|    Aug 19 Sat, 2017 9:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മരണാനന്തരം ‘ജീവിക്കണമെന്ന’ ബാലികയുടെ ആഗ്രഹം അംഗീകരിച്ച് കോടതി

Published : 19th November 2016 | Posted By: SMR

ലണ്ടന്‍: മരണാനന്തരം തന്നെ കുഴിച്ചുമൂടരുതെന്നും ശീതീകരണിയില്‍ സൂക്ഷിച്ചാല്‍ മതിയെന്നുമുള്ള അര്‍ബുദ ബാധിതയായ ബാലികയുടെ അന്ത്യാഭിലാഷം സഫലീകരിക്കാന്‍ അനുമതി നല്‍കി ലണ്ടന്‍ ഹൈക്കോടതി ജഡ്ജി പീറ്റര്‍ ജാക്‌സണ്‍. മരണാനന്തരവും തനിക്ക് ഈ ലോകത്ത് തുടരണമെന്ന ആഗ്രഹമാണ് ജഡ്ജി പീറ്റര്‍ ജാക്‌സണ്‍ പെണ്‍കുട്ടിക്കു സാധിച്ചു കൊടുത്തത്. അര്‍ബുദം ബാധിച്ച് മരണാസന്നയായപ്പോഴാണ് തന്റെ ആഗ്രഹം അറിയിച്ച് ഹൈക്കോടതി ജഡ്ജിക്ക് കത്തെഴുതിയത്. തന്നെ ക്രയോണിക്‌സിന് വിധേയയാക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഭാവിയില്‍ അര്‍ബുദം പൂര്‍ണമായും ഇല്ലാതാക്കാനുതകുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവും. അപ്പോള്‍ വീണ്ടും ജീവിക്കാനാവണം. മരണാനന്തരം മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കണം. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ലോകം ഈ രോഗത്തെ തോല്‍പിക്കുമ്പോള്‍ തനിക്കു വീണ്ടും പുനര്‍ജ്ജനിക്കാമെന്നായിരുന്നു പെണ്‍കുട്ടിയുടെ കത്തിലെ വരികള്‍. ഭേദമാക്കാന്‍ കഴിയാത്ത അസുഖം മൂലം മരിക്കുന്നവരുടെ ശരീരം ഭാവിയില്‍ നൂതന ചികില്‍സാരീതികളാല്‍ പുനര്‍ജനി സാധ്യമാവുമെന്ന വിശ്വാസത്തില്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനെയാണ് ക്രയോണിക്‌സ് എന്ന് പറയുന്നത്.
പെണ്‍കുട്ടിയുടെ മാതാവ് മകളുടെ ആഗ്രഹത്തെ പിന്തുണച്ചു. ചെലവും അനന്തരഫലങ്ങളും സൂചിപ്പിച്ച് ഭാര്യയില്‍നിന്നും മകളില്‍നിന്നും വേറിട്ട് കഴിയുന്ന പിതാവ് ആഗ്രഹത്തെ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങി. താഴ്ന്ന ഊഷ്മാവില്‍ (80 ഡിഗ്രി സെല്‍ഷ്യസ്) സൂക്ഷിച്ച ശരീരങ്ങള്‍ (ക്രയോജനിക്കലി പ്രിസര്‍വ്ഡ്) പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലര്‍ അങ്ങനെ വിശ്വസിക്കുന്നു.
അവസാനകാലത്ത് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞതും ഇതിന്റെ സാധ്യതകളെക്കുറിച്ചായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ക്കും കുട്ടിക്കാലത്തെ രോഗവും മൂലം വലയുന്ന കുട്ടിയുടെ അവസ്ഥയെ ദുരന്തങ്ങളുടെ ഒത്തുചേരല്‍ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. തന്റെ അവസ്ഥയെ ധീരതയോടെ നേരിട്ട കുട്ടിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക