|    Oct 20 Sat, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മരിക്കണോ അതോ പോരാടണോ ; ചോദ്യമുയര്‍ത്തി ആട്ടക്കളം തെരുവുനാടകം

Published : 12th September 2017 | Posted By: fsq

 

കോഴിക്കോട്: തിന്നാനും എഴുതാനും ശ്വസിക്കാന്‍പോലുമുള്ള അവകാശം കവര്‍ന്നെടുക്കുമ്പോള്‍ മരിക്കണോ അതോ പോരാടണോ എന്ന ചോദ്യം പ്രേക്ഷകരിലേക്കെറിയുന്ന ആട്ടക്കളം തെരുവുനാടകം ഫാഷിസ്റ്റ് കാലത്ത് ഓരോ പൗരനും ജാഗ്രത്താവേണ്ട സന്ദേശം പകരുന്നതായി. ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡി കാര്‍ഡും റേഷന്‍ കാര്‍ഡും പാന്‍കാര്‍ഡുമെല്ലാമായി നൂറുകണക്കിന് തിരിച്ചറിയല്‍ രേഖകള്‍ക്കിടയിലും തിരിച്ചറിയപ്പെടാതെ പോവുന്ന സാധാരണക്കാരനെ വരച്ചുകാട്ടുന്ന നാടകം ഫാഷിസത്തിനുള്ള മറുമരുന്ന് കീഴടങ്ങലോ മരണമോ അല്ല, പോരാട്ടം തന്നെയാണെന്ന് പ്രേക്ഷകരെ ഉണര്‍ത്തുന്നു. തങ്ങളുടെ ജീവിതാനുഭവം തന്നെയാണോ നാടകം പറയുന്നതെന്ന് ഓരോരുത്തര്‍ക്കും തോന്നുംവിധമാണ് ആട്ടക്കളം അവതരിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയുമെല്ലാം നല്ലകാലത്തുനിന്ന് ഞാനും നീയുമെന്ന ഇടുങ്ങിയ കാലത്തേക്കും അവിടെ നിന്ന് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഫാഷിസ്റ്റ് കാലഘട്ടത്തിലേക്കുമുള്ള മാറ്റം ഹൃദ്യമായി പങ്കുവയ്ക്കാന്‍ നാടകത്തിനായിട്ടുണ്ട്. എല്ലാ കാര്‍ഡുകളും ഹാജരാക്കിയിട്ടും വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനാവാതെ ഓടിത്തളര്‍ന്ന് വിശപ്പടക്കാനായി ഹോട്ടലില്‍ കയറുന്ന കുടുംബനാഥന് ബീഫിന്റെ പേരില്‍ തന്റെ ഇഷ്ടഭക്ഷണം വേണ്ടെന്നുവയ്‌ക്കേണ്ടിവരുന്ന ദുരനുഭവം ആധുനിക ഇന്ത്യയുടെ നേര്‍പരിച്ഛേദമായി. ഒടുവില്‍ ഒരുതുണ്ട് കയറില്‍ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ ആ കയറിന് 18 ശതമാനം ജിഎസ്ടി കൊടുക്കേണ്ടിവരുന്ന പാവം മനുഷ്യന്റെ ദുരവസ്ഥ ജിഎസ്ടി സാധാരണക്കാരന് വരുത്തിവച്ച ഭീമമായ ബാധ്യത നമ്മെ ബോധ്യപ്പെടുത്തുന്നു. മരിക്കാനായി കയറൊരുക്കുമ്പോള്‍ വീണുകിട്ടുന്ന പത്രത്താളിലൂടെ ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന വാര്‍ത്ത വായിക്കുന്ന കഥാപാത്രം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ഈ കാലത്ത് താന്‍ മരിക്കേണ്ടവനോ അതോ പോരാട്ടം നടത്തേണ്ടവനോ എന്ന് സ്വയംചോദിച്ച് ഓരോ പ്രേക്ഷകനിലേക്കും ആ ചോദ്യമെറിഞ്ഞ്, അതേ ഈ ആസുരകാലത്ത് പോരാട്ടം തന്നെയാണ് മാര്‍ഗമെന്ന സന്ദേശം പകര്‍ന്ന് നാടകം അവസാനിപ്പിക്കുന്നു. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് കരിമ്പയാണ്. പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ജനകീയ നാടകസംഘം അരങ്ങിലെത്തിച്ച നാടകത്തില്‍ അഭിനയിച്ചത് കരുണാകരന്‍ പറമ്പിലാണ്.  സന്തോഷ് പാലക്കട സംഗീതനിയന്ത്രണവും വല്‍സന്‍ മാത്യു കവിതാലാപനവും നിര്‍വഹിച്ചു. സജിത് ടി കെയാണ് സാങ്കേതികസഹായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss