|    Dec 14 Fri, 2018 6:01 pm
FLASH NEWS

മരണക്കെണിയായി കിഴക്കേക്കോട്ട; പരിഹാരം കാണാതെ അധികൃതര്‍

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വീണ്ടും അപകടമരണം. ഗണപതി കോവിലിനു സമീപം ബസ്സിടിച്ച് മധ്യവയസ്‌ക മരിച്ചു. പാപ്പനംകോട് സ്വദേശിനി സുലോചന(56)യാണു മരിച്ചത്. വൈകുന്നേരം 6.10ഓടെയാണ് സംഭവം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വിഴിഞ്ഞം ഡിപ്പോയിലെ ബസ്സിടിക്കുകയായിരുന്നു. കിഴക്കേക്കോട്ടയില്‍ ദിനംപ്രതിയുള്ള അപകടങ്ങളും മരണങ്ങളും നഗരവാസികളില്‍ ഭീതി പടര്‍ത്തുകയാണ്. അപകടത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലിസിന്റെ സാന്നിധ്യവും ഇവിടെ കുറവാണ്.
ജീവനുകള്‍ റോഡില്‍ പൊലിഞ്ഞുവീഴുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത ട്രാഫിക് നയം മൂലമാണ് അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ക്കു മൂലകാരണം. തലങ്ങും വിലങ്ങും കൃത്യതയില്ലാതെ ഓടുന്ന ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കിടയിലൂടെയുമാണ് റോഡ് മുറിച്ചുകടക്കേണ്ടത്. ഇവിടെ പലയിടങ്ങളിലും സീബ്രാലൈനുകളൊന്നുമില്ല. റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കേണ്ട ട്രാഫിക് പോലിസാകട്ടെ, യാത്രക്കാര്‍ക്കു മുന്നില്‍ മുഖംതിരിച്ചുനില്‍ക്കുന്നു. നടപ്പാതകളെല്ലാം കാല്‍നട യാത്രക്കാര്‍ക്ക് അന്യമായി.
ചാല മാര്‍ക്കറ്റിനു മുന്‍വശം മുതല്‍ കോവളം ബസ്സ്റ്റാന്റ്‌വരെയും കാല്‍നടയാത്ര ദുരിതമാണ്. കെഎസ്ആര്‍ടിസിയുടെ ഒന്നു മുതല്‍ ആറാം നമ്പര്‍ പ്ലാറ്റ്‌േഫാം വരെയുള്ള ഭാഗത്ത് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ്സുകളുടെയും തലങ്ങും വിലങ്ങുമുള്ള പാര്‍ക്കിങാണ് ജീവനു കൂടുതല്‍ അപകടം വരുത്തുന്നത്. മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. യാത്രക്കാരെ കയറ്റാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഈ സ്റ്റാന്‍ഡില്‍ മൂന്നു മിനിറ്റാണ് കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഇതു ലംഘിച്ച് അരമണിക്കൂറിലധികം ഇവിടെ പാര്‍ക്ക് ചെയ്യുന്നു. ഇതു കാരണം കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ട്രാഫിക് പോലിസിന്റെ ഒത്താശയോടെയാണ് സ്വകാര്യ ബസ്സുകളുടെ അനധികൃത പാര്‍ക്കിങ്. തലസ്ഥാനത്തെ ബസ്‌യാത്രികരില്‍ 70 ശതമാനം പേരും ഒത്തുകൂടുന്ന കേന്ദ്രമാണ് കിഴക്കേക്കോട്ട. നൂറുകണക്കിനു ബസ്സുകള്‍ വന്നുപോകുന്ന അവിടെ അതിന് അനുസൃതമായി റോഡിനു വീതിയില്ല.
കാല്‍നട യാത്രക്കാര്‍ റോഡിനു നടുവിലെ മീഡിയന്‍ ഫുട്പാത്തായി ഉപയോഗിക്കുന്നതു കാണാം. ഇതിനെല്ലാം പുറമേയാണ് ബൈക്കുകളുടെയും ഓട്ടോകളുടെയും അഭ്യാസം. ഇതിന്റെയെല്ലാം പ്രധാന കാരണം സ്ഥലപരിമിതി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഉള്ള സ്ഥലം ശരിയാംവണ്ണം ഉപയോഗിക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. കിഴക്കേക്കോട്ടയില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ അട്ടക്കുളങ്ങര സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ പഴവങ്ങാടി ജങ്ഷന്‍ വരെ ബൈക്ക്, സ്വകാര്യ ടാക്‌സി, ഓട്ടോ, മറ്റു വാഹനങ്ങള്‍ എന്നിവ പ്രവേശിക്കരുതെന്ന നിര്‍ദേശം ജനങ്ങളില്‍ നിന്നുയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss