|    Sep 22 Sat, 2018 10:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങള്‍ക്കു തുക കൈമാറി

Published : 2nd January 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മല്‍സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ താങ്ങായ ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒന്നും അതിനു പകരമാവില്ല. കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു 20 ലക്ഷം രൂപ ഒരുമിച്ചു നല്‍കുമെന്നു പറഞ്ഞിരുന്നതു യാഥാര്‍ഥ്യമാവുകയാണ്. തിരിച്ചെത്താത്തവരുടെ കുടുംബങ്ങള്‍ക്കും നടപടികള്‍ പൂര്‍ത്തിയാക്കി ഇതേ തുക നല്‍കും. കാണാതായവരെ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്കു സംരക്ഷണത്തിനായി ഒരു നിശ്ചിത തുക നല്‍കും. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ചു കുടുംബങ്ങളിലെ ഒരാള്‍ക്ക് അര്‍ഹത അനുസരിച്ച് തൊഴില്‍ നല്‍കുകയും ചെയ്യും. വീടുകള്‍ തകര്‍ന്നതും നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത ഭവനം ഒരുക്കും. ദുരന്തനിവാരണ നടപടികളില്‍ എല്ലാവരും ഒരേ മനസ്സോടെ ഏര്‍പ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ 25 പേരുടെ 102 അവകാശികള്‍ക്കാണു തുക കൈമാറിയത്. വിഴിഞ്ഞം വില്ലേജിലെ സൈറസ്, എസ് ജയന്‍, മുത്തപ്പന്‍, മേരിദാസന്‍, സേവ്യര്‍, വിന്‍സെന്റ്, ഷാജി, കൊട്ടുകാല്‍ വില്ലേജിലെ സെസിലന്റ്, ആന്റണി, സ്‌റ്റെല്ലസ്, കരുങ്കുളം വില്ലേജിലെ രതീഷ്, ജോസഫ് കോറിയ, പൂവാര്‍ വില്ലേജിലെ പനിതാസന്‍, കുളത്തൂര്‍ വില്ലേജിലെ മേരി ജോണ്‍, അലക്‌സാണ്ടര്‍, തിരുവനന്തപുരം താലൂക്കിലെ ക്രിസ്റ്റി, സേവ്യര്‍, ലാസര്‍, ആരോഗ്യദാസ്, ഈപ്പച്ചന്‍, സെല്‍വരാജ്, അബിയാന്‍സ്, സില്‍വപിള്ള, സേവ്യര്‍, ജെറാള്‍ഡ് കാര്‍ലോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണു തുക നല്‍കിയത്. ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നല്‍കുമെന്നു ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതുവരെ ഓരോ കുടുംബത്തിനും ആശ്വാസമായി 10,000 രൂപ വീതം നല്‍കും. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം 10നു തൈക്കാട് ഗസ്റ്റ്ഹൗസില്‍ ശില്‍പശാല സംഘടിപ്പിക്കും. തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ലത്തീന്‍ സഭാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചാവും ശില്‍പശാല. 1.66 ലക്ഷം മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു 33 കോടി രൂപയുടെ സഹായം നല്‍കി. 2000 രൂപ വച്ചാണ് അടിയന്തര സഹായം നല്‍കിയതെന്നു മന്ത്രി പറഞ്ഞു. ഈ തുക ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ക്കു രജിസ്റ്റര്‍ ചെയ്യുന്നതിനു വേദിയില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരുന്നു. മല്‍സ്യ ഫെഡ് മുഖേന കൂടുതല്‍ സഹായം ലഭ്യമാക്കുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മെഴ്‌സിക്കുട്ടിയമ്മ, ശശി തരൂര്‍ എംപി, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, എം വിന്‍സെന്റ  സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss