|    Nov 17 Sat, 2018 2:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മരുന്നിനൊപ്പം പ്രാര്‍ഥനയും; കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ നൗഫല്‍ ജീവിതത്തിലേക്ക്

Published : 6th November 2018 | Posted By: AAK

 

ദമ്മാം: ഉറ്റവരുടെ മനമുരുകിയ പ്രാര്‍ഥനയും സന്നദ്ധസേവകരുടെ സമര്‍പ്പിത മനസ്സും കൈകോര്‍ത്തതോടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് വെള്ളാരംകുന്ന് സ്വദേശി ചേരിക്കല്ലന്‍ നൗഫലാണ് (28) മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തില്‍ നിന്ന് രക്ഷപ്പെട്ട് ആരോഗ്യ ജീവിതം വീണ്ടെടുക്കുന്നത്. ഗുരുതര പരിക്കുകളൊടെ ജുബൈല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം നാളെ ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രതിരിക്കുമെന്ന് കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഖാലിദ് തെങ്കര അറിയിച്ചു. കഴിഞ്ഞ മാസം 11നാണ് നൗഫലും സുഹൃത്ത് ശിഹാബും അപകടത്തില്‍ പെട്ടത്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. ജോലിയാവശ്യാര്‍ഥം ഖഫ്ജിയിലേക്കുള്ള യാത്രാ മധ്യേ ജുബൈലിനടുത്ത് ഇവരുടെ വാഹനം മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് പാറശ്ശേരി സ്വദേശിയായ ശിഹാബ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവു ചെയ്തു. പരിക്കേറ്റ് അതീവ ഗുരുതര നിലയിലായിരുന്ന നൗഫല്‍ വൈദ്യശാസ്ത്രം കൈവെടിഞ്ഞ അവസ്ഥയിലാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ചികിത്സയില്‍ നേരിയ മാറ്റം അനുഭവപ്പെട്ട ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയും അതിനു വേണ്ടിവരുന്ന ഭീമമായ ചെലവും കെഎംസിസി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തി. നൗഫലിന്റെ കമ്പനി നടത്തിപ്പുകാരന്‍ അബ്ദുല്‍ കരീം മണ്ണാര്‍ക്കാട്, ജുബൈല്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നൗഷാദ് തിരുവനന്തപുരം എന്നിവരുടെ ഒന്നിച്ചുള്ള നീക്കങ്ങളാണ് പിന്നെ ഫലം കണ്ടത്. വീല്‍ ചെയറില്‍ നാട്ടിലേക്ക് മടങ്ങുന്ന നൗഫലിന് ഇനിയും വിദഗ്ധ ചികിത്സ ആവശ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss