ്ത മത-രാഷ്ട്രീയ നേതൃത്വത്തിനുളള ദുസ്വധീനം ഇക്കാര്യത്തിനായി അവര്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. അതിനിടെ കേന്ദ്രത്തില്‍ എന്‍ഡി എ സര്‍ക്കാര്‍ അധികാരത്തിലേറി. അധികാരത്തിലേറുന്നതിനു മുമ്പ് പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പോരാ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ വേണം എന്നു വാദിച്ചവരായിരുന്നു ബിജെപിക്കാര്‍. അക്കാരണത്താല്‍ തന്നെ മോഡിയുടെ ആരോഹണം പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷകളും വളര്‍ത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ പാലം കടന്നപ്പോള്‍ അവരും കവാത്ത് മറന്നു. ഗാഡ്ഗിലിനായി മുറവിളി കൂട്ടിയവര്‍ കസ്തൂരിരംഗനെങ്കിലും നടപ്പാക്കിയാല്‍  മതിയെന്നായി. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം എല്ലാം ശരിയാക്കാന്‍ അധികാരത്തിലേറിയ പിണറായിയാകട്ടെ കസ്തൂരിരംഗന്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി അടയാളപ്പെടുത്തിയ ഭൂപരിധിയുടെ വിസ്തീര്‍ണം സാരമായി കുറച്ചു. ഭരണത്തിലിരിക്കുമ്പം നാലു ചക്രം തടയുകയും  അടുത്ത തിരഞ്ഞെടുപ്പില്‍ പത്തു വോട്ടു കിട്ടുകയും ചെയ്യുന്നതിനോളം വരികയില്ലല്ലോ പരിസ്ഥി സംരക്ഷണം.
പശ്ചിമഘട്ടത്തോടുളള ഇടതു സര്‍ക്കാരിന്റെ ക്രൂരത അവിടെ അവസാനിക്കുന്നില്ല. ലോകത്തിലെ തന്നെ അപൂര്‍വ്വമായ നിത്യഹരിത വനമേഖലയാണ് സൈലന്റ് വാലി പ്രദേശം. മനുഷ്യന്റെ കൈകടത്തലുകളില്‍ നിന്നും സുരക്ഷിതമായ ആ ഭൂമികന്യകയെ വികസന തീവ്രവാദികള്‍ എണ്‍പതുകള്‍ മുതല്‍ കണ്ണുവെക്കാന്‍ തുടങ്ങിയതാണ്.  സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുളള ഇടതുപക്ഷ പ്രവര്‍ത്തകര്‍ പൊതുരംഗത്തേക്കു കടന്നു വന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലും അല്ലാതെയും നടന്ന നീണ്ട പോരാട്ടങ്ങളിലൂടെയാണ് ഉദ്ബുദ്ധ കേരളം ആ പച്ചപ്പിനെ നിലനിര്‍ത്തിയത്. എന്നാല്‍ ഇടക്കിടെ ഭരണത്തിലിരിക്കുന്നവര്‍ക്ക് ആതിരപ്പളളി-വാഴച്ചാല്‍ പദ്ധതി ബാധ കയറാറുണ്ട്. അപ്പോഴൊക്കെ തട്ടാന്റെ വീട്ടിലെ മുയലിനെപ്പോലെ കേരളത്തിലെ പരിസ്ഥിതിപ്രേമികള്‍ ഞെട്ടിയുണര്‍ന്ന് അതിനെതിരെ ബഹളം വെച്ച് ആ ശ്രമം നുളളയിലേ നുളളിക്കളയും. എന്നാല്‍ ഇത്തവണത്തെ നിയമസഭാസമ്മേളനത്തില്‍ വൈദ്യുതമന്ത്രി നടത്തിയ പ്രസ്താവന കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ആതിരപ്പളളി പ്രൊജക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും  മരം മുറിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിസഭയിലെ നവാഗതന്‍ കൂടിയായ മണിയാശാന്റെ പ്രസ്താവന.
പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് നിയമസഭയില്‍ രേഖാമൂലമുളള മറുപടിയില്‍ സര്‍ക്കാര്‍ തന്നെ  പറയുന്നത് 138.6 ഹെക്ടര്‍ വനഭൂമിയെ പദ്ധതി ബാധിക്കുമെന്നാണ്. 42ഹെക്ടര്‍ വനഭൂമിയിലെ മരങ്ങള്‍ക്കു മേല്‍ കോടാലി വീഴും. അതീവപാരിസ്ഥിതിക പ്രാധാന്യമുളള അപൂര്‍വ്വ ആവാസവ്യവസ്ഥയിലുള്‍പ്പെടുന്ന പുഴയോരത്തെ അടിക്കാടുകള്‍ ഉള്‍പ്പെടുന്ന 104.4ഹെക്ടര്‍ ഭൂമി വെളളത്തിനടിയിലാവും. മാത്രമല്ല ആതിരപ്പളളിയില്‍ ഡാം നിലവില്‍ വരുന്നതോടെ  ലക്ഷണക്കിന് ജനങ്ങളുടെ ആശ്രയമായ ചാലക്കുടി പുഴ വറ്റിവരളും. മാത്രമല്ല പദ്ധതി കൊണ്ട് തല്‍പരകക്ഷികള്‍ അവകാശപ്പെടുന്ന തരത്തിലുളള പ്രയോജനം ലഭിക്കില്ലെന്നാണ് ഡോക്ടര്‍ മാധവ് ഗാഡ്ഗിലിനെപ്പോലുളള പ്രഗല്‍ഭ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം. മതിയായ വെളളം ലഭ്യമാകില്ല എന്നതിനാല്‍ പദ്ധതി സാമ്പത്തികമായും പരാജയമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
സൈലന്റ് വാലിയോട് മാത്രമല്ല ഇടതുസര്‍ക്കാരിന്റെ  വികസന അത്യാചരങ്ങള്‍. വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു ദിവസം പോലും ഒഴിയാതെ വരുന്ന വാര്‍ത്തയാണ് ക്വാറികള്‍ക്കെതിരെ നടക്കുന്ന പ്രാദേശികസമരങ്ങള്‍. കുടിവെളളവും അന്തരീക്ഷവായുവും മലിനമാക്കി ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം ക്വാറികള്‍ക്കെതിരില്‍ കക്ഷി രാഷ്ട്രീയഭേദമന്യേ ആബാലവൃന്ദം ജനങ്ങള്‍ സമരത്തിനിറങ്ങാറുണ്ട്. ബന്ധപ്പെട്ട അതോറിറ്റികള്‍ നിശ്ചയിച്ച യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളെ കടിഞ്ഞണിടാനുളള ഒരേ ഒരു മാര്‍ഗമായിരുന്നു വര്‍ഷാവര്‍ഷമുളള പാരിസ്ഥതികാനുമതി പത്രം നല്‍കുന്ന വ്യവസ്ഥ. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ കാലയളവ് അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തി. അതോടു കൂടി  വരം കിട്ടിയ ഭസ്മാസുരനെപ്പോലെ ജലസംഭരണികളായ കുന്നും പാറകളും ഇടിച്ചു പൊട്ടിച്ച് നാമാവശേഷമാക്കുന്ന ഇക്കൂട്ടര്‍ അഞ്ചുവര്‍ഷത്തേക്ക് സര്‍വ്വതന്ത്ര സ്വതന്ത്രര്‍.
തീര്‍ന്നില്ല പിണറായിയുടെ ശരിയാക്കലുകള്‍, കടിച്ചാല്‍ പൊട്ടാത്ത പാറയെ മാത്രമല്ല നിരുപദ്രവിയായ പാവം കളിമണ്ണിനെയും വെറുതെ വിടാനുളള ഭാവമില്ല. കുടിവെളളത്തിന്  കവിഭാവനയിലെ വേഴാമ്പലിനെ തോല്‍പിക്കുമാറ് നെട്ടോട്ടമോടുകയാണല്ലോ കേരളത്തിലെ ജനങ്ങള്‍. അതിനിടെയാണ്് കളിമണ്ണ് ഖനന വാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഇതിനായി സര്‍വ്വേ ആരംഭിച്ചു കഴിഞ്ഞതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. രേഖകളില്‍ നെല്‍വയല്‍ എന്നു രേഖപ്പെടുത്താത്ത എന്നാല്‍ കളിമണ്ണ് യഥേഷ്ടമുളളതിനാല്‍ ജലസംരക്ഷണത്തില്‍ വയലുകളുടെ അതേ ധര്‍മ്മം നിര്‍വഹിക്കുന്ന നിലങ്ങളെ  ഖനനമാഫിയകള്‍ക്ക് വിട്ടുകൊടുക്കാനുളള തീരുമാനം കേരളത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളെയും ചതുപ്പുകളെയും ഇല്ലാതാക്കുമെന്ന് ഉറപ്പ്.
മുഖ്യമന്ത്രി പറയുന്നത് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നിലവിലെ വികസന നയത്തെ അനുകൂലിക്കുന്നവരാണെന്നും അതിലൊന്നും പെടാത്ത ചില പരിസ്ഥിതി തീവ്രവാദികളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടുളള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ, വരും  തലമുറക്ക് കൂടി ഈ മണ്ണില്‍ താമസിക്കാന്‍ അവസരം നല്‍കണമെന്ന് പറയുന്നത് എങ്ങനെയാണ് സാര്‍ തീവ്രവാദമാകുന്നത്. അങ്ങനെയെങ്കില്‍ ഭൂമിക്കൊരു ചരമഗീതം പാടിയ കവിയെ എന്തു വിശേഷിപ്പിക്കണം സാര്‍?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss