|    Feb 21 Tue, 2017 6:20 am
FLASH NEWS

മരുത്തടി കട്ടയ്ക്കല്‍ കായല്‍ നാശത്തിലേക്ക്; സംരക്ഷിക്കുമെന്ന് മേയര്‍

Published : 26th October 2016 | Posted By: SMR

കാവനാട്: പടിഞ്ഞാറെ കൊല്ലം മരുത്തടിയ്ക്ക് സമീപമുള്ള കട്ടയ്ക്കല്‍ കായല്‍ നാശത്തിലേക്ക്. ചുറ്റുപാടുമുള്ള കരകള്‍ ഇടിഞ്ഞ് കായലില്‍ പതിക്കുന്നതും വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് കായല്‍ നികരാനും നശിക്കാനും കാരണം. കാവനാട്, വള്ളിക്കീഴ്, രാമന്‍കുളങ്ങര, കരുമ്പുവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പെയ്യുന്ന മഴ വെള്ളം ഒഴുകി വട്ടക്കായലിലാണ് പതിക്കുന്നത്.  കായല്‍ നിറഞ്ഞാല്‍ ഇവ കട്ടയ്ക്കല്‍ കായല്‍ വഴി കടലിലേക്ക് എത്തും. അടുത്തകാലം വരെ കയര്‍ നിര്‍മാണത്തിനുള്ള തൊണ്ട് അഴുക്കുന്നതിന് ഉള്‍പ്പടെ കായല്‍ ഉപയോഗിച്ചിരുന്നു. കൂടാതെ വരാല്‍, കാരി, മൊശു തുടങ്ങിയ ധാരാളം നാടന്‍ മല്‍സ്യങ്ങള്‍ ഇവിടെ നിന്ന് ലഭിക്കുന്നതിനാല്‍ മല്‍സ്യബന്ധനവും സജീവമായിരുന്നു. എന്നാല്‍ ശക്തമായ മഴ ലഭിക്കുന്ന കാലങ്ങളില്‍ കായലിന് ചുറ്റാകെയുള്ള മണ്ണ് ഇടിഞ്ഞ് കായലില്‍ പതിക്കുക പതിവായി. അതോടൊപ്പം കായലിന്റെ പരിസരങ്ങളില്‍ നിന്നിരുന്ന നിരവധി പാഴ്മരങ്ങള്‍ കടപുഴകി കായലില്‍ വീണുകിടക്കാനും തുടങ്ങി. ഇതോടെ കായലിലൂടെ വള്ളങ്ങളില്‍ പോയി മല്‍സ്യബന്ധനം നടത്താന്‍ ആളുകള്‍ക്ക് കഴിയാതെയായി. കൂടാതെ വന്‍ തോതില്‍ മാലിന്യനിക്ഷേവും ഉണ്ടായതോടെ കായലിന്റെ പല ഭാഗങ്ങളും നികന്നു കഴിഞ്ഞു. കായലിന്റെ സമീപത്തുള്ള ഭിത്തികള്‍ കെട്ടി കായല്‍ സംരക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം നല്‍കുമെങ്കിലും ഇത് നടപ്പായിരുന്നില്ല. എത്രയും വേഗം കായല്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.അതേസമയം, കട്ടയ്ക്കല്‍ കായലിന്റെ സമഗ്ര വികസനത്തിന് വേണ്ടി കൊല്ലം കോര്‍പ്പറേഷന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ഉടന്‍ ചെയ്യുമെന്ന് മേയര്‍ വി രാജേന്ദ്രന്‍ ബാബു പറഞ്ഞു. കായല്‍ പുനരുദ്ധാരണ പദ്ധതി എന്ന പേരില്‍ കായല്‍ വികസന സമിതിയുടെയും വിവധ കല സാംസ്‌കാരിക സമിതികളുടെയും വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തിക്കുളങ്ങര പള്ളിയ്ക്ക് സമീപം സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടയ്ക്കല്‍ കായല്‍ വികസന സമിതി പ്രസിഡന്റ് അല്‍ഫോണ്‍സ്ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സോണിഷ. എസ് മീനാകുമാരി, എസ് ജയന്‍, മത്യാസ്അഗസ്റ്റിന്‍, അനില്‍കുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക