|    May 29 Mon, 2017 1:30 pm
FLASH NEWS

മരംമുറിക്കെതിരേ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി

Published : 30th July 2016 | Posted By: SMR

കല്‍പ്പറ്റ: മരംമുറിക്കെതിരേ അതേ മരത്തില്‍ കയറി പരിസ്ഥിതി സ്‌നേഹിയുടെ ആത്മഹത്യാ ഭീഷണി. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു മരംമുറിക്കുന്നത് തടയുകയും മുറിച്ചുകൊണ്ടിരിക്കുന്ന കൂറ്റന്‍ മരത്തില്‍ കയറുകയും ചെയ്ത പുത്തൂര്‍വയല്‍ സ്വദേശി ബഷീര്‍ ആനന്ദ് ജോണാ(47)ണ് രണ്ടു മണിക്കൂര്‍ ഒറ്റയാള്‍ സമരം നടത്തിയത്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രി വളപ്പിലെ കൂറ്റന്‍ ആഞ്ഞിലി മരം മുറിക്കുന്നതിനെതിരേയായിരുന്നു സമരം. പോലിസും ഫയര്‍ഫോഴ്‌സും ശ്രമിച്ചിട്ടും നിലത്തിറങ്ങാതിരുന്ന ബഷീര്‍ ഒടുവില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ 10ഓടെ ആശുപത്രി വളപ്പിലെത്തിയ ബഷീര്‍ മരംമുറിച്ചുകൊണ്ടിരുന്ന തൊഴിലാളികളെ വകവയ്ക്കാതെ മരത്തില്‍ കയറുകയായിരുന്നു. മരംമുറിക്കില്ലെന്ന് ഉറപ്പുകിട്ടുംവരെ നിലത്തിറങ്ങില്ലെന്നു പ്രഖ്യാപിച്ച ഇയാള്‍ മരത്തിനു മുകളില്‍ ഇരിപ്പുറപ്പിച്ചു.
സംഭവമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയയോടെ കാലാവസ്ഥാ വ്യതിയാനവും വൃക്ഷസംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കിയുള്ള പ്രസംഗവും തുടങ്ങി. ഇതു ബോധവല്‍ക്കരണ സമരമാണെന്നും അടുത്ത തലമുറയ്ക്കു വേണ്ടിയാണ് തന്റെ സമരമെന്നും പ്രഖ്യാപിച്ച ബഷീര്‍ മരത്തില്‍ തന്നെ ഇരുന്നു. ഇതോടെയാണ് സി കെ ശശീന്ദ്രന്‍ എംഎല്‍എ ബഷീറിനെ ഫോണില്‍ വിളിച്ചത്. മരംമുറി നിര്‍ത്തിവയ്ക്കുമെന്നും താന്‍ സ്ഥലത്തെത്തിയ ശേഷം ചര്‍ച്ച നടത്താമെന്നും മരംമുറി സംബന്ധിച്ച് അന്വേഷിക്കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. ബഷീറിനെതിരേ കല്‍പ്പറ്റ പോലിസ് കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി റോഡരികിലും പൊതു-സ്വകാര്യ ഭൂമികളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാളാണ് ബഷീര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day