|    Dec 17 Sun, 2017 7:11 pm
FLASH NEWS

മരിച്ചവരില്‍ അഞ്ച് വര്‍ക്കല സ്വദേശികളും

Published : 11th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ അഞ്ച് വര്‍ക്കല സ്വദേശികളും. നിരവധി പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. വര്‍ക്കല കുരുനിലക്കോട് കൊച്ചാലുവിള വീട്ടില്‍ സുനില്‍ (47), ചെമ്മരുതി തോക്കാട് താഴെകുന്നുവിള വീട്ടില്‍ രവി (60), മുത്താന ചരുവിളവീട്ടില്‍ കൃഷ്ണന്‍ (70), വട്ടപ്ലാമൂട് കോളനിയില്‍ റോഡുവിളവീട്ടില്‍ ജി കൃഷ്ണന്‍ (65), ഇടവ ശ്രീയേറ്റ് അക്കരവീട്ടില്‍ നിന്നും കൂനമില്‍ അച്ചു മന്‍സിലില്‍ താമസിക്കുന്ന സച്ചു എന്നുവിളിക്കുന്ന ഖുര്‍ഷിദ് (19) എന്നിവരാണ് മരിച്ചത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു സുനില്‍. സുഹൃത്തുക്കളായ അയല്‍വാസികള്‍ക്കൊപ്പമാണ് ഇയാള്‍ പരവൂരില്‍ കമ്പക്കെട്ട് കാണാന്‍പോയത്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ ഇവര്‍ കൂട്ടം തെറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11ഓടെ കൊല്ല ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളുടെ കൂട്ടത്തില്‍നിന്നാണ് ബന്ധുക്കള്‍ സുനിലിനെ തിരിച്ചറിഞ്ഞത്. ഭാര്യ: മിനി. മക്കള്‍: അനു, അഖില. മുത്താന സ്വദേശിയായ കൃഷ്ണന്‍ കൂലിപ്പണിക്കാരനാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
കോണ്‍ക്രീറ്റ് ചീള് തലയില്‍ തറച്ചതിന്റെ ആഴത്തില്‍ മുറിവും വലതുകൈ തോളെല്ലില്‍ നിന്നും ഊരിപ്പോയ നിലയിലുമായിരുന്നു മൃതദേഹം. രാധയാണ് ഭാര്യ. മക്കള്‍: ഗിരിജ, ഗീത. മരുമക്കള്‍: സുനില്‍കുമാര്‍, ഷാജി. വട്ടപ്ലാമൂട് കോളനി നിവാസിയും കൂലിപ്പണിക്കാരനുമാണ് ജി കൃഷ്ണന്‍. അപകടത്തില്‍പ്പെട്ടു മരിച്ച ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. പരേതയായ രാധമ്മയാണ് ഭാര്യ. മരിച്ച ഖുര്‍ഷിദ് അച്ചു മന്‍സിലില്‍ സലിംകുട്ടി -ബദറുന്നിസ ദമ്പതികളുടെ മകനാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇടവ മേഖലയില്‍ നിന്നും പലരെയും കാണാതായതായി സൂചനയുണ്ട്.
അപകടം നടന്ന് ഒരു മണിക്കൂറിനകം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റ 40ഓളം പേരെ എത്തിച്ചിരുന്നു. ഇതില്‍ മൂന്നുപേര തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ചെവി തകര്‍ന്നും കാലൊടിഞ്ഞുമെത്തിയ ചിറക്കര ചരുവിള വീട്ടില്‍ ശശി, ചെവിയുടെ ഡയഫ്രം പൊട്ടി ചോരവാര്‍ന്ന നിലയിലെത്തിയ ഇലകമണ്‍ കല്ലുവിള വീട്ടില്‍ സുധീഷ്, തലയോട് പൊട്ടിയ നിലയിലെത്തിയ കളമുട്ടം കുന്നുവിള വീട്ടില്‍ മാഹീന്‍ എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.
രണ്ടുപേര്‍ സാരമായ പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റ വടശ്ശേരിക്കോണം ആല്‍ത്തറമൂട് വീട്ടില്‍ ഗംഗാധരന്‍, കാലൊടിഞ്ഞ് തൂങ്ങിയ നെടുമ്പറമ്പ് കാട്ടുവിള ഞാറക്കാട്ടുവിള വീട്ടില്‍ ദേവദാസ് എന്നിവരാണ് ചികില്‍സയിലുള്ളവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss