|    Dec 14 Fri, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മരണത്തെ മുഖാമുഖം കണ്ട് നാട്ടുകാര്‍ രക്ഷകരായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

Published : 21st August 2018 | Posted By: kasim kzm

ആബിദ്

കോഴിക്കോട്: ”ശക്തമായ കുത്തൊഴുക്കും ആഴമേറിയ വെള്ളക്കെട്ടും മൂലം ഒറ്റപ്പെട്ടുപോയ എടത്വയില്‍നിന്ന് 42 പേരെരക്ഷപ്പെടുത്തികൊണ്ടുവരുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. കുത്തൊഴുക്കില്‍ അപകടത്തി ല്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലായിട്ടും അതെല്ലാം അവഗണിച്ച് മരണത്തെ മുഖാമുഖം കണ്ട് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാണിച്ച മഹാമനസ്‌കതയ്ക്കു പകരം തരാന്‍ ഈ ജീവിതംകൊണ്ട് സാധിക്കില്ലല്ലോ എന്നതായിരുന്നു അവരുടെ പരിഭവം. ഇതുവരെ ഒരുക്കൂട്ടിവച്ചതെല്ലാം വെള്ളം കവര്‍ന്നെടുത്തതിലെ സങ്കടത്തേക്കാള്‍ അവര്‍ പങ്കുവച്ചത് നന്ദിയുടെയും സ്‌നേഹത്തിന്റെയും വാക്കുകളായിരുന്നു”- ദിവസങ്ങളായി പ്രളയക്കെടുതിയില്‍പ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ നേതൃത്വം കൊടുത്ത എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പറയാനുള്ളത് ഇത്തരം പ്രാര്‍ഥനകളുടെയും നന്ദിപ്രകടനങ്ങളുടെയും കഥകളാണ്. കൂടെ മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങളും.
10 വയസ്സിനു താഴെയുള്ള അഞ്ചു കുട്ടികളും രണ്ടു കാലിനും നീരുവന്ന് നടക്കാന്‍ വയ്യാത്ത വൃദ്ധയുമടങ്ങുന്ന 42 പേരെയാണ് എസ്ഡിപിഐയുടെ റെസ്‌ക്യൂ ടീം എടത്വയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മൂന്നുദിവസമായി ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. എടത്വ ബസ്സ്റ്റാന്റില്‍ അകപ്പെട്ടുപോയ ചമ്പക്കുളത്തുനിന്നുള്ള 10 പേരടങ്ങുന്ന ഒരു കുടുംബവും ഉണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ടോറസിലും ടിപ്പറിലും പോയി വെള്ളം അധികമുള്ളിടത്തേക്ക് പൊങ്ങുവള്ളത്തില്‍ യാത്രചെയ്താണ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ 15 അംഗ സംഘം ഇവരെ രക്ഷപ്പെടുത്തിയത്. കേന്ദ്രസേനപോലും കടന്നുചെല്ലാത്തിടത്തായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം. പന്തളം ടൗണ്‍, കരയ്ക്കാട്, മുട്ടാര്‍, ചേരിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിലയിടങ്ങളിലേക്ക് ബോട്ട് കൊണ്ടുപോവാന്‍പോലും കഴിഞ്ഞിരുന്നില്ല. ചിലപ്പോള്‍ കുത്തൊഴുക്കില്‍ ബോട്ട് പോലും ഒലിച്ചുപോവുന്ന അവസ്ഥയുണ്ടായി. മുട്ടാര്‍ പാലത്തില്‍ വെള്ളമില്ലാത്തതിനാല്‍ മറുകരയിലേക്ക് നീന്തിയെത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ കിലോമീറ്ററുകളോളം വടംകെട്ടി. മൂന്നുദിവസം ഈ നില തുടര്‍ന്നു. ഏറെപേരെ രക്ഷപ്പെടുത്താനുണ്ടായിരുന്നതിനാല്‍ നാലാംദിവസം കുറേപേര്‍ ചേര്‍ന്ന് ബോട്ട് പൊക്കിയെടുത്ത് ആ ഭാഗത്ത് എത്തിക്കുകയായിരുന്നെന്ന് നേതൃത്വം നല്‍കിയ സജീവ് പഴകുളം പറഞ്ഞു.
പന്തളം ചേരിക്കലില്‍ അഞ്ചുദിവസമായി കുടുങ്ങിക്കിടന്ന ആളുകള്‍ക്ക് ചങ്ങാടത്തിലൂടെയും മൂന്നുകിലോമീറ്ററോളം കഴുത്തറ്റം വെള്ളത്തില്‍ നീന്തിയുമാണ് സഹായമെത്തിച്ചത്. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ 30 അംഗ ടീം ഇടനാട് ഭാഗത്തുനിന്നു മാത്രം 100 പേരെയാണു രക്ഷപ്പെടുത്തിയത്. ഏലൂക്കരയിലെ ഒരു ദുരിതാശ്വാസക്യാംപില്‍ ഭക്ഷണം കൊടുത്ത് തിരിച്ചുവരുന്നതിനിടെ കടുത്ത കുത്തൊഴുക്കില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് പ്രവര്‍ത്തകര്‍ മരണത്തെ മുഖാമുഖം കണ്ടു. രണ്ട് ബോട്ട് ജീവനക്കാരും മുന്നു പ്രവര്‍ത്തകരുമാണ് ബോട്ടിലുണ്ടായിരുന്നത്. പരിചയസമ്പന്നരായ ബോട്ട് ജീവനക്കാര്‍ ഒരുവിധം തുഴഞ്ഞു പിടിച്ചുനിന്നു. മൂന്നുപേര്‍ക്കും തെങ്ങില്‍ പിടിച്ച് രക്ഷപ്പെടാനായതുകൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss