|    Jun 19 Tue, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മരണക്കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടി

Published : 26th November 2016 | Posted By: SMR

 എം എം സലാം

കൊച്ചി: മുംബൈയിലെ അഞ്ചടിയില്‍ നിന്നുണ്ടായ ഞെട്ടല്‍ മഞ്ഞപ്പട ഹോം ഗ്രൗണ്ടില്‍ മറന്നു. മുംബൈയില്‍ വരുത്തിയ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ കളി തിരിച്ചു പിടിച്ചു.  ഇരു ടീമുകള്‍ക്കും നിര്‍ണായകമായ ഹോം മാച്ചില്‍ പൂനെയെ ഒരു ഗോളിന് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ സെമിസാധ്യതകള്‍ സജീവമാക്കിയത്. ഇന്നലത്തെ ജയത്തോടെ പതിനെട്ട് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി. നിലവിലുള്ള 15 പോയിന്റോടെ പൂനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 29ന് കൊല്‍ക്കത്തയുമായും അഞ്ചിന് നോര്‍ത്ത് ഈസ്റ്റുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരങ്ങള്‍.
ആക്രമണ മുന്നേറ്റവുമായി ബ്ലാസ്‌റ്റേഴ്‌സ്
പതിനഞ്ച് പോയിന്റ് വീതം ഉണ്ടായിരുന്നതിനാല്‍ ജയം ഇരു ടീമുകള്‍ക്കും നിര്‍ണായകവുമായിരുന്നു   ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 3-3-4 ശൈലിയിലാണ്  ബ്ലാസ്‌റ്റേഴ്‌സ് സന്ദര്‍ശകരെ നേരിട്ടത്. മറുഭാഗത്ത്  4-4-2 ശൈലിയില്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കി  പൂനെയും അങ്കത്തിനിറങ്ങി. ആദ്യ മിനിറ്റുകളില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചു വിട്ടു. അഞ്ചാം മിനിറ്റില്‍ കഴിഞ്ഞ ഹോം മാച്ചിലെ താരരം സി കെ വിനീതിന്റെ ഇടതു വിങ്ങില്‍ നിന്നും ബോക്‌സിലേക്ക് മികച്ച പാസ്. എന്നാല്‍ ബോക്‌സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ പന്ത് പുറത്തേക്ക് പാഞ്ഞു.

ഡക്കന്‍സ് മാജിക്കിലൂടെ ആദ്യ പ്രഹരം
ഏഴാം മിനിറ്റില്‍ ഹെയ്ത്തി താരം ഡക്കന്‍സ് നെയ്‌സണ്‍സിലൂടെ കേരളം പൂനെയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ബെറ്റെ എടുത്ത കിക്ക് ഡക്കന്‍സിലേക്ക്. പന്തുമായി മുന്നോട്ടു കുതിച്ച ഡക്കന്‍സ് പൂനെയുടെ പ്രതിരോധ നിരയെ സമര്‍ത്ഥമായി കബളിപ്പിച്ച് വലയിലേക്കെത്തിച്ചു(1-0). എന്നാല്‍ ആഹ്ലാദപ്രകടനത്തിനിടെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്താന്‍ വൈകിയതിന് ഗോളിന് പിന്നാലെ ഡക്കന്‍സിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.
ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള ഉഗ്രന്‍ അവസരം പതിനാലാം മിനിറ്റിലും കേരളത്തിന് ലഭിച്ചു. ജോസുവിന്റെ ഉഗ്രരന്‍ ഷോട്ട് ജിങ്കാനിലേക്ക്. എന്നാല്‍ അവസരം മുതലാക്കാന്‍ ജിങ്കാന് കഴിഞ്ഞില്ല. 25-ാം മിനിറ്റില്‍ ആരോണ്‍ ഹ്യൂസിന്റെ കയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്ന് പൂനെയ്ക്കും അനുകൂലമായ ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഇവിടെ  ഡക്കന്‍സ് രക്ഷകനായതോടെ പന്ത് പുറത്തേക്ക് പാഞ്ഞു. 32-ാം മിനിറ്റില്‍ റാഫിയുടെ സുന്ദരമായ ഇടങ്കാല്‍ ക്രോസ് സി കെ വിനീതിലേക്കെത്തി. എന്നാല്‍ വിനീതിന്റെ ഹെഡര്‍ ബോക്‌സിന് മുകളിലൂടെ പാഞ്ഞു. 33-ാം മിനിറ്റില്‍  ഡക്കന്‍സിലൂടെ വീണ്ടും കേരളം മുന്നേറ്റം നടത്തിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.
36-ാം മിനിറ്റില്‍ കേരളത്തെ വിറപ്പിച്ചൊരു മുന്നേറ്റവും പൂനെ നടത്തി. ഒബെര്‍മാന്‍ അപ്രതീക്ഷിതമായി നല്‍കിയ സുന്ദരമായ ക്രോസ് അരാത്ത ഇസുമി നേരിയ വ്യത്യാസത്തിനാണ് ബോക്‌സിന് മുകളിലേക്ക് പായിച്ചത്. 43-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ വിനീതിന് മറ്റൊരവസരം കൂടി ലഭിച്ചു. പോസ്റ്റിലേക്ക് പന്ത് തിരിച്ചു വിടാനുള്ള ശ്രമം പക്ഷേ പൂനെ ഗോള്‍കീപ്പര്‍ ഏഡല്‍ ബറ്റ തട്ടിയകറ്റി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഇരു ടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ്
ബ്ലാസ്റ്റേഴ്‌സിന്റെ തന്നെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയും ഉണര്‍ന്നത്. രണ്ടാം പകുതിയില്‍  ഇരു ടീമുകളും ചില മാറ്റങ്ങള്‍ വരുത്തി. അര്‍ജന്റീനന്‍ മുന്നേറ്റ നിര താരം ഗുസ്താവോ ഒബര്‍മാന് പകരം സെനഗല്‍ മിഡ്ഫീല്‍ഡര്‍ മോമര്‍ കളത്തിലിറങ്ങി. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മിന്നിക്കളിച്ച സ്‌കോറര്‍ നെയ്‌സണ്‍സിന് പകരക്കാരനായി അന്റോണിയോ ജര്‍മെയ്‌നും കളത്തിലിറങ്ങി. തൊട്ടുപിന്നാലെ 57-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. അവസരങ്ങള്‍ പാഴാക്കിയതിന് ഗോള്‍ സഹായിയായി വിനീതിന്റെ പ്രായശ്ചിത്തം. ഇടതു വിങ്ങില്‍ നിന്നും വിനീത് നല്‍കിയ അളന്നു മുറിച്ച ക്രോസില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ ഉഗ്രന്‍ ഹെഡര്‍ പൂനെ ഗോളിയെ നിസ്സഹായനാക്കി (2-0). 66-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജര്‍മെയ്ന്‍ ഉഗ്രന്‍ ലോങ് റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും പൂനെ ഗോള്‍കീപ്പര്‍ മനോഹരമായി തട്ടിയകറ്റി.
71-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ഇഷ്ഫാഖ് അഹമ്മദിനും ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 82-ാം മിനിറ്റില്‍ പൂനെയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. പിടുവിന്റെ കിക്ക് പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ പരീക്ഷിക്കാതെ പുറത്തേക്ക് പാഞ്ഞു.
83-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയും പൂനെയുടെ ഗോളെന്നുറപ്പിച്ചൊരവസം നിഷ്പ്രഭമാക്കി. അവസാന മിനിറ്റുകളില്‍ ലീഡുയര്‍ത്താനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നിരവധി ശ്രമങ്ങളാണ് പൂനെയുടെ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഏഡനു മുന്നില്‍ തകര്‍ന്നടിഞ്ഞത്.

ജിങ്കന്റെ പിഴവില്‍ പൂനെയുടെ  ഗോള്‍
അധിക സമയത്തും  ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന പൂനെ താരങ്ങളെയാണ് ഗ്രൗണ്ടില്‍ കണ്ടത്. അധിക സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ അവരുടെ പരിശ്രമം ഫലം കാണുകയും ചെയ്തു. സഞ്ജു പ്രധാനെ വീഴ്ത്തിയ ജിങ്കാനെതിരേ പൂനെ താരങ്ങള്‍ക്കു ലഭിച്ച ഫ്രീകിക്കില്‍ നിന്നുമായിരുന്നു പൂനെയുടെ ആശ്വാസ ഗോള്‍. ബോക്‌സിന് പുറത്തു നിന്നും ലഭിച്ച ഫ്രീകിക്ക് അനിബാല്‍ റോഡ്രിഗസ് കൃത്യമായി വലയിലെത്തിച്ചു (2-1).   സമനില ഗോള്‍ കണ്ടെത്താനുള്ള പൂനെ താരങ്ങളുടെ ശ്രമങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിലങ്ങു തടിയായതോടെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss