|    Jan 23 Mon, 2017 2:00 pm
FLASH NEWS

മരണമെത്തും മുമ്പേ കരുണയുടെ കരം തീര്‍ത്ത് സഗീറും അനീഷും

Published : 4th August 2016 | Posted By: SMR

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: മരണം പുല്‍കും മുമ്പേ ഒരു കുടുംബത്തിന്റെ ആഗ്രഹം തീര്‍ത്ത നിര്‍വൃതിയിലാണ് ആലുവ നജാത്ത് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ മന്നം താണിപ്പാടം അറയ്ക്കല്‍ വീട്ടില്‍ സഗീറും ആലുവ ചുണങ്ങംവേലി പള്ളിപ്പറമ്പില്‍ വീട്ടില്‍ അനീഷും. എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ഏലൂക്കരയിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ അജീസുല്‍മിയനെയാണ് (48) മരണമെത്തുന്നതിനു മുമ്പേ ഒരുനോക്കു കാണാന്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഇവര്‍ ഭാഗ്യമൊരുക്കിയത്.
കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന അജിസുല്‍മിയ കഴിഞ്ഞ 22ന് ജോലിക്കിടെ രക്തസമ്മര്‍ദ്ദം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം ഉറപ്പിച്ച മട്ടിലായിരുന്നു ഡോക്ടര്‍മാര്‍. യുവാവിന്റെ രോഗാവസ്ഥ നാട്ടിലെ ബന്ധുക്കളെ സുഹൃത്തുക്കള്‍ അറിയിച്ചു. മരണത്തിനു മുമ്പായി ആ മുഖമെങ്കിലും കാണാന്‍ അവസരമൊരുക്കണമെന്നറിയിച്ച് മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കണ്ണീരോടെ ആവശ്യപ്പെടുകയായിരുന്നു.
കുടുംബത്തിന്റെ ദുഃഖമകറ്റാന്‍ തങ്ങള്‍ക്കാവുന്നതെന്തോ അതു നിര്‍വഹിക്കാന്‍ തന്നെ സഗീറും മറ്റൊരു ഡ്രൈവറായ അനീഷും തയ്യാറാവുകയായിരുന്നു. ഉടന്‍ ആംബുലന്‍സുമായി കോട്ടയം മെഡിക്കല്‍ കോളജിലെത്തി ദൂരയാത്രയ്ക്കുള്ള സംവിധാനങ്ങളെല്ലാം രോഗിക്കു നല്‍കിയ ശേഷമാണ് സഗീറും അനീഷും ഇറങ്ങിത്തിരിച്ചത്.
അജീസുല്‍മിയയുടെ 5 സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് പകലും രണ്ട് രാത്രിയും ഭക്ഷണവും ഉറക്കവും മാറ്റിനിര്‍ത്തിയാണ് അനീഷും സഗീറും ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. 2700 കിലോമീറ്റര്‍ പിന്നിട്ടെത്തിയ ആംബുലന്‍സും കാത്ത് മുര്‍ഷിദാബാദ് രാജ്പൂര്‍ ഗ്രാമം ഉറക്കമിളച്ചിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അജീസിനെ മുര്‍ഷിദാബാദിലെ ഒരു ആശുപത്രിയിലെത്തിക്കുകയായിരുന്നു ആദ്യം ചെയ്തത്.
പുലര്‍ച്ചെ 5 മണിയോടെ മുര്‍ഷിദാബാദ് വിട്ടു. പിറ്റേന്ന്, ആംബുലന്‍സ് ഒഡീഷയിലെത്തിയപ്പോഴാണ് അജീസിന്റെ ബന്ധുവിന്റെ ഫോണ്‍കോള്‍. അജിസുല്‍മിയ മരിച്ചെന്ന്. ഈ സമയം ഏറെ ദുഃഖത്തോടെ ദൈവത്തെ സ്തുതിച്ചതായി സഗീറും അനീഷും തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക