|    Jan 18 Wed, 2017 5:11 am
FLASH NEWS

മരണവീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നയാള്‍ പിടിയില്‍

Published : 30th August 2016 | Posted By: SMR

വൈപ്പിന്‍: മരണവീടുകളുടെ അയല്‍ വീടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണവും പണവും കവരുന്ന മധ്യവയസ്‌കനെ പോലിസ് അറസ്റ്റ് ചെയ്തു.
മാലിപ്പുറം കര്‍ത്തേടം സ്വദേശിയും ഇപ്പോള്‍ പറവൂര്‍ കുറുമ്പത്തുരുത്തില്‍ താമസിക്കുന്നയാളുമായ പോപ്പന്‍ എന്നു— വിളിക്കുന്ന ജോസഫ് (50) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍ പത്തുമോഷണ കേസുകള്‍ തെളിഞ്ഞതായി റൂറല്‍ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതില്‍ മൂന്നെണ്ണം— പറവൂര്‍ വടക്കേക്കര സ്റ്റേഷന്‍ അതിര്‍ത്തിയിലും ബാക്കി ഏഴെണ്ണം ഞാറക്കല്‍ സ്റ്റേഷനതിര്‍ത്തിയിലുമാണ്. എല്ലാം കൂടി 100 പവനോളം ആഭരണങ്ങളാണ് കവര്‍ന്നിട്ടുള്ളത്. ഇതില്‍ 35 പവനോളം ആഭരണങ്ങള്‍ പോലിസ് വീണ്ടെടുത്തിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പുവരെ നടന്ന മോഷണങ്ങള്‍ തെളിഞ്ഞിട്ടുണ്ട്.
മാന്യമായി വസ്ത്രം ധരിച്ച് മോഷണത്തിനെത്തുന്ന ഇയാള്‍ ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് എല്ലാവരേയും പരിചയപ്പെടുന്നത്. ദിനപത്രങ്ങള്‍ നോക്കിയാണ് മരണവീടുകള്‍ കണ്ടുപിടിക്കുന്നത്. തിരഞ്ഞെടുക്കുന്ന വീടുകള്‍ ക്രിസ്ത്യന്‍ സമുദായക്കാരുടെ വീടുകളാണ്. സംസ്‌കാര ചടങ്ങിനായി വീട്ടുകാരും അയല്‍വാസികളുമെല്ലാം ഒന്നടങ്കം പള്ളിയിലേക്ക് പോവുന്നതിലുള്ള സൗകര്യം കണക്കിലെടുത്താണിത്.
ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം പുല്ലന്‍ വീട്ടില്‍ ജോണിന്റെ വീട്ടില്‍നിന്നും എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 6000 രൂപയും, മാലിപ്പുറം കര്‍ത്തേടം തുത്തില്‍ ജോയിയുടെ വീട്ടില്‍ നിന്ന്— 26 പവന്റെ സ്വര്‍ണവും 8000 രൂപയും മോഷ്ടിച്ച കേസില്‍ നടന്ന അന്വേഷണത്തിനിടെയാണ് ജോസഫ്് പിടിയിലായത്.
കുറുമ്പന്‍തുരുത്ത് പുതിയവീട്ടില്‍ ജോസഫ്, കുറുമ്പന്‍തുരുത്ത് കൈതത്തറ അന്നം, വെളിയത്താംപറമ്പ് കുരുശിങ്കല്‍ പൗലോസ്, കര്‍ത്തേടം തുത്തില്‍ ജോസഫ് ടൈറ്റസ്, കര്‍ത്തേടം തൈനവീട്ടില്‍ ജോര്‍ജ്, പുക്കാട് പല്ലമ്പിള്ളി കുമ്മപ്പിള്ളി ജോബോയ്, ഞാറക്കല്‍ കുളങ്ങര ജോയി, പുതുവൈപ്പ് പുളിക്കല്‍ ജെന്‍സണ്‍, മഞ്ഞനക്കാട് തെക്കേവീട്ടില്‍ ടീന, ഞാറക്കല്‍ മഞ്ഞനക്കാട് റോഡില്‍ പുല്ലന്‍ ജോണ്‍ എന്നിവരുടെ വീടുകളില്‍നിന്ന് താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് ജോസഫ് സമ്മതിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതുപോലെ മോഷണം നടത്തിയിട്ടുള്ളതായി പോലിസ് പറഞ്ഞു. ഭാര്യയും കുട്ടികളുമുള്ള പ്രതി മോഷ്ടിച്ചു കിട്ടുന്ന ആഭരണം ജ്വല്ലറികളില്‍ വിറ്റ് ഈ പണം ആര്‍ഭാട ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു.
പറവൂരില്‍നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇനിയും നിരവധി മോഷണങ്ങള്‍ തെളിയാനുള്ളതിനാല്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു. എറണാകുളം റൂറലില്‍ മോഷണങ്ങള്‍ തടയുന്നതിനു വേണ്ടി എസ്പി ഉണ്ണിരാജയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി വൈആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ ഞാറക്കല്‍ സിഐ സജി മാര്‍ക്കോസ്, എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍, എഎസ്‌ഐ ഗവല്‍ദാസ്, പോലിസുകാരായ മുരളി, എം ആര്‍ രാജേഷ്, ബിനു, രാജേഷ്, പ്രീജന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ജില്ലയില്‍ സമാനമായ രീതിയില്‍ വാഴക്കാല, ആലുവ എടത്തല മേഖലകളില്‍ നടന്ന മോഷണവും പോലിസ് ഊര്‍ജിതമായി അന്വേഷിച്ചു വരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക