|    Jul 26 Wed, 2017 10:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മയക്കുമരുന്ന് കേസ്: വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഇന്തോനീസ്യ തള്ളി

Published : 29th July 2016 | Posted By: SMR

ജക്കാര്‍ത്ത: മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരനടക്കമുള്ള 14 പേരുടെ വധശിക്ഷ റദ്ദാക്കണമെന്ന അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം ഇന്തോനീസ്യ തള്ളി. യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയുമാണ് വധശിക്ഷ റദ്ദാക്കണമെന്ന് ഇന്തോനീസ്യയോട് ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ നിന്നും പാകിസ്താന്‍, നൈജീരിയ, സിംബാബ്‌വെ, സെനഗള്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും ഇന്തോനീസ്യന്‍ സ്വദേശികളും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജാവയിലെ സിലാകാപ് ദ്വീപിലാണ് വധശിക്ഷയ്ക്കു മുന്നോടിയായി ഇവരെ തടവില്‍ വച്ചിരിക്കുന്നത്. വധശിക്ഷയുടെ സമയം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ വാരാന്ത്യത്തില്‍ തന്നെ ഇന്തോനീസ്യന്‍ രീതിയനുസരിച്ച് ഇവരെ വെടിവച്ചുകൊല്ലുമെന്നാണ് വിവരം. ശിക്ഷ മാറ്റിവയ്ക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അടക്കമുള്ള സംഘടനകള്‍ ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയോടാവശ്യപ്പെട്ടിരുന്നു.
മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ആറുപേരെ കഴിഞ്ഞ വര്‍ഷം ജനുവരിയിലും എട്ടുപേരെ ഏപ്രിലിലും ഇന്തോനീസ്യ വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
അതേസമയം ഇന്തോനീസ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗുര്‍ദീപ് സിങിന്റെ (48) മോചനത്തിനായി അവസാനഘട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ് സിങ്. 2004ല്‍ ഇന്തോനീസ്യയിലേക്കു മയക്കുമരുന്നു കടത്തിയെന്ന കേസിലാണ് സിങിനെ വധശിക്ഷയ്ക്കു വിധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക