|    Apr 27 Thu, 2017 10:42 am
FLASH NEWS

മരിച്ചവരെ അംഗങ്ങളാക്കി മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ്

Published : 17th November 2016 | Posted By: SMR

എ ജയകുമാര്‍

ചെങ്ങന്നൂര്‍: കോഴഞ്ചേരി യൂനിയന്‍ ബാങ്കില്‍നിന്നും മരണപ്പെട്ടവരെ അംഗങ്ങളാക്കി മൈക്രോ ഫിനാന്‍സിന്റെ പേരില്‍ ആറര ലക്ഷത്തിന്റെ വായ്പ തട്ടി. മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ക്ക് വായ്പ നല്‍കാമെന്ന പഴുതുപയോഗിച്ച് മരിച്ചുപോയ നാല് അംഗങ്ങളുള്‍പ്പെടെ പതിനാലുപേര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിനാണ് വായ്പ അനുവദിച്ചത്. ബാങ്ക് മാനേജര്‍ രാധാമണിയുടെ ഒത്താശയോടെ വ്യാജസംഘം രൂപീകരിച്ച് പണം തട്ടുകയായിരുന്നു എന്നാണ് ആക്ഷേപം. ഇത്തരം വായ്പ നല്‍കണമെങ്കില്‍ അംഗങ്ങളുടെയെല്ലാം തിരിച്ചറിയല്‍ രേഖകളും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും അപേക്ഷയോടൊപ്പം ചേര്‍ക്കണമെന്നിരിക്കെ ബാങ്ക് ഇവയൊന്നുമില്ലാതെയാണ് വായ്പ നല്‍കിയിരിക്കുന്നത്.
പ്രവൃത്തിദിനമല്ലാത്ത 2015 മെയ് 1ാംതിയ്യതി 605/149 നമ്പരായി അംഗങ്ങളെക്കൊണ്ട് ഒപ്പിട്ടു ചേര്‍ത്തിരിക്കുന്ന ബാങ്ക് രജിസ്റ്ററില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരുപ്രസാദം എന്ന മൈക്രോ ഫിനാന്‍സ് യൂനിറ്റിനാണ് ബാങ്ക് വായ്പ അനുവദിച്ചിട്ടുള്ളത്. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂനിയന്‍ വൈസ് പ്രസിഡന്റും ദേവസ്വംബോര്‍ഡ് ജീവനക്കാരനുമായ പി ഡി ശ്രീനിവാസനാണ് അപേക്ഷകന്‍. എന്നാല്‍, ഇതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് ഇദ്ദേഹം ക്രൈംബ്രാഞ്ചിനു മൊഴി കൊടുക്കുകയും ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് പരാതിയും നല്‍കി. വിദ്യാഭ്യാസവകുപ്പു ജീവനക്കാരനുമായ പാണ്ടനാട് മാടാശ്ശേരില്‍ തെക്കതില്‍ മോഹനനാണ് രണ്ടാമത്തെ അപേക്ഷകന്‍. ഇദ്ദേഹവും ബാങ്കില്‍ പോവുകയോ ഒപ്പിട്ടു നല്‍കുകയോ ചെയ്തിട്ടില്ലെന്നും പറയുന്നു. ഇതില്‍ മൂന്നാം പേരുകാരനായ ശിവദാസന്‍, അഞ്ചാം പേരുകാരനായ രവീന്ദ്രന്‍, എട്ടാം പേരുകാരനായ തങ്കപ്പന്‍, പത്താം പേരുകാരനായ പൊന്നപ്പന്‍ എന്നിവര്‍ അപേക്ഷാ തിയ്യതിയായ 2015 മെയ് ഒന്നിന് മുമ്പ് മരണപ്പെട്ടുപോയവരാണ്.  ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂനിയനില്‍ രൂപീകരിച്ചിട്ടുള്ള മൈക്രോ ഫിനാന്‍സ് അംഗങ്ങളുടെ കോ-ഓഡിനേറ്ററാണ്  രാധാമണി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day