|    Sep 26 Tue, 2017 12:39 pm

മരടിലെ തണ്ണീര്‍ത്തടം നികത്തലിനെതിരേ മുഖം നോക്കാതെ നടപടിയെന്ന് വില്ലേജ് അധികൃതര്‍

Published : 14th November 2016 | Posted By: SMR

മരട്: സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മരട് തെക്കെ അറ്റത്ത് തണ്ണീര്‍ത്തടം നികത്തി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് റവന്യു-വില്ലേജ് അധികൃതര്‍. നിര്‍മാണ പ്രവര്‍ത്തനം തടയാനെത്തിയ മരട് വില്ലേജ് ഓഫിസര്‍ ഷമ്മി ഗംഗാധരനെ ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്താന്‍ ശ്രമിച്ചതും കഴിഞ്ഞദിവസമായിരുന്നു. സംഭവം വിവാദമായിട്ടും ശനിയാഴ്ച്ചയും ഇവിടെ നിര്‍മാണ പ്രവര്‍ത്തനം രാവിലെ മുതല്‍ തുടങ്ങിയിരുന്നു. പത്തുപേരോളം ചേര്‍ന്നായിരുന്നു യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത്. പരാതി ജില്ലാ കലക്ടര്‍ക്കും ചെന്നു. ലീവിലായിരുന്ന വില്ലേജ് ഓഫിസര്‍ സൗത്ത് സിഐയോടു പരാതി ഫോണില്‍ വിളിച്ചു നല്‍കിയതിനെ തുടര്‍ന്ന് മരട് പോലിസ് ഉടനെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാന്‍ ഇന്നു സ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. അനിഷ്ട സംഭവ സാധ്യത ഉള്ളതിനാല്‍ പോലിസിന്റെ സഹായം തേടുമെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഡേറ്റ ബാങ്കില്‍ തണ്ണീര്‍ത്തടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള എട്ടര ഏക്കറോളമാണിത്. ഇതിലൂടെ ഒഴുകിയിരുന്ന പുറമ്പോക്കു തോടും ഇപ്പോള്‍ കാണാനില്ല. ഇതെല്ലാം പുനസ്ഥാപിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ക്കായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഷമ്മി ഗംഗാധരന്‍ പറഞ്ഞു. പോലിസ് തക്ക സമയത്ത് എത്തിയതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. കസ്റ്റഡിയില്‍ എടുത്ത ലോറിയും മണ്ണുമാന്തി യന്ത്രവും പോലിസ് വിട്ടുകൊടുത്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക