|    Mar 23 Thu, 2017 5:49 am
FLASH NEWS

മരടില്‍ 10 കോടി വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി ഭൂമാഫിയ കൈയേറി

Published : 9th July 2016 | Posted By: SMR

മരട്: മരട് നഗരസഭയില്‍ 10 കോടി വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ കൈയേറിയതായി പരാതി.
നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ കലാസാംസ്‌ക്കാരിക സ്ഥിരം സമിതി അംഗവും സിപിഎം മരട് ലോക്കല്‍ കമ്മിറ്റി അംഗവുമായ എം വി ഉല്ലാസ് ഇതിനെതിരേ നഗരസഭയ്ക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കി. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ക്രിയാത്മക നടപടികളൊന്നും ഇല്ലെന്നാണ് ആക്ഷേപം. കൂടാതെ മരടിലെ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വന്‍തുക കൈപ്പറ്റി ഇതിന് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
ഒരു സെന്റിന് 15 ലക്ഷം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയിട്ടുള്ളത്. ഏകദേശം എണ്‍പത് സെന്റോളം ഭൂമി കൈയേറിയതായാണ് പ്രാഥമിക കണക്ക്. ഭൂമി സംബന്ധിച്ച റവന്യൂരേഖകളില്‍ കൃത്രിമം നടത്തിയിട്ടുള്ളതായും വിവരാവകാശ രേഖകളിലൂടെ വെളിപ്പെടുന്നു.
നഗരസഭ 16ാം ഡിവിഷനിലെ കുണ്ടന്നൂര്‍ അഞ്ച് തൈക്കല്‍ ബണ്ട് റോഡ് മുതല്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത വരെ മൂന്നൂറ് മീറ്ററിലേറെ നീളത്തില്‍ എട്ടര മീറ്റര്‍ വീതിയിലാണ് ഭൂമി കൈയേറിയിട്ടുള്ളത്. പതിമൂന്നര മീറ്റര്‍ വീതിയില്‍ അഞ്ച് തൈക്കല്‍ ബണ്ടില്‍ നിന്നും തുടങ്ങുന്ന തോടാണിത്.
റീ സര്‍വെ പ്രകാരം പതിമൂന്നര മീറ്റര്‍ വീതിയിലുള്ള തോട് അഞ്ച് മീറ്ററാക്കി ചുരുക്കി കരിങ്കല്‍ ഭിത്തി കെട്ടിയിരുന്നു. ഇതിനു പുറത്തായി വരുന്ന ഭൂമിയാണ് എട്ടര മീറ്റര്‍ ഭൂമാഫിയ കൈയേറിയ ശേഷം പൂഴിയടിച്ച് നികത്തി സ്വകാര്യ റോഡാക്കി മാറ്റിയത്. കൂടാതെ ദേശീയപാതയുടെ ഭാഗത്ത് ഗേറ്റ് വച്ച് അടക്കുകയും ചെയ്തിട്ടുണ്ട്.
ഈ തോടിനോട് ചേര്‍ന്ന് ഏക്കറുകണക്കിന് നിലം വാങ്ങിക്കൂട്ടിയ ശേഷം, കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ചു. കുറേഭാഗം പൂഴിയടിച്ച് നികത്തുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ ചുറ്റുമതില്‍ നിര്‍മാണത്തിലും കൈയേറ്റം നടന്നതായി പരാതിയുണ്ട്. കുറഞ്ഞ വിലക്ക് നിലം വാങ്ങി, ചുറ്റ് പാടും കൈയേറി, പൂഴിയടിച്ച് നികത്തിയ ശേഷം തോട് കൈയേറി റോഡാക്കി മാറ്റി ദേശീയപാതയുമായി ബന്ധിപ്പിച്ച് കൃത്രിമ രേഖയുണ്ടാക്കി വന്‍ വിലക്ക് മറിച്ച് വില്‍ക്കുകയാണ് ലക്ഷ്യം.
മരട് അയിനി തോടില്‍ വന്ന് ചേരുന്ന അഞ്ചു തൈക്കല്‍ തോടിന്റെ ഭാഗമാണ് കൈയേറിയിട്ടുള്ളത്. മുന്‍കാലങ്ങളില്‍ കെട്ട് വള്ളം സഞ്ചരിച്ചിരുന്ന തോടാണിത്. തോട് കൈയേറ്റത്തെ തുടര്‍ന്ന് മരടിന്റെ വിവിധ ഭാഗങ്ങള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാവാനും സാധ്യതയുണ്ട്.
തോട് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിനെതിരേ നഗരസഭ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കൗണ്‍സിലര്‍ എം വി ഉല്ലാസിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ മറികടന്നുള്ള നിര്‍മാണത്തിനെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്.

(Visited 50 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക