|    Aug 19 Sat, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മരിച്ചാലും വേണം ആധാര്‍

Published : 5th August 2017 | Posted By: fsq

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്ന് മുതല്‍ മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ആള്‍മാറാട്ടം തടയുകയാണ് ലക്ഷ്യം. ജമ്മുകശ്മീര്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ അതിനായി പൂരിപ്പിച്ച അപേക്ഷാഫോറത്തിനൊപ്പം ആധാര്‍ നമ്പര്‍ നല്‍കണം. മരിച്ചയാളുടെ പേരില്‍ തട്ടിപ്പു നടത്തുന്നത് തടയാനാണ് ഇതെന്നും ആഭ്യന്തര വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. മരിച്ചയാളുടെ ആധാര്‍ നമ്പര്‍ അറിയാത്തപക്ഷം അപേക്ഷകനോ അപേക്ഷകയോ തനിക്ക് മരിച്ചയാളുടെ ആധാര്‍ നമ്പര്‍ അറിയില്ലെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മരിച്ചയാള്‍ക്ക് ആധാര്‍ ഇല്ലെങ്കില്‍ അതു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കളോ ഇണയോ മക്കളോ ഹാജരാക്കണമെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കളോ പരിചയക്കാരോ അതത് രജിസ്ട്രാര്‍ക്കു നല്‍കുന്ന അപേക്ഷയിലെ വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെറ്റായ വിവരങ്ങള്‍ ആരെങ്കിലും രജിസ്ട്രാര്‍ വകുപ്പില്‍ സമര്‍പ്പിച്ചാല്‍ 2016ലെ ആധാര്‍ നിയമത്തിന് കീഴിലും 1969ലെ ജനന-മരണ നിയമത്തിന് കീഴിലും ശിക്ഷാര്‍ഹമാണ്. ആള്‍മാറാട്ട തട്ടിപ്പ് തടയാനുള്ള ഫലപ്രദമായ മാര്‍ഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ ആവശ്യമില്ലെന്ന് റെയില്‍വേ സഹമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 12 അക്കമുള്ള ആധാര്‍ ഐഡി നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹയ്‌നാണ് രാജ്യസഭയെ അറിയിച്ചത്. അതിനിടെ, ഇളവു ലഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ കാണിക്കണമെന്ന നിയമം 2017 ജനുവരി ഒന്നു മുതല്‍ ആരംഭിച്ചതാണെന്നും മന്ത്രി അറിയിച്ചു. വരുന്ന ഒക്ടോബര്‍ ഒന്നു മുതല്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് റെയില്‍വേ സഹമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആധാര്‍ കാര്‍ഡ് രാജ്യത്തെ മുഖ്യവിഷയമാണ്. പല സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്താനുള്ള അന്തിമ തിയ്യതി ആഗസ്ത് 31 വരെയാക്കി. മാതൃസുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിനും ശിശുക്ഷേമ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യം, ക്ഷയരോഗികള്‍ക്ക് ദേശീയ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം, കര്‍ഷകര്‍ക്കും മറ്റുമുള്ള വിവിധതരം ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിലവില്‍ ഉത്തരവുണ്ട്.അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക