|    Jan 21 Sat, 2017 2:16 pm
FLASH NEWS

മയക്കുമരുന്നു കടത്ത് തടയാന്‍ സംയുക്ത പ്രവര്‍ത്തനപദ്ധതി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വര്‍ധിച്ചുവരുന്ന കടത്തും ഉപയോഗവും തടയുന്നതിന് പോലിസ്, എക്‌സൈസ്, റെയില്‍വേ സംരക്ഷണസേന, ഗവണ്‍മെന്റ് റെയില്‍വേ പോലിസ് എന്നിവര്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനപരിപാടിക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം രൂപം നല്‍കി.
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗവും കടത്തും വര്‍ധിക്കുകയും മയക്കുമരുന്ന് കടത്ത് വ്യാപകമായ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട ഏജന്‍സികള്‍ സംയുക്തയോഗം ചേര്‍ന്നത്. മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിലും വിതരണം തടയുന്നതിലും ശക്തമായ നടപടികള്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. ഇതാദ്യമായി മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിന് ഗവണ്‍മെന്റ് റെയില്‍വേ പോലിസില്‍ ഡോഗ് സ്‌ക്വാഡ് രൂപീകരിക്കും.
എക്‌സൈസ്, പോലിസ് വകുപ്പുകളില്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരമുള്ള മുന്‍ കേസുകളും കോടതിവിധികളും പരിശോധിച്ച് അന്വേഷണത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനുപുറമേ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡിസിപി (എല്‍ ആന്റ് ഒ), ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, റെയില്‍വേ സംരക്ഷണസേന ഡിവിഷനല്‍ ഓഫിസര്‍, അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് വകുപ്പ് ലോ ഓഫിസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ നിയമതടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തി.
നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍, റെയില്‍വേ സംരക്ഷണസേന പ്രതിനിധികള്‍ എന്നിവര്‍ പ്രതിമാസം യോഗം ചേരും. മയക്കുമരുന്ന് കടത്ത്, വില്‍പന നികുതി വെട്ടിപ്പിന് സഹായിക്കുന്ന കള്ളക്കടത്തുകള്‍ എന്നിവ സംബന്ധിച്ച പരിശോധനയ്ക്ക് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സൗകര്യം നല്‍കുന്നതിന് റെയില്‍വേയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക