|    Aug 21 Mon, 2017 9:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മരാമത്ത് അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കും: മന്ത്രി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ മഴക്കാലത്തിനുശേഷം ഏറ്റെടുത്ത 200 കോടി രൂപയ്ക്കുള്ള 3,000ത്തോളം അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ റോഡുകളിലെ അറ്റകുറ്റപ്പണികള്‍, മറ്റു ബജറ്റ് പ്രവൃത്തികള്‍, കിഫ്ബി ധനസഹായത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ച് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പുരോഗതിയും വിലയിരുത്തി മുന്‍സര്‍ക്കാരിന്റെ സമീപനത്തില്‍നിന്നും വ്യത്യസ്തമായി ഭരണ-പ്രതിപക്ഷ വിവേചനമില്ലാതെ 140 മണ്ഡലങ്ങളെയും പരിഗണിച്ചുകൊണ്ടാണ് മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ക്കുള്ള തുക അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.
ബജറ്റ് പ്രവൃത്തികളുടെ കാര്യത്തിലും ഇതേ മാതൃകയാണ് സ്വീകരിക്കുന്നത്. യുഡിഎഫിന്റെ അഞ്ചുവര്‍ഷക്കാലം പ്രതിപക്ഷ എംഎല്‍എമാരെ തീര്‍ത്തും അവഗണിക്കുന്ന രീതിയിലായിരുന്നു മരാമത്തുവകുപ്പില്‍ പ്രവൃത്തികള്‍ അനുവദിച്ചത്. ഭരണപക്ഷത്തുള്ളവര്‍ക്ക് 373 കോടി അനുവദിച്ചപ്പോള്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് 3 കോടിയില്‍ താഴെ നല്‍കിയതായി കാണാം.
ഇപ്പോഴത്തെ പൊതുമരാമത്തു മന്ത്രിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ ലഭിച്ചത് കേവലം 6.66 കോടിയുടെ പണികള്‍ മാത്രമാണ്. കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തുനടത്തുന്ന പ്രവൃത്തികളുടെ ഇനിയും നല്‍കാനുള്ള ഡിപിആര്‍ അടിയന്തരമായി തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്‍വെസ്റ്റിഗേഷനാവശ്യമായ ഫണ്ട് കിഫ്ബിയില്‍നിന്നു ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന ഏത് പ്രവൃത്തിയും പരമാവധി പുതിയ നിര്‍മാണരീതി ഉപയോഗിച്ചും സമയബന്ധിതമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡീഷനല്‍ ചീഫ് സെക്രട്ടറിയെ കൂടാതെ റോഡുകളും പാലങ്ങളും വിഭാഗത്തിലെ ചീഫ് എന്‍ജിനീയര്‍, വിവിധ ജില്ലകളില്‍നിന്നുള്ള ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക