|    Sep 19 Wed, 2018 6:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മരപ്പല്ലികളുടെ വൈവിധ്യത്തിലേക്ക് പുതിയ രണ്ട് അതിഥികള്‍ കൂടി

Published : 31st August 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: മരപ്പല്ലികളുടെ രണ്ടു പുതിയ സ്പീഷീസുകളെ പശ്ചിമഘട്ട മലനിരകളില്‍ കണ്ടെത്തി. ഇതോടെ കേരളത്തിലെ ഉരഗജീവി സമ്പത്ത് 177 ആയും ഉയര്‍ന്നു. അഗസ്ത്യമല മരപ്പല്ലിയെ ചെന്തുരുണി വന്യജീവി സങ്കേതത്തിലെ 4000ലധികം അടി ഉയരമുള്ള പാണ്ടിമോട്ടയിലെ ചോലക്കാടുകളില്‍ നിന്നാണ് കണ്ടെത്തിയത്. കഴുത്തില്‍ നെക്ലേസ് പോലെ തൂവെള്ള നിറത്തിലുള്ള പൊട്ടുകളാണ് വലുപ്പമുള്ള ഈ മരപ്പല്ലികളുടെ പ്രത്യേകത.
മറ്റൊരിനമായ ആനമുടി മരപ്പല്ലിയെ മൂന്നാറിനടുത്തുള്ള ആനമുടി റിസര്‍വ് വനത്തിലെ പെട്ടിമുടിക്കടുത്തുള്ള ചോലക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ക്‌നാമാസ്പീസ് ആനമുടിയെന്‍സിസ് എന്നാണ് ശാസ്ത്രീയ നാമം. മരപ്പല്ലികളുടെ വ ര്‍ഗത്തില്‍ ഏറ്റവും ഉയരത്തില്‍ (ആറായിരത്തിലധികം അടി ഉയരത്തില്‍) വസിക്കുന്ന പല്ലികളാണ് ആനമുടി മരപ്പല്ലികളെന്ന് ജന്തുശാസ്ത്രജ്ഞനായ ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. തടിച്ചുരുണ്ടിരിക്കുന്ന ഈ പല്ലികള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടുനിറവും കണ്‍വലയങ്ങള്‍ക്ക് ചുവപ്പുനിറവുമാണ്.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ ഗവേഷകനായ വിവേക് ഫിലിപ് സിറിയക്, ബംഗളൂരുവിലെ എന്‍സിബിഎസിലെ അലക്‌സ് ജോണി, സുവോളജിക്കല്‍ സര്‍വേയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, വയനാട് വൈല്‍ഡിലെ നാച്വറലിസ്റ്റ് ആയ ഉമേഷ് പാവുകണ്ടി എന്നിവര്‍ അടങ്ങിയ പഠനസംഘമാണ് പല്ലികളെ കണ്ടെത്തിയത്.
അന്താരാഷ്ട്ര ജേണലായ സൂടാക്‌സയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss