|    May 23 Wed, 2018 4:47 pm
FLASH NEWS
Home   >  Districts   >  

മരം മുറിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം: തൊണ്ണൂറുകാരിയെ കട്ടിലില്‍ കിടത്തി ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്തിച്ചു

Published : 30th December 2017 | Posted By: Jesla

പത്തനംതിട്ട: വസ്തുവില്‍ നിന്ന മരം മുറിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ തൊണ്ണൂറുകാരിയെ കട്ടിലില്‍ കിടത്തി ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്തിച്ചു. റാന്നി പുതുശേരിമലയില്‍ നിന്നാണ് മീമ്പനയ്ക്കല്‍ മറിയാമ്മ വര്‍ഗീസ് (90)നെയാണ് കാറില്‍ റാന്നി സ്‌റ്റേഷനു മുമ്പിലെ റോഡില്‍ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തനിയെ നടക്കാന്‍ ത്രാണി ഇല്ലാത്ത ഇവരെ കാറില്‍ നിന്നും എടുത്തിറക്കി കട്ടിലില്‍ കിടത്തിയാണ് റാന്നി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

മറിയാമ്മയുടെ മകളും കുടുംബവും താമസിക്കുന്ന ഭൂമി സംബന്ധിച്ച് മര്‍ത്തോമ്മാ സുവിശേഷ സംഘവുമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് വൃദ്ധയെ സ്‌റ്റേഷനില്‍ എത്തിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തനിക്ക് ലഭിച്ച 16 സെന്റു ഭൂമിയിലാണ് താനും മകളും മരുമകനും അടങ്ങുന്ന കുടുംബം താമസിക്കുന്നതെന്നും വസ്തുവിന്റെ കൈവശാവകാശരേഖ തങ്ങളുടെ പക്കലുണ്ടെന്നും ഭൂമിക്ക് കരം ഒടുക്കുന്നുണ്ടെന്നും മറിയാമ്മ വര്‍ഗീസും കുടുംബവും പറയുന്നു. എന്നാല്‍ ഈ ഭൂമി മര്‍ത്തോമ്മാ സുവിശേഷസംഘത്തിന്റേതാണെന്നും എതിര്‍കക്ഷികള്‍ അനധികൃതമായി കയ്യേറിയതാണെന്നുമാണ് സഭാവൈദികന്‍  അടക്കമുള്ളവര്‍ പോലിസില്‍ അറിയിച്ചത്. വസ്തുവിന്റെ ആധാരം അടക്കമുള്ള രേഖ  വൈദികന്‍ കാണിച്ചതായി റാന്നി സിഐ ന്യൂമാന്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഈ വസ്തുവില്‍ നിന്ന ഒരു മരം മുറിച്ചതുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിപിടി നടന്നതായാണ് പരാതി. വയോധികയുടെ മകള്‍ റാന്നി താലൂക്കാശുപത്രിയില്‍ ചികില്‍സയിലുമാണ്. ഇതിനെ തുടര്‍ന്ന്  രണ്ടു കൂട്ടരും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും  അന്വേഷണം നടന്നു വരികയാണെന്നും സിഐ പറഞ്ഞു.

വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ പോലിസിന് ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട്. അതിനാല്‍  ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളാകും അന്വേഷിക്കുകയെന്നും അവശനിലയിലുള്ള വൃദ്ധയെ കട്ടിലില്‍ ചുമന്ന് സ്‌റ്റേഷനില്‍ എത്തിക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു. കേസന്വേഷണത്തിന് പോലിസുകാരന്‍ അവരുടെ വീട്ടിലെത്തിയപ്പോള്‍ പ്രശ്‌നം അറിയിക്കാന്‍ വലിയതിരുമേനിയെ കാണാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട വയോധികയോട് അതിന് ശ്രമിക്കാമെന്ന മറുപടിയാണ് നല്‍കിയതെന്നും ഇതില്‍ സന്തോഷിച്ച വയോധിക പോലീസുകാരനു നല്ലതു വരുമെന്നു പ്രാര്‍ത്ഥിച്ചാണ് മടക്കി അയച്ചതെന്നും സി.ഐ പറഞ്ഞു. എന്നാല്‍ പരാതിയുണ്ടെങ്കില്‍ നേരില്‍ സ്‌റ്റേഷനിലെത്തി ബോധിപ്പിക്കണമെന്ന് ഒരു സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കിടപ്പിലായിരുന്ന വയോധികയെ കട്ടില്‍ സഹിതം എത്തിച്ചതെന്നുമാണ് ഇവരുടെ മക്കളും ബന്ധുക്കളും ഒപ്പം എത്തിയ നാട്ടുകാരും പറഞ്ഞത്. വയോധിയകെ കട്ടിലിലില്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ മകള്‍ക്കും മരുമകനുമെതിരേ പോലിസ് നടപടികള്‍ ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss