|    Oct 22 Mon, 2018 7:47 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

മരണവും മഴയും… ഒന്നും അധികമാവരുത്

Published : 7th December 2015 | Posted By: SMR

slug-vettum-thiruthumശ്രീനിവാസന്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ്, തിരക്കഥാകൃത്താണ്, സംവിധായകനാണ്. അദ്ദേഹം കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് സിനിമ ഏത്? സംശയമേതുമില്ലാതെ മലയാള സിനിമ അറിയാവുന്നവര്‍ പറയും: ‘സന്ദേശം.’ പ്രസ്തുത സിനിമയിലെ ഓരോ സീനും വാക്കും ഫലിതവും കേരളരാഷ്ട്രീയത്തില്‍ സത്യം സത്യമാവുന്നു.
ഇപ്പോഴത്തെ വിഷയം കോഴിക്കോട് തളി റോഡിലെ മാന്‍ഹോളും വിഷപ്പുകയും മൂന്നു മരണവുമാണ്. ആന്ധ്ര സ്വദേശികളായ രണ്ടു പാവങ്ങളെ ‘ആര്‍ക്കും വേണ്ട.’ ആന്ധ്രയില്‍നിന്ന് വേണ്ടപ്പെട്ടവരെത്തി രണ്ടു മൃതദേഹങ്ങള്‍ കൊണ്ടുപോയത് പത്രക്കാര്‍ക്കുപോലും ‘അല്‍പ’ വാര്‍ത്ത മാത്രമായിരുന്നു.
ആ രണ്ടു തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ സിഐടിയു തൊഴിലാളി, മുന്‍ ഡിവൈഎഫ്‌ഐ അംഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കൊരു ‘ലോട്ടറി’ തന്നെയായി. ‘സന്ദേശ’ത്തിലെ ഖദറിട്ട മാമുക്കോയയുടെ എന്റെ ചാത്തുക്കുട്ടിനായരേ എന്ന വിലാപം ഓര്‍ക്കുക.
സ്വന്തം ചാനലില്‍ കാംപയിന്‍ തകൃതി. പാര്‍ട്ടി പത്രത്തില്‍ റൈറ്റപ്പുകളുടെ പെരുമഴ. ഇടതുമുന്നണിയിലെ പിണങ്ങിപ്പിരിഞ്ഞവരും ഇനി ചേരാന്‍ ആപ്ലിക്കേഷന്‍ കൊടുത്ത് ക്യൂ നില്‍ക്കുന്നവരുമടക്കം വാലേവാലേ കരുവിശ്ശേരിയിലെ വീട്ടില്‍ ആശ്വാസവചനങ്ങളുമായി കയറിയിറങ്ങുന്നു. എല്ലാ റോഡും കരുവിശ്ശേരിയിലേക്ക് എന്നതാണവസ്ഥ. പ്രിയ ഭര്‍ത്താവിന്റെ വേര്‍പാടില്‍ കേഴുന്ന ആ പാവം പെണ്‍കുട്ടിക്ക് ഒരല്‍പനേരം മാറിയിരിക്കാന്‍ ഇടം നല്‍കുന്നില്ല. പ്രിയമകന്‍ പോയ്‌പ്പോയതോര്‍ത്ത് തേങ്ങലടക്കാന്‍ പാടുപെടുന്ന ആ ഉമ്മയ്ക്കും ബാപ്പയ്ക്കും ‘ചുവപ്പന്‍’ ആശ്വാസങ്ങള്‍ കണ്ടും കേട്ടും ഏതാണ്ട് മടുത്ത അവസ്ഥ. കോഴിക്കോട്ടെ വന്‍ എയര്‍കണ്ടീഷന്‍ ഹാള്‍ തന്നെ ബുക്ക് ചെയ്ത് സഖാക്കള്‍ ‘ആശ്വാസം’ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. മരണപ്പെട്ട ചെറുപ്പക്കാരന്‍ സാഹസികനായിരുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആര്‍ക്കും ഏതു പാതിരാക്കും പേമാരിയിലും സഹായഹസ്തവുമായി ഇടംവലം നോക്കാതെ ഇറങ്ങുന്നവന്‍. അതിനൊക്കെ വരുത്തിവച്ച ചില സാമ്പത്തികബാധ്യതകളും വേണ്ടുവോളമുണ്ടത്രെ! ഇപ്പോള്‍ സംഭവിച്ചത് നടുക്കുന്ന മരണം. അതിലും വലിയ കൊടും പീഡകളില്‍ ആ ചെറുപ്പക്കാരന്‍ ജീവിച്ചിരിക്കെ നട്ടംതിരിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സഖാക്കള്‍ക്കെല്ലാം സഹായിക്കാന്‍ മാത്രം അറിയാവുന്ന ഇയാളുടെ മനസ്ഥിതി മനപ്പാഠമാണ്. മരിച്ചപ്പോള്‍ കാട്ടുന്ന ഈ ‘ആഘോഷ സമാശ്വസിപ്പിക്കല്‍’ സത്യത്തില്‍ ‘സന്ദേശ’ത്തിലെ മൃതദേഹ പിടിവലിയെ ഓര്‍മിപ്പിക്കുന്നുവെങ്കില്‍ ആരും പരിഭവിക്കരുത്. രക്തസാക്ഷിയെ നഷ്ടമായി പാര്‍ട്ടി ഓഫിസിലിരുന്ന് ദുഃഖഭാരവുമായി ബീഡിവലിക്കുന്ന ശങ്കരാടിയെ ഇവിടെയോര്‍ക്കാം.
ദുരിതത്തില്‍പെട്ടവരെ ആശ്വസിപ്പിക്കാന്‍ അത്ര വാശിയാണെങ്കില്‍ ചെന്നൈയിലതാ പതിനായിരങ്ങള്‍ ഉടുതുണിപോലും കനത്ത പ്രളയത്തില്‍ നഷ്ടമായി കേഴുന്നു: ”അയ്യാ കാപ്പാത്തുങ്കോ.” ആശ്വാസ കടുംമധുര വിളംബരങ്ങളല്ല, മറിച്ച് മനുഷ്യ വിഭവശേഷിയാണ് ചെന്നൈയില്‍ ആവശ്യം. അങ്ങോട്ടു വണ്ടികയറട്ടെ ആശ്വാസകമ്മിറ്റികള്‍. കരുവിശ്ശേരിയിലെത്തി ആശ്വസിപ്പിക്കേണ്ട എന്നോ ധനസഹായം കൈയയച്ച് നല്‍കേണ്ടെന്നോ അല്ല. ഒന്നും അതിരുവിടരുത്. അതിരുവിട്ടാല്‍ അതിന്റെ പേരാണ് ‘ഓവര്‍ ആക്ടിങ്.’

* * *
ഉയര്‍ന്ന ബിരുദപഠനങ്ങള്‍ക്കും മെച്ചപ്പെട്ട ചികില്‍സയ്ക്കും ദക്ഷിണേന്ത്യക്കാര്‍ എന്നും ആശ്രയിക്കുക തമിഴ്‌നാടിനെയാണ്. അത്രയേറെ ബൗദ്ധികശേഷി ഏതുരംഗത്തും തമിഴ്‌നാടിനുണ്ട്. ഒരു പ്രളയം വന്നപ്പോള്‍ ജനറേറ്റര്‍ നിലച്ചതോടെ മെച്ചപ്പെട്ട ചെന്നൈ ആശുപത്രികളിലൊന്നില്‍ മരണപ്പെട്ടവര്‍ 18. അതാണ് ജലത്തിനു ദേഷ്യം വന്നാലത്തെ സ്ഥിതി. ബൗദ്ധികസമ്പത്തുകൊണ്ടൊന്നും കാര്യമില്ല എന്നര്‍ഥം!!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss