|    Oct 20 Sat, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മരണത്തെ തോല്‍പിച്ച് സ്റ്റീഫന്‍ ഹോക്കിങ് ‘ഉരുണ്ടു’കയറിയത് ചരിത്രത്തിലേക്ക്‌

Published : 15th March 2018 | Posted By: kasim kzm

കോഴിക്കോട്: മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോ ണ്‍ ഡിസീസ്) രോഗം പതുക്കെ ശരീരത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കേ 20ാം വയസ്സില്‍ ഡോക്ടര്‍മാര്‍ സ്റ്റീഫന്‍ ഹോക്കിങിനോട് പറഞ്ഞു;  ഇനി അധികം സമയമില്ല. കൂടിയാല്‍ രണ്ടു വര്‍ഷം. എന്നാല്‍, ഹോക്കിങിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മരണം മാറി നിന്നു. ഡോക്ടര്‍മാര്‍ സമയം കുറിച്ച ആ യുവാവ് സമയത്തെക്കുറിച്ച് ഗവേഷണം നടത്തി തന്റെ പ്രശസ്തമായ ചക്രക്കസേരയില്‍ അഞ്ചു പതിറ്റാണ്ടു കൊണ്ട് ഉരുണ്ടു കയറിയത് ചരിത്രത്തിലേക്കായിരുന്നു. രോഗക്കിടക്കയില്‍ കിടന്ന് ജീവിതം തള്ളി നീക്കുന്നതിന് പകരം വീ ല്‍ചെയറില്‍ സഞ്ചരിച്ച് അദ്ദേഹം ലോകത്തിന് പുതിയ വഴികള്‍ കാട്ടിക്കൊടുത്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന് അങ്ങിനെ ഹോക്കിങ് അറിയപ്പെട്ടു.
യുകെയിലെ ഓക്‌സ്ഫഡി ല്‍ ഫ്രാങ് ഹോക്കിങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫന്‍ വില്യം ഹോക്കിങിന് ഊര്‍ജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താല്‍പര്യം. കാംബ്രിജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ 1962ലാണ് അദ്ദേഹത്തെ രോഗം കീഴടക്കിയത്. ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസര്‍ വഴിയാണ് ലോകത്തോട് ആശയവിനിമയം നടത്തിയത്. കാംബ്രിജിലെ ഗവേഷണകാലത്തു മഹാവിസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും പഠിച്ചു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1966ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ റോജര്‍ പെന്റോസുമായി ചേര്‍ന്ന് സിന്‍ഗുലാരിറ്റീസ് ആന്റ് ദി ജിയോമെട്രി ഓഫ് സ്‌പേസ്-ടൈം എന്ന പേരില്‍ എഴുതിയ പ്രബന്ധത്തിന് വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.
ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിന്‍ വൈല്‍ഡിനെ സ്റ്റീഫന്‍ ഹോക്കിങ് പ്രണയിച്ചു.  മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിന്‍ വൈല്‍ഡിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ ഹോക്കിങിനെ തന്നെ വിവാഹം കഴിക്കുമെന്ന് ശഠിക്കുകയായിരുന്നു. ഇവര്‍ക്ക് ലൂസി, തിമോത്തി, റോബര്‍ട്ട് എന്നീ മക്കള്‍ പിറന്നു. ജെയിന്‍ വൈല്‍ഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ന്‍ മേഴ്‌സിനെ അദ്ദേഹം വിവാഹം ചെയ്തു. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അസാമാന്യ ധൈര്യവും നിലപാടുകളും ഒപ്പം നിറഞ്ഞ നര്‍മബോധവുമാണ് ശാസ്ത്രീയ കാര്യങ്ങളിലൊന്നും വലിയ അവഗാഹമില്ലാത്ത സാധാരണക്കാരെപ്പോലും അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ കൃതിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം(കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം).  നാ ല്‍പതോളം ഭാഷകളിലായി കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം വില്‍പനയില്‍ ലോകറെക്കോഡ് തന്നെ സൃഷ്ടിച്ചു.
പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ചിന്താരീതിയെ തന്നെ അടിമുടി മാറ്റിമറിച്ച കൃതിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ശാസ്ത്രകൃതിയായ ബ്ലാക്ക് ഹോള്‍സ്. സ്റ്റീഫന്‍ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുന്‍ ഭാര്യ ജെയിന്‍ വൈല്‍ഡ് എഴുതിയ ‘ട്രാവലിങ് ടു ഇന്‍ഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫന്‍’ എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ‘ദ് തിയറി ഓഫ് എവരിതിങും’ (2014) വന്‍ജനപ്രീതി നേടിയിരുന്നു.
1974ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി. 1979 മുതല്‍ 30 വര്‍ഷം കാംബ്രിജ് സര്‍വകലാശാലയില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് വിഭാഗത്തില്‍ ല്യൂക്കേഷ്യ ന്‍ പ്രഫസറായി. ഐസക് ന്യൂട്ടന്‍ വഹിച്ചിരുന്ന പദവിയായിരുന്നു അത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരില്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയില്‍ ഡബ്ലിനില്‍ ചേര്‍ന്ന രാജ്യാന്തര ഗുരുത്വാകര്‍ഷണ പ്രപഞ്ച ശാസ്ത്ര സമ്മേളനത്തില്‍ തമോഗര്‍ത്തങ്ങളെ കുറിച്ച് അന്നുവരെ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചിരുന്ന പല ധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.
ദി യൂനിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍, മകള്‍ ലൂസിയുമായി ചേര്‍ന്നു കുട്ടികള്‍ക്കായി എഴുതിയ  ജോര്‍ജസ് സീക്രട്ട് കീ ടു ദി യൂനിവേഴ്‌സ്, ദ് ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്റ് ബേബി യൂനിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദി ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി, ജിഎഫ്ആര്‍എല്ലിസുമായി ചേര്‍ന്ന് എഴുതിയ ‘ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം’, ഡബ്ല്യു ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറല്‍ റിലേറ്റിവിറ്റി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന രചനകള്‍.
ബ്ലാക് ഹോളുകള്‍ ഇല്ലെന്നും പകരം ഗ്രേ ഹോളുകള്‍ ആണുള്ളതെന്നുമുള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് അടുത്ത കാലത്തു വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. അന്യഗ്രഹ ജീവന്‍ തേടുന്ന വമ്പന്‍ ഗവേഷണപദ്ധതിയായ ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവുമായി ഹോക്കിങ് ഈയിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
കണ്‍പുരികങ്ങളുടെയും കൈവിരലുകളുടെയും ചലനം ഉപയോഗിച്ച്  നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങിന്റെ ഗഹനമായ പ്രഭാഷണങ്ങള്‍ ഇനിയില്ല. എങ്കിലും മരണത്തെ വെല്ലുവിളിച്ച് തന്റെ മസ്്തിഷ്‌കം പുറത്തുവിട്ട അറിവിന്റെ മഹാസാഗരം ബാക്കിയാക്കിയാണ് ഹോക്കിങ് ലോകത്തോട് വിട പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss