|    May 23 Tue, 2017 10:42 am
FLASH NEWS

മയക്കുമരുന്ന് കേസ്; ഇന്തോനീസ്യ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

Published : 30th July 2016 | Posted By: SMR

ജക്കാര്‍ത്ത: മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരനടക്കമുള്ള 14 പേരില്‍ നാലുപേരുടെ വധശിക്ഷ ഇന്തോനീസ്യയില്‍ നടപ്പാക്കി. സ്ഥിരമായി വധശിക്ഷ നടപ്പാക്കുന്ന നുസകംബന്‍ഗന്‍ ദ്വീപിലെ തടവറയില്‍ നാലുപേരെയും അര്‍ധരാത്രിയോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
വധശിക്ഷ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ നൂര്‍ റച്ച്മഡും സ്ഥിരീകരിച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ബാക്കി 10 പേരുടെ വധശിക്ഷ നടപ്പാക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്തോനീസ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ബാക്കിയുള്ളവരുടെ വധശിക്ഷ സംബന്ധിച്ച് പുനപ്പരിശോധന നടത്തുന്നതായാണ് വിവരം. നിയമനടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം, പാകിസ്താനി പൗരന്‍ സുല്‍ഫിക്കര്‍ അലി വധശിക്ഷ നടപ്പാക്കുന്നവരുടെ പട്ടികയിലില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
2014ല്‍ പ്രസിഡന്റ് ജോക്കോ വിദോദോ അധികാരത്തിലേറിയ ശേഷം ഇത് മൂന്നാം തവണയാണ് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നത്. മുന്‍ സര്‍ക്കാരുകളേക്കാള്‍ വളരെ കൂടുതലാണിത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആറുപേരെ കഴിഞ്ഞ വര്‍ഷം ജനുവരിയിലും എട്ടുപേരെ ഏപ്രിലിലും ഇന്തോനീസ്യ വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
വധശിക്ഷ റദ്ദാക്കണമെന്ന അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം ഇന്തോനീസ്യ തള്ളുകയായിരുന്നു.
യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും വധശിക്ഷ റദ്ദാക്കണമെന്ന് ഇന്തോനീസ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, പാകിസ്താന്‍, സിംബാബ്‌വെ, സെനഗള്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ളവരുടെയും ഇന്തോനീസ്യന്‍ സ്വദേശികളുടേയും വധശിക്ഷയാണ് ഇനി നടപ്പാക്കാനുള്ളത്.
ശിക്ഷ മാറ്റിവയ്ക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അടക്കമുള്ള സംഘടനകള്‍ ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയോടാവശ്യപ്പെട്ടിരുന്നു.
ഗുര്‍ദീപ് സിങാണ് (48) വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ പൗരന്‍. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ് സിങ്. 2004ല്‍ ഇന്തോനീസ്യയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് സിങിനെ വധശിക്ഷയ്ക്കു വിധിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day