|    Jan 22 Sun, 2017 5:22 am
FLASH NEWS

മമ്പുറം തങ്ങളുടെ സ്മരണയില്‍ കളിയാട്ടമുക്ക് നിവാസികള്‍

Published : 6th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 178ാമത് ആണ്ടു നേര്‍ച്ചയ്ക്ക് തുടക്കമായതിന്റെ സന്തോഷത്തിലാണ് മൂന്നിയൂര്‍ പഞ്ചായത്തിലെ കളിയാട്ടമുക്കില്‍ താമസിക്കുന്ന ദലിത് കുടുംബങ്ങള്‍. മമ്പുറം തങ്ങളെ പറ്റി ഇന്നും നിരവധി വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്ന ഇവര്‍ അദ്ദേഹത്തെ സൈതലവി തങ്ങള്‍ എന്നാണ് ആദരവോടെ വിളിക്കാറ്. കളിയാട്ടമുക്കിലെ മുസ്്‌ലിം പള്ളിയോട് ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തിന്റെ നാട്ടുമുഖമായി സ്ഥിതി ചെയ്യുന്ന അമ്പലത്തിലെ പ്രതിഷ്ഠയും ആരാധനാ മൂര്‍ത്തിയുമായ കാവിലമ്മയ്ക്ക് ആദരവുള്ള മുസ്‌ലിം പണ്ഡിതനാണ് മമ്പുറം തങ്ങള്‍. പെരിന്തല്‍മണ്ണക്കടുത്തുള്ള അങ്ങാടിപ്പുറത്ത് സവര്‍ണ കുടുംബാംഗമായിരുന്ന തിരുമന്ദാംകുന്നത്തമ്മയുടെ ഇളയ മകളായാണ് കളിയാട്ടക്കാവിലമ്മ ജനിക്കുന്നത്. ചില കാരണങ്ങളുടെ പേരില്‍ ജേഷ്ഠന്മാരുമായുണ്ടായ കലഹത്തെ തുടര്‍ന്ന് ഇവര്‍ക്ക് വീട് വിടേണ്ടി വരുന്നു. അഭയം പ്രാപിക്കാന്‍ ഇടം ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ ദേവിക്ക് മമ്പുറം തങ്ങള്‍ അഭയം നല്‍കുകയും കളിയാട്ടമുക്കിലെ ദലിത് കുടുംബങ്ങള്‍ക്ക് ഏല്‍പിച്ച് നല്‍കുകയും ചെയ്തു. ജാതി വ്യവസ്ഥ അതിശക്തമായി വേരോടിയിരുന്ന അക്കാലത്ത് താഴ്ന്നവരായി ഗണിക്കപ്പെട്ടിരുന്ന ഇവര്‍ക്ക് ക്ഷേത്രപ്രവേശനം പോലും നിശിദ്ധമായിരുന്നു. എന്നാല്‍, മമ്പുറം തങ്ങള്‍ അവര്‍ക്ക് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കുകയായിരുന്നു. അങ്ങനെയാണ് വര്‍ഷം തോറും സുപ്രസിദ്ധമായ കളിയോട്ടോല്‍സവം നടക്കുന്നത്. വാഴ്ത്താരികളായും നാടന്‍ പാട്ടുകളായും പഴയ തലമുറ മനഃപാഠമാക്കിയ ഇതുസംബന്ധമായ ഒരുപാട് ഐതിഹ്യങ്ങള്‍ ചിങ്ങമാസത്തിലെ കളിയാട്ടത്തിന്റെ സമയത്ത് ഓരോ വീട്ടിലും ആലപിക്കാറുണ്ട്. ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങള്‍ ഇന്നും മാറ്റമേതുമില്ലാതെ നിലനില്‍ക്കുന്നു. കളിയാട്ടമഹോല്‍സവം ആരംഭിക്കുന്നതിന് മുമ്പായി പൊയ്ക്കുതിരകളുമായി മമ്പുറത്തെത്തി സമ്മതം ചോദിക്കുന്നതാണ് മുടക്കമില്ലാതെ തുടരുന്ന ഒരാചാരം. കളിയാട്ടത്തിന്റെ സമാപനം ചിങ്ങമാസത്തിലെ വെള്ളിയാഴ്ച നടത്തുന്നതിന് ഇവര്‍ പറയുന്ന കാരണമിങ്ങനെ: ഉല്‍സവം നടത്താന്‍ സമ്മതം തേടിയെത്തിയ ദലിതരോട് സൈതലവി തങ്ങള്‍ പറഞ്ഞത്രേ, “ഞങ്ങളുടെ വേലയുടെ (ജുമുഅ നമസ്‌കാരം) ദിവസം തന്നെ നിങ്ങളും വേല വച്ചോളൂ”. കളിയാട്ടമുക്കിലെ അമ്പലം മമ്പുറം മഖാമിനേക്കാള്‍ ഉയരുന്നത് ദേവിക്കിഷ്ടമല്ല. കളിയാട്ട ദിവസം ജുമുഅ കഴിയാതെ അമ്പലപ്പറമ്പില്‍ കാലുകുത്തരുത് തുടങ്ങി നിരവധി വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഇവര്‍ മതസൗഹാര്‍ദ്ദത്തിന്റെ അത്യപൂര്‍വ മാതൃകകളാണു നല്‍കുന്നത്.

മമ്പുറം മഖാമില്‍ ഇന്ന് ആയിരങ്ങള്‍ സംഗമിക്കുന്ന സ്വലാത്ത് മജ്‌ലിസ്
തിരൂരങ്ങാടി: 178ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന് മഖാമില്‍ ആയിരങ്ങള്‍ സംഗമിക്കുന്ന സ്വാലത്ത് മജ്‌ലിസ് നടക്കും. രണ്ട് നൂറ്റാണ്ടോളമായി മലബാറിലെ വിശ്വാസി സമൂഹത്തിന്റെ പ്രധാന ആത്മീയ സംഗമമാണ് വ്യാഴാഴ്ച തോറും മഖാമില്‍ നടന്നുവരുന്ന സ്വലാത്ത് സദസ്സ്. സ്വാലാത്തിനെത്തുന്ന വിശ്വാസിബാഹുല്യം കണക്കിലെടുത്ത് മമ്പുറത്തെ പുതിയ പാലം താല്‍കാലികമായി കാല്‍നടയാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും. മഗ്‌രിബ് നമസ്‌കാരനാന്തരം നടക്കുന്ന സ്വലാത്ത് മജ്്‌ലിസിന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഇന്നലെ നടന്ന മതപ്രഭാഷണ പരമ്പര മമ്പുറം ഖത്തീബ് വി പി അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം  ചെയ്തു.  ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക