|    May 27 Sun, 2018 10:46 pm
FLASH NEWS

മരട് നഗരസഭ സിഡിഎസ് പ്രവര്‍ത്തനവും അഴിമതിയുടെ നിഴലില്‍

Published : 22nd October 2016 | Posted By: SMR

മരട്: മരട് നഗരസഭയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ നടന്നുവരുന്ന അഴിമതിക്കു പിന്നാലെ സിഡിഎസിന്റെ പേരില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘത്തിന്റെ അഴിമതി കഥകള്‍ ജനങ്ങളുടെ ഇടയില്‍ സംസാരവിഷയമായി മാറുന്നു. സംഭവം വിവാദമായതോടെ സിഡിഎസിന്റെ ഭാരവാഹികള്‍ യോഗം വിളിക്കാതെയായി. ജനങ്ങള്‍ക്കായി വിവിധതരം ക്ഷേമകാര്യ പദ്ധതികളില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ഭേദമില്ലാതെ ചില കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ടെന്നും ജനങ്ങള്‍ വെളിപ്പെടുത്തുന്നു. കുടുംബശ്രീ തലത്തില്‍ നല്‍ക്കേണ്ടുന്ന വിവിധ രീതിയിലുള്ള സബ്‌സിഡിയോടു കൂടിയ വായ്പകള്‍ സംഘത്തിലെ ഭാരവാഹികളുടെ ബന്ധുക്കളുടെ പേരില്‍ സംഘങ്ങളുണ്ടാക്കി പല പേരിലും ആനുകൂല്യങ്ങള്‍ വാങ്ങി സബ്‌സിഡി തട്ടിയെടുക്കുന്ന വന്‍ റാക്കറ്റാണു പ്രവര്‍ത്തിക്കുന്നത്. ഏറ്റവും അടുത്തു നടന്ന സംഭവവും ഏറെ സംസാരവിഷയമായിട്ടുണ്ട്. സിഡിഎസിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്താറുള്ള ഓണചന്ത പതിവുപോലെ ഈ വര്‍ഷവും നടത്തുകയുണ്ടായി. സിഡിഎസ് ഭാരവാഹികള്‍ തന്നെയാണ് മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ എടുത്തിരുന്നത്. ദിവസവും രാവിലെ നെട്ടൂരിലെ അന്താരാഷട്ര മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ എടുക്കുന്നത് പതിവായിരുന്നു. രാവിലെ മാര്‍ക്കറ്റില്‍ നല്ലതിരക്കായിരിക്കും സാധനങ്ങള്‍ അവരവര്‍തന്നെ നേരിട്ടു നോക്കി എടുത്ത് ബില്ലടിച്ചു വാഹനത്തില്‍ കയറ്റുകയാണു പതിവ്. മൊത്തവ്യാപാരികളുടെ കൈയില്‍നിന്നു വാങ്ങിയിട്ടിരിക്കുന്ന ചരക്കുകളും മാര്‍ക്കറ്റിനകത്തു തന്നെയാണ് കൂട്ടിയിട്ടിരിക്കുന്നത്. തിരക്കിനിടയില്‍ ചരക്കുകള്‍ അറിയാതെ വാങ്ങിയ സാധനങ്ങളുടെ കൂട്ടത്തില്‍ വാഹനത്തില്‍ കയറ്റിയാല്‍ ആരും ശ്രദ്ധിക്കില്ല. പോരെങ്കില്‍ ദിവസവും വന്ന് ഇടപാടു നടത്തുന്നവര്‍ പ്രത്യേകിച്ചു നഗരസഭയുടെ വകയും. ഒരു ദിവസം സംശയം തോന്നിയ കടക്കാര്‍ കൈയോടെ ഇക്കൂട്ടരെ പിടിച്ചു. കാര്യം വഷളാവുമെന്നു കരുതി തെറ്റി കയറ്റിയെന്നു പറയുന്ന ചരക്കിന്റെ ബില്ലടിച്ചു ഇവര്‍ മടങ്ങി. ഇതിനു ശേഷം ചരക്ക് എടുക്കുന്നത് തൃപ്പൂണിത്തുറ മാര്‍ക്കറ്റിലേക്കു മാറ്റിയെന്നുമാണറിയാന്‍ കഴിഞ്ഞത്. നാളുകള്‍ കഴിഞ്ഞു സംഭവമെല്ലാം കെട്ടടങ്ങുമെന്നും അതിനു ശേഷം മതി യോഗങ്ങള്‍ എന്നാണ് ലക്ഷ്യം. ചില കൗണ്‍സിലര്‍മാര്‍ പറഞ്ഞാലും ഇക്കൂട്ടര്‍ വില വെക്കാറില്ല. ഇവര്‍ക്ക് പിന്നില്‍ ചില രാഷ്ടീയ നേതാക്കളുടെ പരോക്ഷമായ പിന്തുണയുമാണ് സിഡിഎസിന്റെ ബലം. മരട് പഞ്ചായത്തായിരുന്നപ്പോള്‍ ക്രമക്കേടു കാണിച്ചതിന് രണ്ടു സെക്രട്ടറിമാരെ കൈയോടെ പിടികൂടിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. നഗരസഭയുടെ ഉദ്യോഗസ്ഥതലങ്ങളില്‍ നടക്കുന്ന അഴിമതി കഥകള്‍ പകല്‍ പോലെ വ്യക്തമാണ്. നഗരസഭയിലെ ഹെല്‍ത്ത് വിഭാഗം, എന്‍ജിനീയറിങ് വിഭാഗം, റവന്യൂ വിഭാഗം എന്നീ തലങ്ങളിലാണ് കൂടുതലും വിക്രിയകള്‍ നടക്കുന്നത്. അതില്‍ ഹെല്‍ത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വിജിലന്‍സ് പിടികൂടിയത്. ഇപ്പോള്‍ ഉദ്യോഗസ്ഥരുമായി നേരിട്ടു ഇടപെടേണ്ട ആവശ്യമില്ല. നഗരസഭയില്‍ ഇതിനായി ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഏതാനും ചില കൗണ്‍സിലര്‍മാരും ഇതോടൊപ്പം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം നഗരസഭയിലെ ഉദ്യോഗസ്ഥരില്‍ ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരും സത്യസന്ധത കാട്ടുന്നവരും കൂട്ടത്തിലുണ്ട്. മനംമടുത്ത് സ്ഥലം മാറ്റത്തിനു കാത്തിരിക്കുന്നവരും ഇല്ലാതില്ല. ഏതാനും നാളുകള്‍ക്ക് മുമ്പ് ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന പേരുദോഷം തീര്‍ത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി ആലോചനയോഗവും നടന്നു. അതില്‍ അഴിമതി രഹിത ഭരണം കാഴ്ചവെക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിന് കൗണ്‍സില്‍ ഉള്‍പെടെയുള്ള യോഗം നിര്‍ദേശംവച്ചിരുന്നു. എന്നാല്‍ ഇന്നേവരെ അതും പാലിക്കപ്പെട്ടിട്ടില്ല. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ ഓര്‍ഡര്‍ ക്രമത്തിലല്ല പാസാക്കി പണം കൊടുക്കുന്നത്. അതിനും കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ്. സീനിയോറിട്ടി മറികടന്നുവരെ ബില്ലുകള്‍ പാസാക്കി കൊടുത്ത ചരിത്രവും നഗരസഭയ്ക്ക് സ്വന്തമായുണ്ട്. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടവനോട് തല്‍ക്കാലം പണമില്ലെന്നു പറഞ്ഞു നിര്‍ത്തും. നഗരസഭയിലേക്ക് ഉദ്യോഗം മാറ്റി കിട്ടുന്നതിന് ലക്ഷങ്ങള്‍ വരെ വാഗ്ദാനവുമായി സര്‍ക്കാര്‍ തലത്തില്‍ പ്രേരണയ്ക്കായി നിരവധി പേര്‍ ക്യൂവിലുണ്ടെന്നാണറിയാന്‍ സാധിച്ചത്. നഗരസഭ ഭരണം കുറ്റ മറ്റതാക്കുന്നതിന് കഴിവുള്ള ഭരണാധികാരിയുണ്ടെങ്കിലും ഉദ്യോഗസ്ഥ വൃന്ദങ്ങളും അതിനു തയ്യാറാവണം. അതിനായി ഉദ്യോഗ തലം മുതല്‍ അടിമുടി അടിയന്തര ശസ്ത്രക്രിയ തന്നെ വേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss