|    Jun 21 Thu, 2018 6:19 am
FLASH NEWS

മരത്തണലിലെ മരണ പ്രതിജ്ഞ

Published : 2nd July 2016 | Posted By: Imthihan Abdulla

ramadan
—————————–

ക്കയിലെ എന്നല്ല,അറേബ്യന്‍ ഉപദീപിലെ ഒരു സാധാരണ അറബിക്കു പോലും ഏറെ വൈകാരിക ബന്ധമുണ്ടായിരുന്നു കഅ്ബയുമായി. എന്നിരിക്കെ തന്റെ പ്രപിതാവായ പ്രവാചക ശ്രേഷ്ഠന്‍ ഇബ്‌റാഹീം പണിതുയര്‍ത്തിയ പരിശുദ്ധ ഗേഹത്തോട് ഇബ്‌റാമി മില്ലത്ത്(മാര്‍ഗം) പുനസ്ഥാപിക്കാന്‍ നിയോഗിതനായ അന്ത്യ പ്രവാചകനുണ്ടാകാവുന്ന അടുപ്പം ഊഹിക്കാവുന്നതേയുളളൂവല്ലോ. പ്രവാചകന് ഏറെ പ്രിയപ്പെട്ടതായിരുന്നു മക്കയും അതിലെ പരിശുദ്ധ കഅ്ബയും. ജനനം മുതല്‍ മധ്യ വയസ്സ് പിന്നിടുന്നതു വരെ പ്രവാചകന്‍ ജീവിച്ചത് ആ പുണ്യ ദേവാലത്തിന്റെ പരിസരത്താണ്. തനിക്കും തന്റെ അനുചരന്‍മാര്‍ക്കും അടുത്ത കാലത്തൊന്നും മക്കയില്‍ സൈ്വര്യ ജീവിതം സാധ്യമാവില്ലെന്നും സത്യ ദീനിന്റെ പ്രചാരണത്തിന് പലായനം അനിവാര്യമാണെന്നും ബോധ്യപ്പെട്ടതു കൊണ്ടു മാത്രമാണ് അല്ലാഹുവിന്റെ കല്പന പ്രകാരം പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയത്.ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ മക്കയെ നോക്കി പ്രവാചകന്‍ പറഞ്ഞു.’അല്ലയോ മക്കാ!നീ അല്ലാഹുവിന്റെ ഏറ്റവും നല്ലതും അവന്ന് ഇഷ്ടപ്പെട്ടതുമായ പട്ടണമാകുന്നു.നിന്റെ ജനത എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും നിന്നെ വിട്ടു പോകുമായിരുന്നില്ല.’
ഹിജ്‌റക്കു ശേഷം ബൈത്തുല്‍ മുഖദ്ദസിനു പകരം കഅ്ബയെ ഖിബലയായി നിശ്ചയിച്ചതില്‍ പോലും പ്രവാചകന് കഅ്ബയോടുളള ആഭിമുഖ്യം കാരണമായിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു

പ്രവാചകനും അനുയായികളും മക്കയില്‍ നിന്നും പലായനം നടത്തിയിട്ട് ആറു വര്‍ഷം തികയുന്നു. മക്കയില്‍ പോകാനും ഉംറ നിര്‍വഹിച്ച് വിശുദ്ധ ഭവനത്തെ പ്രദക്ഷിണം ചെയ്യാനും പ്രവാചകനും വിശ്വാസികള്‍ക്കും അടക്കാനാത്ത ആഗ്രഹമുണ്ട്.എന്നാല്‍ കഅ്ബയുടെ ഊരാളന്‍മാരായി ചമഞ്ഞ ഖുറൈശികള്‍ പരിശുദ്ധ ഹറം ഉദ്‌ഘോഷിക്കുന്ന എല്ലാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി കൊണ്ട് അവരെ മക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതിനാല്‍ ആഗ്രഹ പൂര്‍ത്തീകരണത്തിനു അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ക്ഷമയവലംബിക്കുകയാണവര്‍.
അങ്ങനെയിരിക്കെയാണ് മക്കയില്‍ പോയി തല മുണ്ഡനം ചെയ്ത് നിരായുധരും നിര്‍ഭീതരുമായി വിശുദ്ധ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നതായി പ്രവാചകന്‍ സ്വപ്‌നം കാണുന്നത്. തന്റെ സ്വപ്‌നം പ്രാവര്‍ത്തികമാക്കാന്‍ യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങളിലൊന്നായ ദുല്‍ഖഅദ് മാസത്തില്‍ മക്കയിലേക്ക് ഉംറ തീര്‍ത്ഥാടനം നടത്തുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. മദീനയിലെങ്ങും വാര്‍ത്ത പരന്നു. തങ്ങളോടൊപ്പം ഉംറ ചെയ്യുന്നതിനു ക്ഷണിച്ചു കൊണ്ട് അമുസ്‌ലിം ഗോത്രങ്ങളിലേക്ക് സന്ദേശ വാഹകരെ പ്രവാചകന്‍ അയച്ചു. തീര്‍ത്ഥാടനമല്ലാതെ തങ്ങള്‍ക്കു മററു യാതൊരു ഉദ്ദേശവുമില്ലെന്നു മുഴുവന്‍ അറബി സമൂഹങ്ങളെയും അറിയിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം. അങ്ങനെ വരുമ്പോള്‍ ഖുറൈശികള്‍ തങ്ങളെ മക്കയിലേക്കു പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന പക്ഷം മററു ഗോത്രങ്ങളുടെ പിന്തുണ അവര്‍ക്കു ലഭിക്കാതിരിക്കാനായിരുന്നു അത്.മാത്രവുമല്ല തീര്‍ത്ഥാടകരായി എത്തുന്ന മുസലിംകള്‍ തടയപ്പെടുന്ന പക്ഷം അറേബ്യന്‍ സമൂഹത്തിനു മുമ്പില്‍ ഖുറൈശികള്‍ ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരാണെന്ന് മറ്റു അറബി ഗോത്രങ്ങള്‍ വിലയിരുത്തുകയും ചെയ്യും.അമുസലിംകളെ കൂടി തീര്‍ത്ഥാടനത്തിനു ക്ഷണിച്ചതിലൂടെ കഅ്ബാ തീര്‍ത്ഥാടനം പൊതു ബാധ്യതയാണെന്നു വരികയും ചെയ്യും.
ദുല്‍ഖഅദ് ഒന്നിന് പ്രവാചകന്‍ മക്കയിലേക്കു പുറപ്പെട്ടു.എഴുന്നൂറു ഒട്ടകങ്ങളും ആയിരത്തി നാനൂറു തീര്‍ത്ഥാടകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. യാത്രാ വേളകളില്‍ അറബികള്‍ പതിവായി ഉപയോഗിക്കാറുളള ഉറയിലിട്ട വാളുകളല്ലാതെ യാതൊരു ആയുധവും കയ്യിലുണ്ടായിരുന്നില്ല. മക്കയില്‍ ബലിയറുക്കാനുളള മൃഗങ്ങളെയും അവര്‍ കൂടെ കരുതിയിരുന്നു.ദുല്‍ഹുലൈഫയിലെത്തിയ പ്രവാചകന്‍ ഉംറക്കായി ഇഹ്‌റാമില്‍ പ്രവേശിച്ചു.പ്രവാചകനും കൂട്ടരും പുറപ്പെട്ട വിവരം ഖുറൈശികള്‍ അറിഞ്ഞു.എന്തു ചെയ്യണമെന്നറിയാതെ അവര്‍ അങ്കലാപ്പിലായി.
മുസ്‌ലിംകളെ മക്കയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകരെ തടഞ്ഞു എന്ന അപരാധം ചെയ്തവരായി അറബി ഗോത്രങ്ങള്‍ തങ്ങളെ മുദ്രകുത്തും. മുസലിംകള്‍ എതിര്‍പ്പൊന്നും കൂടാതെ മക്കയില്‍ പ്രവേശിച്ചാലോ മുഹമ്മദിനും കൂട്ടര്‍ക്കും മുമ്പില്‍ തങ്ങള്‍ കീഴടങ്ങിയെന്നു വരും. മാത്രവുമല്ല ഇസലാമിനോട് അകമേ താല്‍പര്യമുളള സാധാരണക്കാരായ മക്കാ നിവാസികളില്‍ ഇത്തരം ഒരനുകൂല സാഹചര്യം ഒത്തുവന്നാല്‍ എന്തു സംഭവിക്കുമെന്നു പ്രവചിക്കുക സാധ്യമല്ല. ഖുറൈശികളുടെ ആലോചനാ ക്യാ്ംപുകള്‍ സജീവമായി. അതിനിടയില്‍ ഖാലിദുബ്‌നു വലീദിന്റെയും ഇഖ്‌രിമത്തു അബീജഹലിന്റെയും നേതൃത്വത്തില്‍ ഇരുന്നൂറംഗ സൈന്യം മുസലിംകളെ തടയാന്‍ യുദ്ധസജ്ജരായി മുന്നോട്ടു വന്നു. ഈ സേന മക്കയിലേക്കുളള വഴിയില്‍ ദുതുവായില്‍ എന്ന സ്ഥലത്തു താവളമടിച്ചു.വിശ്വാസികളും തങ്ങളുടെ യാത്ര തുടര്‍ന്നു.ഉസ്ഫാന്‍ എന്ന പ്രദേശത്തെത്തിയപ്പോള്‍ അവിടുത്തുകാരായ ബനൂ കഅബ് ഗോത്രാംഗത്തോട് പ്രവാചകന്‍ സ്ഥിഗതികള്‍ അന്വേഷിച്ചു.ഖുറൈശികള്‍ യാതൊരു കാരണവശാലും മുസ്‌ലിംകളെ മക്കയിലേക്കു പ്രവേശിപ്പിക്കില്ലെന്നു പ്രതിജ്ഞ ചെയ്തിരിക്കുകയാണെന്നും അവര്‍ തങ്ങളുടെ പരമ്പരാഗത യുദ്ധവസ്ത്രമായ നരിത്തോല്‍ ധരിച്ചിട്ടുണ്ടെന്നും സൈന്യം ഇപ്പോള്‍ മാര്‍ച്ചു ചെയ്തു മുന്നോട്ടു നീങ്ങികൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിനു വിവരം ലഭിച്ചു.പ്രവാചകന്‍ പറഞ്ഞു’ഖുറൈശികളുടെ കാര്യം കഷ്ടം!യുദ്ധം അവരെ നശിപ്പിച്ചതു തന്നെ.എനിക്കും മുഴുവന്‍ അറബികള്‍ക്കുമിടയില്‍ ഒരു തീര്‍പ്പുണ്ടാകുന്നതു വരെ വഴിയില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ എന്തിനവര്‍ വിഷമിക്കണം.അറബികള്‍ എന്റെ കഥ കഴിച്ചാല്‍ അവരുടെ ഉദ്ദേശ്യം പൂര്‍ത്തിയാകുമല്ലോ.ഇനി എനിക്കാണ് വിജയമെങ്കില്‍ അവര്‍ക്ക് കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുകയുമാവാം.ഇനിയവര്‍ക്ക് അതിനു സന്മനസ്സില്ലെങ്കില്‍ സ്വന്തം ബലം പ്രകടിപ്പിച്ച് പൊരുതാം.എന്താണ് ഖുറൈശികള്‍ ധരിച്ചിരിക്കുന്നത്?അല്ലാഹുവാണ,ഏതൊരു ദൗത്യവുമായാണോ അവന്‍ എന്നെ നിയോഗിച്ചിരിക്കുന്നത്,അതിനു വേണ്ടിയുളള സേവനം ഞാന്‍ അനുസ്യൂതം തുടരുക തന്നെ ചെയ്യും.ഒന്നുകില്‍ ദൈവിക സന്ദേശത്തിനു മേധാവിത്തം ലഭിക്കുകയോ അല്ലെങ്കില്‍ പ്രസ്തുത ശ്രമത്തില്‍ എന്റെ ജീവന്‍ അര്‍പ്പിക്കപ്പെടുകയോ ചെയ്യുന്നതു വരെ’.വേണ്ടി വന്നാല്‍ ഒരു ജീവന്‍ മരണ പോരാട്ടത്തിനു തയ്യാറാണെന്നു പ്രഖ്യാപിച്ചെങ്കിലും സമാധാനകാംക്ഷ പ്രവാചകന്‍ കൈവെടിഞ്ഞിരുന്നില്ല.
ഏതു വിധേനയും ഒരു സംഘട്ടനം ഒഴിവാക്കണമെന്നു പ്രവാചകന്‍ ആഗ്രഹിച്ചു.ഖുറൈശികള്‍ തടഞ്ഞതല്ലാത്ത മറ്റേതെങ്കിലും വഴി മക്കയിലേക്കു കാണിച്ചു കൊടുക്കാന്‍ വഴി കാട്ടികളോട് പ്രവാചകന്‍ ആവശ്യപ്പെട്ടു.വിജനവും ദുര്‍ഘടവുമായ പാതയിലൂടെ സഞ്ചരിച്ച് അവര്‍ മക്കയുടെ ദക്ഷിണ ഭാഗത്തുളള ഹുദൈബിയാ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു.അവിടെ എത്തിയപ്പോള്‍ പ്രവാചകന്റെ ഒട്ടകം നിന്നു.കഅ്ബ തകര്‍ക്കാന്‍ ഉദ്ദ്യമിച്ചു കൊണ്ട് വന്നിരുന്ന അബ്‌റഹത്തിന്റെ ആനയെ തടുത്തു നിര്‍ത്തിയ അതേ ശക്തിയാണ് ഒട്ടകത്തേയും നിര്‍ത്തിയതെന്ന് പ്രവാചകന്‍ അനുയായികളോട് പറഞ്ഞു. ഖുറൈശികളും തങ്ങളുമായുളള രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുന്നോട്ടു വെക്കുന്ന ഏതൊരു സന്ധി നിര്‍ദ്ദേശവും പരിഗണിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു.മുസ്‌ലിംകള്‍ ഹുദൈബിയായില്‍ തമ്പടിച്ചു.
ഖുറൈശികളാവട്ടെ, മുസലിംകളുടെ നീക്കം സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഖാലിദുബ്‌നു വലീദിനെയും ഇകരിമത്തുബ്‌നു അബീജഹലിനെയും പോലുളളവര്‍ യുദ്ധോക്തരായിരുന്നുവെങ്കിലും മുതിര്‍ന്ന തലമുറയിലെ പക്വമതികള്‍ക്ക് എങ്ങനെയും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നായിരുന്നു.സ്ഥിതിഗതികള്‍ മനസ്സിലാക്കാനും പ്രവാചകനെ തന്റെ ഉദ്ദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കാനും വേണ്ടി ഏതാനും ദൂതന്‍മാരെ ഖുറൈശികള്‍ ഹുദൈബിയായിലേക്കയച്ചു.ഖുസാഅ ഗോത്രത്തലവനായ ബുദൈല്‍ ബിന്‍ വറഖയും സംഘവുമാണ് ആദ്യം വന്നത്.ഇഹ്‌റാം വസ്ത്രധാരികളായ വിശ്വാസികളെയും ബലിയടയാളം ചാര്‍ത്തിയ മൃഗങ്ങളെയും കണ്ട് പ്രവാചകന്‍ തീര്‍ത്ഥാടനം ഉദ്ദേശിച്ചു മാത്രമാണ് വന്നതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. പ്രവാചകന്‍ അവരോട് പറഞ്ഞു’ഞങ്ങള്‍ ഹറം സന്ദര്‍ശിക്കാന്‍ വേണ്ടി വന്നതാണ്.അതിന്റെ പവിത്രത ഞങ്ങള്‍ക്കറിയാം. യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല.യുദ്ധ താല്‍പര്യം ഖുറൈശികളുടേതാണ്. എന്തു കൊണ്ട് ഒരു സമാധാന ഉടമ്പടി ആയിക്കൂടാ. മടങ്ങിയെത്തിയ പ്രതിനിധി സംഘം മുസ്‌ലിംകളെ അവരുടെ മതപരമായ ബാധ്യത നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഖുറൈശികളെ ഉപദേശിച്ചു.എന്നാല്‍ ഉപദേശം സ്വീകരിക്കുന്നതിനു പകരം ദൂതന്‍മാര്‍ കൂറു മാറി എന്നു പറഞ്ഞു അവരെ ആക്ഷേപിക്കാനാണ് അവര്‍ മുതിര്‍ന്നത്. മുഹമ്മദ് യുദ്ധത്തിനല്ല വന്നതെങ്കില്‍ പോലും ഇത്രയും ആളുകളുമായി മക്കയില്‍ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്നും അവര്‍ വാദിച്ചു.ആദ്യ സംഘം പറഞ്ഞത് സത്യമാണോ എന്നറിയാന്‍ വേണ്ടി രണ്ടാമതൊരു ദൂതനെ കൂടി ഖുറൈശികള്‍ അയച്ചു.എന്നാല്‍ ഖുറൈശികളുടെ ധാരണകള്‍ തെറ്റിച്ചു കൊണ്ട് അയാളും തന്റെ മുന്‍ഗാമിയുടെ നിലപാടിനെ ശരിവെക്കുകയാണ് ചെയ്തത്.ഖുറൈശികളുടെ ആക്ഷേപത്തെ അദ്ദേഹം ഭയന്നില്ല.
സഹി കെട്ട ഖുറൈശികള്‍ ദൂതനായി തങ്ങളുടെ സഖ്യ കക്ഷിയായ അഹാബീശ് ഗോത്രത്തിന്റെ തലവന്‍ ഹുലൈസ് ബിന്‍ അല്‍ഖമയെ അയച്ചു.പ്രവാചകനും അയാളും തമ്മില്‍ സംസാരിച്ച് തെറ്റുന്ന പക്ഷം മുസലികള്‍ക്കെതിരില്‍ അഹാബീശ് ഗോത്രത്തിന്റെ പിന്തുണ ഉറപ്പാകുമെന്നായിരുന്നു ഖുറൈശികളുടെ കണക്കു കൂട്ടല്‍.എന്നാല്‍ നേര്‍ വിപരീതമാണ് സംഭവിച്ചത്.അയാള്‍ വരുന്നതു കണ്ട് പ്രവാചകന്‍ ബലി മൃഗങ്ങളെ അദ്ദേഹത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കല്പിച്ചു.അറബികള്‍ എക്കാലവും പവിത്രത കല്പിച്ചിരുന്ന ബലി മൃഗങ്ങളെ കണ്ടതോടെ ഖുറൈശികള്‍ മുസലിംകളോട് ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു.പ്രവാചകനോട് സംസാരിക്കാന്‍ പോലും ഹുലൈസ് കാത്തു നിന്നില്ല. തന്റെ മുന്‍ഗാമികളുടെ അതേ നിലപാടുമായാണ് ഹുലൈസ് മടങ്ങിയത്.മടങ്ങിെയത്തിയ ഹുലൈസ് നീതിയും ധര്‍മ്മവും പാലിക്കാന്‍ ഖുറൈശികളെ ഉപദേശിച്ചു.ഖുറൈശികള്‍ ഹുലൈസിനെ പുഛിച്ചു തളളി.അവര്‍ അദ്ദേഹത്തെ വിവരമില്ലാത്ത നാടന്‍ എന്നധിക്ഷേപിച്ചു.
തന്റെ ഉപദേശം ശ്രവിക്കാത്തതില്‍ ദേഷ്യപ്പെട്ട ഹുലൈസ് തീര്‍ത്ഥാടകരെ മതാനുഷ്ഠത്തില്‍ നിന്നും തടയാനല്ല തങ്ങള്‍ ഖുറൈശികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്നും മുഹമ്മദിനെയും കൂട്ടരെയും തടയുന്ന പക്ഷം തന്റെ ഗോത്രം മക്ക വിട്ട് പോകുമെന്നും ഭീഷണി മുഴക്കി.ഇതു കേട്ടു സംഭീതരായ ഖുറൈശികള്‍ എടുത്തു ചാടി തീരുമാനമെടുക്കരുതെന്നും തങ്ങള്‍ നിലപാട് പുനപരിശോധിക്കാമെന്നും അറിയിച്ചു.
അവസാന ശ്രമമെന്ന നിലയില്‍ ഖുറൈശികള്‍ ഉര്‍വ ബിന്‍മസ്ഊദുസഖഫിയെ തങ്ങളുടെ ദൂതനായി അയച്ചു.ഉര്‍വ പ്രവാചകനെ സമീപിച്ചു പറഞ്ഞു’മക്ക താങ്കളുടെ കൂടി ജന്മ സ്ഥലമാകുന്നു.ഖുറൈശികളും താങ്കളും തമ്മില്‍ നിരന്തര യുദ്ധങ്ങള്‍ നടന്നിട്ടുണ്ടാവാം.എങ്കിലും അലവലാതി ജനങ്ങളെയും കൂട്ടി താങ്കളുടെ ബന്ധുക്കള്‍ കൂടിയായ മക്കാ നിവാസികളെയും ആ വിശുദ്ധ പട്ടണത്തെയും തകര്‍ക്കരുത്.പിന്നീട് കൂടെ വന്ന ജനങ്ങള്‍ കൈവെടിയുന്ന പക്ഷം താങ്കളും ഒറ്റപ്പെട്ടു പോകും.’ഉര്‍വയുടെ അധിക പ്രസംഗത്തിനു അബൂബക്കര്‍ സിദ്ധീഖ് അതേ നിലയില്‍ തന്നെ മറുപടി നല്‍കി.അക്കാലത്ത് അറബികള്‍ സംസാരിക്കുമ്പോള്‍ പരസ്പരം താടി ഉഴിയുന്ന സമ്പ്രദായമുണ്ടായിരുന്നു.അതു പ്രകാരം ഉര്‍വ പ്രവാചകന്റെ താടിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സഭയിലുണ്ടായിരുന്ന മുഗീറ ബിന്‍ ശുഅ്ബ അതു തട്ടി മാറ്റി കൊണ്ടിരുന്നു.പ്രവാചകനോട് അദ്ദേഹത്തിന്റെ അനുയായികള്‍ കാണിക്കുന്ന കൂറും ബഹുമാനവും കണ്ട് ഉര്‍വ അദ്ഭുത സ്തബ്ദനായി.പ്രവാചകന്റെ വരവിന്റെ യഥാര്‍ത്ഥ ഉദ്ദേശവും അതു തടഞ്ഞാലുളള ഭവിഷത്തും നന്നായി ബോധ്യപ്പെട്ട ശേഷമാണ് ഉര്‍വ മടങ്ങിയത്.തിരിച്ചെത്തിയ ഉര്‍വ താന്‍ കണ്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഖുറൈശികളോട് പറഞ്ഞു.’പേര്‍ഷ്യന്‍-റോമന്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്.പക്ഷേ അവര്‍ക്കു ലഭിക്കുന്നതിനേക്കാള്‍ വലിയ ആദരവാണ് മുഹമ്മദിന് അനുയായികള്‍ നല്കുന്നത്.അദ്ദേഹത്തിന്റെ ഒരു രോമത്തിനു പോലും പോറലേല്‍ക്കുന്നത് അവര്‍ സഹിക്കുകയില്ല.അതിനാല്‍ എന്തു ചെയ്യണമെന്നു നിങ്ങള്‍ തീരുമാനിച്ചു കൊളളുക.’
കാര്യങ്ങള്‍ ഈ ഘട്ടത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ ഒരു ദൂതനെ ഖുറൈശികളുടെ അടുത്തേക്കയക്കാന്‍ തീരുമാനിച്ചു.ഖറാശ് ബിന്‍ ഉമയ്യയെയാണ് പ്രവാചകന്‍ തന്റെ ദൂതനായി നിയോഗിച്ചത്.എന്നാല്‍ പ്രവാചകന്റെ ദൂതന് നല്ല സ്വീകരണമല്ല മക്കയില്‍ ലഭിച്ചത്.ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഒട്ടകത്തെ കൊന്നു കളഞ്ഞു.ഖറാശിനെത്തന്നെയും വധിക്കാന്‍ അവര്‍ മുതിര്‍ന്നു.സഖ്യ കക്ഷിയായ അഹാബീശ് ഗോത്രം ഇടപെട്ടാണ് ഖറാശിനെ ഒരു വിധത്തില്‍ രക്ഷപ്പെടുത്തിയത്.
ഇതിനിടയില്‍ മക്കാ നിവാസികളായ അമ്പതോളം ചെറുപ്പക്കാര്‍ രാത്രി മുസലിം താവളത്തിനു നേരെ കല്ലേറു നടത്തുകയുണ്ടായി.ഇവരെ മുസ്‌ലിം സൈന്യം പിടികൂടി പ്രവാചകനു മുമ്പില്‍ ഹാജറാക്കി.എന്നാല്‍ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് പ്രവാചകന്‍ അവരെ നിരുപാധികം വിട്ടയച്ചു.യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്നായ ദുല്‍ഖഅദിന്റെയും ഹറം പരിധിയില്‍ പെട്ട ഹുദൈബിയയുടെയും പവിത്രതയെ മാനിക്കുന്നു എന്നും തന്റെ പ്രഖ്യാപിത നയമായ സമാധാനത്തിനു വേണ്ടി എന്തു വിട്ടു വീഴ്ചക്കും തയ്യാറാണെന്നും വ്യക്തമാക്കാനുമായിരുന്നു ഇത്.
പുരാതന കാലം മുതല്‍ക്കേ ദൂതന്‍മാരോട് അറബി-അനറബി സമൂഹങ്ങള്‍ പുലര്‍ത്തി പോന്നിരുന്ന മര്യാദ ലംഘിച്ചതു വഴി വ്യക്തമായ യുദ്ധപ്രഖ്യാപനമാണ് ഖുറൈശികള്‍ നടത്തിയത്.എന്നിട്ടും പ്രവാചകന്‍ സമാധാനകാംക്ഷ കൈവെടിഞ്ഞില്ല.പ്രവാചകന്‍ ഉസ്മാനു ബ്‌നു അഫാനെ ദൂതനായി ഖുറൈശി ക്യാംപിലേക്കയച്ചു.വഴിക്കു വെച്ച് അദ്ദേഹം അബാന്‍ ബിന്‍ സഈദിനെ കണ്ടുമുട്ടി. ഉസ്മാന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങുന്നതു വരെ അദ്ദേഹത്തിനു സംരക്ഷണം നല്‍കാന്‍ അബാന്‍ തയ്യാറായി.
മക്കയിലെത്തിയ ഉസ്മാനോട് ഖുറൈശികള്‍ പറഞ്ഞു.’താങ്കള്‍ക്കു വേണമെങ്കില്‍ കഅ്ബ പ്രദക്ഷിണം ചെയ്യാം.പ്രവാചകന്‍ പ്രദക്ഷിണം ചെയ്യാതെ താന്‍ ചെയ്യില്ലെന്ന് ഉസ്മാന്‍ തീര്‍ത്തു പറഞ്ഞു.’ആദരണീയമായ ഈ പുരാതന ഗേഹം സന്ദര്‍ശിച്ച് ആരാധന നിര്‍വഹിക്കുവാനും ബലിയര്‍പ്പിക്കാനും മാത്രമാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.അതു കഴിഞ്ഞാല്‍ ഞങ്ങള്‍ സമാധാനപരമായി മടങ്ങുന്നതാണ്.’എന്നാല്‍ ഈ വര്‍ഷം ഒരു കാരണവശാലും പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്ന് തങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ മടങ്ങണമെന്നും ഖുറൈശികള്‍ തീര്‍ത്തു പറഞ്ഞു. ചര്‍ച്ചകള്‍ നീണ്ടു പോയി. ദിവസങ്ങള്‍ പിന്നിട്ടു.ഉസ്മാന്റെ വിവരങ്ങളൊന്നും ലഭിക്കാത്തത് മുസ്‌ലിംകളില്‍ പരിഭ്രാന്തി പരത്തി.അതിനിടയില്‍ ഉസ്മാന്‍ വധിക്കപ്പെട്ടു എന്ന കിംവദന്തി പ്രചരിപ്പിക്കപ്പെട്ടു.പവിത്രമായ ഹറമിന്റെയോ യുദ്ധം വിലക്കപ്പെട്ട മാസങ്ങളുടെയോ ഉംറ തീര്‍ത്ഥാടകന്റെയോ ആദരണീയതയെ മാനിക്കപ്പെട്ടില്ലെന്ന തോന്നല്‍ പ്രവാചകനിലും അനുചരന്‍മാരിലും രോഷമുണര്‍ത്തി.തന്റെ ജാമാതാവും അടുത്ത അനുയായിയുമായ ഉസ്മാന്റെ വധത്തിനു പകരം വീട്ടാതെ അടങ്ങിയിരിക്കില്ലെന്നു പ്രവാചകന്‍ തീരുമാനിച്ചു.യുദ്ധത്തിനൊരുങ്ങാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തു.യുദ്ധത്തിനുളള യാതൊരു മുന്നൊരുക്കവും കൂടാതെയാണ് മുസ്‌ലിംകള്‍ വന്നിരുന്നത്.എന്നാല്‍ അതൊന്നും കൂസാതെ അവര്‍ പ്രവാചകന്റെ ആഹ്വാനം ശിരസാവഹിക്കാന്‍ തയ്യാറായി.ഹുദൈബിയായില്‍ പ്രവാചകന്‍ അപ്പോള്‍ വിശ്രമിച്ചിരുന്ന മരത്തിന്റെ ചുവട്ടില്‍ വെച്ച് വിശ്വാസികള്‍ മരണ പ്രതിജ്ഞയെടുത്തു.എന്തു തന്നെ സംഭവിച്ചാലും, മരണം മുന്നില്‍ കണ്ടാലും തങ്ങള്‍ യുദ്ധക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടില്ലെന്ന് അവര്‍ പ്രവാചകന്റെ കരത്തില്‍ സ്വന്തം കരങ്ങള്‍ ചേര്‍ത്തു കൊണ്ട് പ്രതിജ്ഞയെടുത്തു.വിശ്വാസികളുടെ വീരോചിതവും ആദര്‍ശപ്രോക്തവുമായ നിലപാടില്‍ അല്ലാഹുവും പ്രവാചകനും സംതൃപ്തരായി.വിശ്വാസികള്‍ നടത്തിയ പ്രതിജ്ഞ ബൈഅത്തു രിളവ്ന്‍ എന്ന പേരില്‍ പ്രസിദ്ധമായി.ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് ഖുര്‍ആന്‍ അവതീര്‍ണമായി:
‘ആ മരച്ചുവട്ടില്‍ വെച്ച് സത്യ വിശ്വാസികള്‍ താങ്കളോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു.അവരുടെ ഹൃദയങ്ങളിലുളളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് അവന്‍ മനസ്സമാധാനം ഇറക്കി കൊടുക്കുകയും,ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു’
വിശുദ്ധ ഖുര്‍ആന്‍ അധ്യായം 48 സൂറത്തുല്‍ ഫത്ഹ് സൂക്തം 18

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

എണ്ണത്തില്‍ കാര്യമില്ലെന്നു തെളിയിച്ച് ഹുനൈന്‍

ആകാശ ലോകത്തെ അമ്പരപ്പിച്ച അതിഥി സല്‍ക്കാരം

മൂലധനം നഷ്ടപ്പെട്ടിട്ടും കച്ചവടം ലാഭകരം!

അവര്‍ രണ്ടു പേര്‍; കൂടെ അല്ലാഹുവും

വിശ്വാസികളായ ജിന്നുകള്‍

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss