|    Dec 14 Thu, 2017 2:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മയക്കുമരുന്നുവേട്ട: ഫിലിപ്പീന്‍സില്‍ കൊല്ലപ്പെട്ടത് 1900ത്തിലധികം പേര്‍

Published : 24th August 2016 | Posted By: SMR

മനില: മയക്കുമരുന്നുവേട്ടയുടെ ഭാഗമായി കഴിഞ്ഞ ഏഴാഴ്ചയ്ക്കിടെ 1900ത്തിലധികംപേര്‍ കൊല്ലപ്പെട്ടതായി ഫിലിപ്പീന്‍സ് പോലിസ് മേധാവി റൊണാള്‍ഡ് ദേല റോസ. 750 പേരെ പോലിസാണ് കൊലപ്പെടുത്തിയതെന്നും മറ്റുള്ളവരുടെ മരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഫിലിപ്പീന്‍സ് സെനറ്റില്‍ മൊഴി നല്‍കിയ പോലിസ് മേധാവി പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ സ്ഥാനമേറ്റ പുതിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗ്രോ ദുതെര്‍തേയുടെ നിര്‍ദേശപ്രകാരമാണ് മയക്കുമരുന്നു സംഘങ്ങളെ ലക്ഷ്യമിട്ട് പോലിസ് നടപടി ആരംഭിച്ചത്. മയക്കുമരുന്നു വില്‍പനക്കാരെ കൊലപ്പെടുത്തണമെന്ന് രാജ്യത്തെ പൗരന്‍മാരോട് ആവശ്യപ്പെടുന്നതായും സ്വയരക്ഷയ്ക്കായി അത്തരം കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കുമെന്നും ദുതെര്‍തേ പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്നു വേട്ടയുടെ മറവില്‍ രാജ്യത്ത് പോലിസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ദുതെര്‍തേ ഭരണകൂടത്തിനെതിരേ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു.
മയക്കുമരുന്നു വേട്ടയുടെ പേരില്‍ വിമര്‍ശനം തുടര്‍ന്നാല്‍ യുഎന്നില്‍നിന്ന് പുറത്തുപോയി ചൈനയുടെയും മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ പുതിയ സംഘടന രൂപീകരിക്കുമെന്നും ദുതെര്‍തേ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സെനറ്റിന്റെ സംയുക്ത അന്വേഷണത്തിന്റെ ഭാഗമായാണ് പോലിസ് മേധാവി ദേല റോസ ഇന്നലെ മൊഴി നല്‍കിയത്. സെനറ്റര്‍ ലെയ്‌ല ലിമയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ പരിധിയിലുള്ള എല്ലാ കൊലപാതകങ്ങളും മയക്കുമരുന്നു വേട്ടയുടെ ഭാഗമല്ലെന്നും പോലിസ് മേധാവി സെനറ്റിനെ അറിയിച്ചു. മയക്കുമരുന്നുകടത്തുകാരെയും വിതരണക്കാരെയും കൊല്ലുക എന്നത് രാജ്യത്തെ പ്രഖ്യാപിത നയങ്ങളില്‍ പെടുന്നതല്ലെന്നും പോലിസുകാര്‍ അറവുകാരായിരുന്നില്ലെന്നും ദേല റോസ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക