|    Jan 23 Mon, 2017 10:10 am
FLASH NEWS

മയക്കുമരുന്ന് കേസ്: കുവൈത്തില്‍ മൂന്നു മലയാളികളുടെ വധശിക്ഷ ശരിവച്ചു

Published : 2nd July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ പരമോന്നത കോടതി ശരിവച്ചു. വധശിക്ഷ കാത്ത് 24 മലയാളികള്‍കൂടി ജയിലിലുണ്ട്. കാസര്‍കോട് മുല്ലവീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (22), മണ്ണാര്‍ക്കാട് കടിയംവീട്ടില്‍ മുസ്തഫ ഷാഹുല്‍ഹമീദ് (40), കൊണ്ടോട്ടി ചീക്കോട് വാവു മാഞ്ഞോട്ട് ചാലില്‍ ഫൈസല്‍ (33) എന്നിവരുടെ വധശിക്ഷയാണ് നിയമനടപടികള്‍ക്കും അപ്പീലുകള്‍ക്കും ശേഷം കഴിഞ്ഞ 27ന് കുവൈത്ത് ഉന്നതനീതിപീഠം ശരിവച്ചത്.
കുവൈത്ത് രാജാവ് ഇവരുടെ ദയാഹരജി തള്ളിയാല്‍ രണ്ടുമാസത്തിനകം വധശിക്ഷ നടപ്പാക്കും. ഒരിക്കല്‍കൂടി പരമോന്നത നീതിപീഠത്തില്‍ പുനപ്പരിശോധനാ ഹരജി നല്‍കാനും സാധിക്കും. എന്നാല്‍, ദയാഹരജിയും പുനപ്പരിശോധനാ ഹരജിയും തള്ളാനാണ് സാധ്യതയെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് കടത്തും വില്‍പ്പനയും ആരോപിക്കപ്പെട്ട് 2015 ഏപ്രിലിലാണ് മൂവരും ഫാര്‍വാനിയ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.
2015 ഏപ്രില്‍ 19നാണ് ഇവരില്‍നിന്നും 4.50 കിലോ ഹെറോയിന്‍ പിടികൂടിയത്. 2016 മാര്‍ച്ച് ഏഴിനാണ് കേസ് കോടതി പരിഗണിച്ചത്. വിമാനത്താവളത്തില്‍ ഇറങ്ങിയ സിദ്ദീഖില്‍നിന്നും കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഹെറോയിന്‍ കണ്ടെടുത്തത്. തുടരന്വേഷണത്തില്‍ മറ്റു രണ്ടുപേരും കുറ്റക്കാരാണെന്നു കണ്ടെത്തി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് സിദ്ദീഖ് കുവൈത്തിലേക്ക് പുറപ്പെട്ടത്. സൗദി അറേബ്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് കര്‍ശന പരിശോധനയിലൂടെ അധികൃതര്‍ അവസാനിപ്പിച്ചപ്പോഴാണ് മലയാളികളടങ്ങിയ മയക്കുമരുന്ന് ലോബി കുവൈത്തടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലഹരി കടത്താന്‍ തുടങ്ങിയത്. 2013ലാണ് ഇക്കാര്യം നാര്‍കോട്ടിക് സെല്‍ കണ്ടെത്തിയത്.
കുവൈത്തിലേക്ക് കേരളത്തില്‍നിന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച എട്ടംഗസംഘത്തെ കരിപ്പൂരില്‍നിന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു വനിതയും ഉള്‍പ്പെട്ടിരുന്നു. അതോടെയാണ് മയക്കുമരുന്ന് ലോബി കുവൈത്തിനെ ലക്ഷ്യംവയ്ക്കുന്ന വിവരം പുറത്തുവന്നത്. ജോലിയും സൗജന്യവിമാന ടിക്കറ്റും കനത്ത കമ്മീഷനും വാഗ്ദാനം ചെയ്താണ് മയക്കുമരുന്ന് ലോബി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഷൂവിന്റെയും സ്യൂട്ട്‌കേസിന്റെയും രഹസ്യഅറകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തുന്നത്.
കുവൈത്ത് ജയിലില്‍ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട 384 പേരില്‍ 60 ശതമാനവും ഇന്ത്യക്കാരാണ്.ഉത്തരേന്ത്യക്കാരാണ് ഇതില്‍ ഭൂരിഭാഗവും.
അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ് എന്നിവ കുവൈത്തിലെത്തിയാല്‍ വില അമ്പതിരട്ടിയായി വര്‍ധിക്കും. ഏതാനും വര്‍ഷംമുമ്പ് കോഴിക്കോട് സ്വദേശിയുടെ കൈവശം കുവൈത്തിലേക്ക് എത്തിക്കാന്‍ സുഹൃത്തുവഴി നല്‍കിയ ലഗേജ് തൂക്കം അധികമായതിനെ തുടര്‍ന്ന് കൊണ്ടുപോയിരുന്നില്ല. ഇതിനുവേണ്ടി വലിയൊരു സംഘം നിരന്തരം ഫോണിലും വീട്ടിലും എത്തിയതോടെ സംശയം ബലപ്പെടുകയും ലഗേജ് പൊട്ടിച്ച് പരിശോധിച്ചപ്പോള്‍ അതില്‍ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ കേസില്‍ നാലുപേരെ കോഴിക്കോട് നാര്‍കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പ്രധാന പ്രതി ആത്മഹത്യ ചെയ്തതോടെ അന്വേഷണം വഴിമുട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക