|    Sep 19 Tue, 2017 10:23 pm
FLASH NEWS

മരുന്നിന്റെ ഗുണനിലവാരം: ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കര്‍ശനസംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിലവിലെ പരിശോധന ശക്തമാക്കും. ഈമേഖലയിലെ തട്ടിപ്പ് കണ്ടെത്താന്‍ ആവശ്യമെങ്കില്‍ പോലിസ് അന്വേഷണം നടത്തുമെന്നും വിഡി സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഉപയോഗകാലാവധി കഴിഞ്ഞ മരുന്നുകള്‍ റീലേബല്‍ ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ടെന്നും മരുന്ന് കഴിച്ച് മനുഷ്യര്‍ രോഗികളാവുന്ന അവസ്ഥ മാറ്റേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ രണ്ട് ലാബുകളിലായി നിലവില്‍ 42 പരിശോധകര്‍ മാത്രമാണുളളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ക്ഷാമം ഈ സര്‍ക്കാരിന്റെ കാലത്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുന്നുകമ്പനികള്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിച്ച് കേരളത്തെ കൊലയ്ക്കുകൊടുക്കുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. 80,000 ബ്രാന്‍ഡഡ് മരുന്നുകളുടെ നാലും അഞ്ചും ബാച്ച് മരുന്നുകളാണ് ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത്. കേരളത്തിലെ രണ്ടു ലാബുകളിലായി പ്രതിവര്‍ഷം 8,000 സാബിളുകള്‍ പരിശോധിക്കാനുളള സംവിധാനമാണുളളത്. ബാക്കിയുള്ള ഭൂരിഭാഗംവരുന്ന മരുന്നുകള്‍ യാതൊരു പരിശോധനയുമില്ലാതെയാണ് മെഡിക്കല്‍ ഷോപ്പുകളിലെത്തുന്നത്. ഈ സംവിധാനം പരിഷ്‌കരിക്കണം.
മരുന്ന് വിറ്റുകഴുയുമ്പോഴാണ് പലപ്പോഴും മരുന്ന് നിരോധിച്ചുകൊണ്ടുളള പരിശോധനാഫലം വരുന്നത്. മരുന്ന് കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് കൊള്ളനടത്തുക മാത്രമല്ല മനുഷ്യ ശരീരത്തിന് അപകടകരമായ മരുന്നുകള്‍ വിറ്റ് ജനങ്ങളെ രോഗികളാക്കുകയുമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടി മരുന്ന് വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും (കെഎംഎസ്‌സിഎല്‍) ചാത്തന്‍ കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങുന്നുണ്ട്. മരുന്നുകമ്പനികള്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് പ്രത്യേക പോലിസ് സംഘം അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക