|    Mar 22 Thu, 2018 12:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മരുന്നിനുപോലും മരുന്നില്ല; നോക്കുകുത്തികളായി ജന്‍ഔഷധി

Published : 13th August 2017 | Posted By: fsq

 

സമദ്  പാമ്പുരുത്തി

ചില ഡോക്ടര്‍മാരെങ്കിലും കുറിപ്പടികളില്‍ ജനറിക് മരുന്നുകള്‍ എഴുതിത്തുടങ്ങിയ സമയത്ത് ആരംഭിച്ചതാണ് ജന്‍ഔഷധിയുടെ ശനിദശ. ആവശ്യത്തിന് മരുന്നുകള്‍ കിട്ടാത്തതിനാല്‍ സംസ്ഥാനത്തെ പല ജന്‍ഔഷധി സ്‌റ്റോറുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അധികപേരും ആവശ്യപ്പെട്ടുവരുന്ന മരുന്നുകളൊന്നും സ്‌റ്റോക്കില്ല. ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്‌റ്റോറുകള്‍ തുടങ്ങിയവര്‍ക്ക് നിത്യചെലവിനുപോലും വരുമാനമില്ല. സ്ഥാപന വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്കുപോലും വെളിയില്‍നിന്നു പണം കണ്ടെത്തേണ്ട അവസ്ഥ. തൊഴിലില്ലാത്ത ഫാര്‍മസിസ്റ്റുകള്‍, രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ്, എന്‍ജിഒ, ആശുപത്രികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, ട്രസ്റ്റ്, സൊസൈറ്റികള്‍, സ്വയംസഹായ സംഘങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ജില്ലകളിലായി ഇത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്റ്റര്‍ അണ്ടര്‍ടേക്കിങ് ഓഫ് ഇന്ത്യ (ബിപിപിഐ) അംഗീകാരം നല്‍കിയിട്ടുണ്ട്. റീട്ടെയില്‍ വ്യാപാരിക്ക് 20 ശതമാനം കമ്മീഷനും പ്രതിമാസം 10,000 രൂപ ഇന്‍സെന്റീവും നല്‍കിയാണ് പ്രവര്‍ത്തനം. മരുന്നുകള്‍ക്ക് ഒരുമാസം ക്രെഡിറ്റ് അനുവദിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഷോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ചിലതെങ്കിലും പ്രവര്‍ത്തിക്കുന്നത് ഭാഗികമായി മാത്രം. പദ്ധതി പ്രഖ്യാപിച്ചപ്പോഴേ ചില സംഘടനകള്‍ ഷോപ്പ് തുടങ്ങാന്‍ അനുമതി വാങ്ങിയിരുന്നു. പക്ഷേ, തുറന്നില്ല. ചട്ടപ്രകാരം അനുമതിപത്രം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല. ബിനാമികള്‍ വഴി ജന്‍ഔഷധി ഷോപ്പുകള്‍ സ്വന്തമാക്കിയ ആശുപത്രികളും വിരളമല്ല. എറണാകുളത്തെ മൊത്തവിതരണക്കാരനാണ് സംസ്ഥാനത്തെ ജന്‍ഔഷധി സ്‌റ്റോറുകള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, ഓര്‍ഡര്‍ നല്‍കി ഒരുമാസം കഴിഞ്ഞാലും മരുന്നുകള്‍ കിട്ടാത്ത അവസ്ഥ. ആവശ്യക്കാരേറെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ക്ഷാമം വേറെ. കേരളത്തിലെ ഏജന്‍സികള്‍ക്ക് മരുന്നുകള്‍ ഡല്‍ഹിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിലെ സാങ്കേതിക തടസ്സങ്ങളാണ് പ്രതിസന്ധിക്ക് മുഖ്യ കാരണം. മരുന്നുകള്‍ സംഭരിച്ച ശേഷം ഇടവിട്ടുള്ള പരിശോധനകള്‍ നടത്തി വിതരണത്തിനെത്തിക്കുന്ന രീതിയാണ് ജന്‍ഔഷധിയില്‍. നിലവാരമില്ലെന്ന കാരണത്താല്‍ ചില പ്രമുഖ കമ്പനികളുടെ മരുന്നുകള്‍ മടക്കിയ സംഭവങ്ങളും നിരവധിയുണ്ട്. ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിതരണത്തിനെത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതേസമയം, മരുന്നുക്ഷാമത്തിനു പിന്നില്‍ സ്വകാര്യ ലോബികളാണെന്ന ആരോപണവും ശക്തമാണ്. ജനറിക് മരുന്നുകളില്‍ പലതും ഗുണനിലവാരം കുറഞ്ഞവയാണെന്ന ആരോപണവും ജന്‍ഔഷധി മരുന്നുശാലകളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാന്‍ കാരണമായി. നാളെ: മരുന്നിലും രാഷ്ട്രീയം കലര്‍ത്തി ബിജെപി; ബദലുമായി സംസ്ഥാന സര്‍ക്കാര്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss