|    Jul 26 Wed, 2017 8:26 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മന്‍സൂറയില്‍ പണം താഴെയിട്ട് തട്ടിപ്പിന് ശ്രമം

Published : 14th October 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: ദോഹയിലും പരിസരത്തും തട്ടിപ്പുകാരും പിടിച്ചു പറിക്കാരും പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നു. ദേഹത്തില്‍ തുപ്പിയും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാഗ്ദാനം ചെയ്തും പണം തട്ടിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരു തന്ത്രം കൂടി വെളിച്ചത്ത് വന്നിരിക്കുന്നത്. പണം അറിയാത്ത രീതിയില്‍ വഴിയിലിട്ട് ആളുകളെ വലയില്‍ വീഴ്ത്തുന്നതാണ് പുതിയ രീതി. കഴിഞ്ഞ ദിവസം മന്‍സൂറയിലാണ്  കണ്ണൂര്‍ സ്വദേശിയായ സമീറിനെ ഈ രീതിയില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്.
രണ്ടു കറുത്ത വര്‍ഗക്കാരാണ് തട്ടിപ്പിന് പിന്നിലെന്ന് സമീര്‍ പറഞ്ഞു. ആദ്യത്തെയാള്‍ കുറേ മുന്നിലും സമീര്‍ മധ്യത്തിലും രണ്ടാമത്തെയാള്‍ സമീറിന്റെ പിന്നിലുമായി നടന്നുപോവുകയായിരുന്നു. പോവുന്ന വഴിയില്‍ മുന്നില്‍ നടക്കുന്നയാള്‍ ഒരു 100 റിയാല്‍ നോട്ട് കടലാസിനോട് ചേര്‍ത്ത് റബ്ബര്‍ ബാന്‍ഡിട്ട നിലയില്‍ വഴിയിലിട്ടു. കൈയില്‍ നിന്ന് അറിയാതെ വീണ നിലയിലായിരുന്നു ഇത് നിലത്തിട്ടത്. ഇത് കണ്ട സമീര്‍ പണം കൈയിലെടുത്ത് മുന്നില്‍ പോകുന്നയാളെ വിളിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ പിറകിലുണ്ടായിരുന്ന രണ്ടാമത്തെ കറുത്ത വര്‍ഗക്കാരന്‍ ഇടപെടുകയായിരുന്നു. അയാളെ വിളിക്കേണ്ടെന്നും നമുക്ക് ഇത് വീതം വച്ചെടുക്കാമെന്നുമായിരുന്നു രണ്ടാമന്റെ നിര്‍ദേശം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സമീര്‍ പോലിസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിന്റെ വക്കിലെത്തി. സംഗതി പന്തിയല്ലെന്ന് കണ്ട ഒന്നാമന്‍ ഇതോടെ തിരിച്ചു വന്ന് തന്റെ പൈസ നഷ്ടപ്പെട്ടതായി അറിയിക്കുകയും പണം തിരികെ വാങ്ങി ഇരുവരും മുങ്ങുകയുമായിരുന്നു. പണം വീതം വയ്ക്കാമെന്ന് സമ്മതിച്ചാല്‍ ബാക്കി നല്‍കുന്നതിനു വേണ്ടി പഴ്‌സ് എടുക്കുമ്പോള്‍ അത് തട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നാണു കരുതുന്നത്.
ഇതേ സംഘം തന്നെ കുറച്ചു കഴിഞ്ഞ് സമീപത്തുള്ള ഒരു സ്ഥലത്ത് ഒരു ഫിലിപ്പീന്‍ സ്വദേശിയുടെ ദേഹത്ത് തട്ടി വേറൊരു തട്ടിപ്പിന് ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സമീര്‍ പറഞ്ഞു. ഇവര്‍ തട്ടിപ്പുകാരാണെന്ന് പറഞ്ഞു താന്‍ ഇടപെട്ടതോടെ ഇരുവരും മുങ്ങുകയായിരുന്നു.
ആളുകളെ വലയില്‍ വീഴ്ത്താന്‍ ഇത്തരത്തിലുള്ള പല രീതികളും തട്ടിപ്പുകാര്‍ പയറ്റുന്നതായി സമീപ കാലത്ത് വന്ന റിപോര്‍ട്ടുകള്‍ തെളിയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക