|    Apr 20 Fri, 2018 1:06 am
FLASH NEWS

മരിയാപുരം നാടന്‍വിപണി നടത്തിപ്പ് അവതാളത്തില്‍

Published : 20th March 2017 | Posted By: fsq

 

എടത്വാ: സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലാത്തതിനാല്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള എടത്വാ മരിയാപുരം വിപണിയുടെ നടത്തിപ്പ്  അവതാളത്തില്‍ .പ്രതിവര്‍ഷം ഒരു കോടി രൂപ വിറ്റുവരവുള്ള ഈ വിപണി ഓരോവര്‍ഷം കൂടുമ്പോഴും പുതിയ ഇടങ്ങള്‍ കണ്ടെത്തി മാറ്റേണ്ട ഗതികേടിലാണ്.
ഒരു കോടി വിറ്റു വരവുള്ള സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിന് സാധാരണഗതിയില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സിലില്‍ നിന്ന് സഹായം ലഭിക്കാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന പാരമ്പര്യവും ഒരു കോടിയില്‍ പരം വാര്‍ഷിക വിറ്റവരവുമുള്ള ഈ വിപണിക്ക് ഇതുവരെ നിലനില്‍പിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മൊത്തക്കച്ചവടക്കാരെത്തി കാര്‍ഷിക ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക്‌വാങ്ങി കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കര്‍ഷകര്‍ വിപണിയുമായി രംഗത്ത് എത്തിയത്.  ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിപണി പ്രവര്‍ത്തിക്കുന്നത്. 250 ല്‍ അധികംവരുന്ന കര്‍ഷകരാണ് പേര് രജിസ്റ്റര്‍ ചെയ്ത് വിപണിയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പടുത്തുന്നത്.രാസവളങ്ങമോ കീടനാശിനകയോ ഉപയോഗിക്കാത്ത ജൈവകൃഷി ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തുന്നവയില്‍ അധികവും.
മുട്ടാര്‍, ചെറുതന ,വീയപുരം, എടത്വാ, തകഴി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് വിപണിയിലെ കര്‍ഷകര്‍. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനതിട്ട തുടങ്ങിയ ജില്ലകളില്‍ നിന്നെത്തുന്നവരാണ് ഉത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. സീസണ്‍ സമയത്ത് 5 മുതല്‍ 10 ലക്ഷംരൂപയുടെവരെ വിപണനം നടക്കാറുണ്ട്. വര്‍ഷത്തില്‍ ഒരു കോടിയുടെ വിറ്റുവരവാണ് കണക്കാക്കുന്നത്. കൃഷിയിറക്ക് വേളയില്‍ അറുപതുശതമാനം കിഴിവില്‍ കര്‍ഷകര്‍ക്ക് വിത്ത് ലഭ്യമാക്കാന്‍ വിപണി മുന്‍കൈ എടുക്കുന്നു.
കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം, വിലത്തകര്‍ച്ച സംഭവിച്ചാല്‍ കര്‍ഷകന് സമാശ്വാസം ഇവയൊക്കെ വിപണിയുടെ പ്രത്യേകതയാണ്.  വാഴക്കുലകള്‍, പാവല്‍, പയര്‍, പടവലം, വെള്ളരി, ചീര, കോവല്‍, മത്തന്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ കൂടാതെ കുടംപുളി മുതല്‍ കോഴിമുട്ട വരെയും വിപണിയില്‍ യഥേഷ്ടം ലഭിക്കും.വിപണി നിലനിര്‍ത്തുന്നതിനും  കര്‍ഷകരെ സംരക്ഷിക്കുന്നതിനും  വിപണിക്ക് സ്വന്തമയി സ്ഥലവും കെട്ടിടവും അനിവാര്യമാണ്. കൃഷിമന്ത്രി ചെയര്‍മാനായുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ്  പ്രമോഷന്‍ കൗണ്‍സില്‍   ഇക്കാര്യത്തില്‍  നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss